റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിന് പിന്നില്‍ നര്‍ത്തകി?; കേസിലെ പുതിയ വ‍ഴിത്തിരിവ് ഇങ്ങനെ

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ പുതിയ നിഗമനവുമായി അന്വേഷണസംഘം. രാജേഷിന്‍റെ കൊലപാതകം ആസൂത്രണം ചെയ്തത് സ്വാലിഹ് ബിന്‍ ജലാലും രാജേഷുമായി അടുപ്പമുണ്ടായിരുന്ന ഖത്തറിലെ നൃത്തഅദ്ധ്യാപികയും ചേര്‍ന്നാണെന്ന് പൊലീസ്.

ആലപ്പു‍ഴക്കാരിയായ നൃത്തഅദ്ധ്യാപികയുടെ മൊ‍ഴികളിലെ ൈവരുദ്ധ്യമാണ് ക്വട്ടേഷന്‍റെ സൂത്രധാരന്‍ നര്‍ത്തകി തന്നെയാണെന്ന നിഗമനത്തിലെത്താന്‍ പോലീസിന് പ്രേരിപ്പിച്ചിരിക്കുന്നത്.

ക്വട്ടേഷന് പിന്നില്‍ നൃത്ത അദ്ധ്യാപികയെ സ്വന്തമാക്കലും ഭര്‍ത്താവിന്‍റെ സ്വത്തും പണവും തട്ടിയെടുക്കലുമായിരുന്നു ലക്ഷ്യമെന്നും അന്വേഷണസംഘം സംശയിക്കുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് ഖത്തറിലുള്ളവരെ ചോദ്യംചെയ്യാനായി അന്വേഷണ സംഘത്തിലെ ഉദ്ദ്യോഗസ്ഥര്‍ ഖത്തറിലേക്ക് തിരിക്കാനൊരുങ്ങുകയാണ്.

റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ടശേഷം തുടങ്ങിയ കേസന്വേഷത്തിന്‍റെ ആരംഭം മുതല്‍ക്കേ കൊലപാതകികളെ കുറിച്ചും ക്വട്ടേഷന്‍ നല്‍കിയവരെ കുറിച്ചും പലതരത്തിലുമുള്ള വെളിപ്പെടുത്തലുകളും സംശയങ്ങളുമായിരുന്നു പോലീസ് പ്രകടമാക്കിയിരുന്നത്.

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിന് വ‍ഴിവെച്ചത് ഖത്തറിലുള്ള ആലപ്പു‍ഴക്കാരിയായ നൃത്തഅദ്ധ്യാപികയും നര്‍ത്തകിയുമായ യുവതിയുമായുള്ള വ‍ഴിവിട്ട ബന്ധമായിരുന്നുവെന്നാണ് പോലീസ് ആദ്യം പറഞ്ഞത്.

ഇതിലൂടെ ക്വട്ടേഷന്‍റെ സൂത്രധാരന്‍ നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവ് ഖത്തറിലെ വ്യവസായികൂടിയായ ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താര്‍ ആണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു.

കേസന്വേഷണത്തില്‍ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും സംഭവത്തില്‍ പ്രതികള്‍ക്ക് താവളം ഒരുക്കി കൊടുത്ത്,ഗൂഢാലോചനയില്‍ പങ്കാളിയാവുകയും ചെയ്ത സനുവിനെ ചോദ്യം ചെയ്തപ്പോ‍ഴും ആണ് പോലീസ്, കേസില്‍ പുതിയൊരു ട്വിസ്റ്റ് ചൂണ്ടിക്കാട്ടുന്നത്.

കൊലപാതകത്തിന് നേതൃത്വം കൊടുത്തത് ഖത്തറില്‍ ജിം-ട്രയിനറായി ജോലിചെയ്യുന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കൂടിയായ ഓച്ചിറ സ്കൈലാബില്‍ സാലിഹ് ബിന്‍ ജലാലാണെന്ന കാര്യത്തില്‍ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക് തര്‍ക്കമില്ല.

കൊല നടത്തിയത് കായംകുളം അപ്പുണിയാണെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്തത് നര്‍ത്തകി തന്നെയാണെന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത്. ഇതിന് ചിലകാരണങ്ങളും പോലീസ് മുന്നോട്ടുവയ്ക്കുന്നു.

രാജേഷുമായുള്ള നര്‍ത്തകിയുടെ അടുപ്പത്തെ നര്‍ത്തകിയുടെ ഭര്‍ത്താവായ അബ്ദുള്‍ സത്താറിന്‍റെ മുന്നിലെത്തിക്കുന്നത് സ്വാലിഹാണ്. വെറും ജീവനക്കാരനായെത്തിയ സ്വാലിഹ് പിന്നേട് സത്താറിന്‍റെ ബിസിനസ്സ് പങ്കാളിയായി.

രാജേഷുമായി ബന്ധമുള്ളതുപൊലെ നര്‍ത്തകിക്ക് സ്വാലിഹുമായി അടുപ്പുമുണ്ടായിരുന്നുവെന്നതും പൊലീസിന്‍റെ നിഗമനങ്ങളായി പുറത്തുവരികയാണ്. ക്വട്ടേഷന് പിന്നില്‍ നൃത്ത അദ്ധ്യാപികയെ സ്വന്തമാക്കലും ഭര്‍ത്താവിന്‍റെ സ്വത്തും പണവും തട്ടിയെടുക്കലുമായിരുന്നു ലക്ഷ്യമെന്നും അന്വേഷണസംഘം സംശയിക്കുന്നു.

സാമ്പത്തികമായും മാനസികമായും തകരുകയും യാത്രവിലക്ക് നിലനില്‍ക്കുകയും ചെയ്യുന്ന സത്താര്‍ കൊലപാതകം ആസൂത്രണം ചെയ്തങ്കില്‍ പണം കൊടുത്തതാര് എന്ന ചോദ്യവും പോലീസിനെ കു‍ഴപ്പിക്കുന്നുണ്ട്. നര്‍ത്തകിയുടെ മൊ‍ഴികളിലെ വൈരുദ്ധ്യം ഇതൊക്കെ ശരിവയ്ക്കുന്നുവെന്നതാണെന്നും അന്വേഷണസംഘം പറയുന്നു.

വ‍ഴിത്തിരുവ് ഇങ്ങനെയായിരിക്കെ ഖത്തറിലെത്തി നൃത്തഅദ്ധ്യാപിക,സത്താര്‍,സ്വാലിഹ് എന്നിവരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് അന്വേഷണസംഘം.

ഇതിനായി ഉന്നത പൊലീസ് ഉദ്ദോഗസ്ഥര്‍ ഉടന്‍ അനുമതി നല്‍കുമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here