വേര്‍പിരിഞ്ഞെങ്കിലും പ്രണയം നിലനില്‍ക്കുന്നുവെന്ന തിരിച്ചറിവ്; വിവാഹമോചനത്തിന്റെ അമ്പതാം വര്‍ഷം പുനര്‍വിവാഹം

വിവാഹമോചനത്തിന് ശേഷം മുന്‍ പങ്കാളികളെ ശത്രുക്കളെപ്പോലെ കാണുന്നവര്‍ക്ക് അനുകരണീയ മാതൃകകാട്ടുകയാണ് കെന്റക്കിയിലെ ഈ വൃദ്ധ ദമ്പതികള്‍.

1968ല്‍ വിവാഹമോചിതരായ ഹരോള്‍ഡ് ഹോളണ്ടും ലിലയന്‍ ബര്‍നെസും അരനൂറ്റാണ്ടിന് ശേഷം പുനര്‍വിവാഹിതരാകുന്നു. ഏപ്രില്‍ പതിന്നാലിന് നടക്കുന്ന വിവാഹച്ചടങ്ങിന് ആശീര്‍വാദം നല്‍കുന്നത് ഇവരുടെ കൊച്ചുമകന്‍ ജോഷ്വയാണ്.

ചെറുപ്പത്തില്‍ കണ്ടുമുട്ടിയ ഇരുവരുടെ പ്രണയസാഫല്യം 1955ല്‍ ആയിരുന്നു.

സുഖകരമായ ജീവിതം വര്‍ഷങ്ങള്‍ പിന്നിട്ടതോടെ അസ്വാരസ്യങ്ങളിലേക്ക് വഴിമാറി. 12 വര്‍ഷം പിന്നിട്ടപ്പോഴേക്കും അഞ്ച് കുട്ടികളുടെ മാതാപിതാക്കളായെങ്കിലും 1968ല്‍ ഉഭയസമ്മത പ്രകാരം ഇരുവരും വിവാഹമോചിതരായി.

തുടര്‍ന്നുള്ള ഇരുവരുടെയും ജീവിതം പതിവുതിരക്കഥകള്‍ പോലെതന്നെയായിരുന്നുവെങ്കിലും ചെറിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു.

ഇരുവരും വെവ്വേറെ വിവാഹം കഴിച്ചെങ്കിലും പരിചയം തുടര്‍ന്നിരുന്നു. കുട്ടികളുടെ പിറന്നാളിനും വിവാഹത്തിനുമാകട്ടെ നേരില്‍ കാണാറുമുണ്ടായിരുന്നു.

ഇരുവരുടെയും ജീവിതത്തിലെ അടുത്ത ട്വിസ്റ്റ് 2015ലായിരുന്നു. ഹാരോള്‍ഡിന്റെയും ലിലിയന്റെയും പങ്കാളികള്‍ ഒരേ വര്‍ഷം മരിച്ചു. മൂന്ന് വര്‍ഷത്തെ ഏകാന്ത ജീവിതത്തിന് ശേഷം വീണ്ടും വിവാഹിതരാകാന്‍ ഹാരോള്‍ഡും ലിലിയനും തീരുമാനിക്കുകയായിരുന്നു.

എല്ലാ വേനലവധിക്കാലത്ത് കുടുംബാംഗങ്ങള്‍ക്കു വേണ്ടി ഹരോള്‍ഡ് ഹോളണ്ട് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇക്കുറി ലിലിയനായിരുന്നു ചടങ്ങിലെ പ്രധാന അതിഥി.

ഒന്നിച്ചുള്ള അത്താഴത്തിനിടെയാണ് തങ്ങള്‍ക്കിടയില്‍ ഇപ്പോഴും പ്രണയം നിലനില്‍ക്കുന്നതായി ഇരുവര്‍ക്കും മനസ്സിലായത്. ആദ്യത്തെ വിവാഹം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും തനിക്കാണെന്നാണ് ഹാരോള്‍ഡിന്റെ കുറ്റസമ്മതം.

അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും അവള്‍ക്ക് യാതൊരുമാറ്റവുമില്ലെന്ന് എണ്‍പത്തിമൂന്നുകാരനായ ഹാരോള്‍ഡ് കൂട്ടിച്ചേര്‍ത്തു. ലിലിയന്‍ ഇപ്പോള്‍ എഴുപത്തൊമ്പതുകാരിയാണ്.

ഈ മുത്തച്ഛനും മുത്തശ്ശിയും ഇപ്പോള്‍ കൗമാര പ്രണയിതാക്കളെപ്പോലെയാണെന്ന് കൊച്ചുമകന്‍ ജോഷ്വാ പറയുന്നു. ഹണീ, ഷുഗര്‍, ബേബി എന്നിങ്ങനെ ഓമനപ്പേരുകളാണ് അവര്‍ പരസ്പരം വിളിക്കുന്നതെന്നും ജോഷ്വ സാക്ഷ്യപ്പെടുത്തുന്നു.

ഈ മാസം 14ന് ട്രിനിറ്റി ബാപ്പിറ്റ്സ്റ്റ് പള്ളിയിലാണ് ഈ വൃദ്ധ പ്രണയിതാക്കളുടെ പുനര്‍വിവാഹം. വിവാഹച്ചടങ്ങുകള്‍ വളരെ ലളിതമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News