പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബംഗാളില്‍ തൃണമൂല്‍ അക്രമപരമ്പര; സിപിഐ എം കേന്ദ്രകമ്മിറ്റി അംഗത്തിന് ഗുരുതര പരിക്ക്

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എതിരാളികൾ നാമനിർദേശപത്രിക സമർപ്പിക്കുന്നത് തടയാൻ തൃണമൂൽ കോൺഗ്രസിന്റെ അക്രമപരമ്പര.

ബിർഭും ജില്ലയിൽ നൽഹട്ടിയിലുണ്ടായ അക്രമത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുൻ എംപിയുമായ രാമചന്ദ്ര ഡോമിനും നിരവധി പ്രവർത്തകർക്കും ഗുരുതര പരിക്ക്.

പത്രിക സമർപ്പിക്കാൻ പാർടി സ്ഥാനാർഥികളെ ആനയിച്ചുള്ള പ്രകടനത്തെ ആയുധധാരികളായ തൃണമൂലുകാർ ആക്രമിക്കുകയായിരുന്നു. മർദനം തടയാൻ പൊലീസ് നടപടിയൊന്നുമെടുത്തില്ല.

ക്രൂരമർദനം നേരിട്ട ഇടതുസ്ഥാനാർഥികൾ സാഹസികമായാണ് പത്രിക സമർപ്പിച്ചത്.

ഉത്തര ദിൻജാപ്പുരിലെ റാണിഗഞ്ചിലും പത്രികാസമർപ്പണം തടയാൻ അക്രമമഴിച്ചുവിട്ടു. ഭീഷണിക്കുമുമ്പിൽ മുട്ടുമടക്കാതെ സംഘടിതരായി പത്രിക സമർപ്പിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര അഭ്യർഥിച്ചു.

തൃണമൂൽ ഭരണത്തിൽ സംസ്ഥാനത്ത് ജനാധിപത്യമൂല്യം തകർന്നെന്ന് തെളിയിക്കുന്നതാണ് അക്രമങ്ങളെന്നും മിശ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനകേന്ദ്രങ്ങളായ ബ്ലോക്ക് സബ്ഡിവിഷണലുകളിലെ ഓഫീസുകൾ പൂർണമായി തൃണമൂൽ നിയന്ത്രണത്തിലാണ്.

തൃണമൂൽ നേതാക്കളായ അനുബ്രത മണ്ഡ, സവേന്ദുഅധികാരി എന്നിവർ പരസ്യമായി എതിരാളികളെ തടയാൻ അനുയായികൾക്ക് നിർദേശം നൽകുകയാണ്.

ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും മിശ്ര അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here