ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് വീണ്ടും ഒത്തുകളി; തെളിവുകള്‍ പുറത്ത്; 2011 ലോകകപ്പ് നേടിയ ടീമിലെ താരം കുരുക്കില്‍

ലോകക്രിക്കറ്റിനെ നാണം കെടുത്തിയ സ്റ്റീവ് സ്മിത്തിന്‍റെയും ഡേവിഡ് വാര്‍ണറുടെയും ബാന്‍ക്രോഫ്റ്റിന്‍റെയും ചതിപന്ത് കളിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലും നാണക്കേടിന്‍റെ അധ്യായം. 2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്ന ഒരു താരത്തിനെതിരേ ഒത്തുകളി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ജൂലൈയില്‍ ജയ്പൂരില്‍ നടന്ന രാജ്പുത്താന പ്രീമിയര്‍ ലീഗ് ട്വന്‍റി-20 ടൂര്‍ണമെന്‍റിലെ ഒത്തുകളിയെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു ദേശീയ താരവും ഒത്തുകളിയില്‍ ഉൾപ്പെട്ട വിവരം പുറത്തായത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി-20യിലും ഇന്ത്യയെ പ്രതിനിധീകരിച്ച താരത്തിനെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു.

ടൂര്‍ണമെന്‍റിലെ നിര്‍ണായക മത്സരത്തിലെ അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന ടീം ഒരു ബോളില്‍ തന്നെ 12 റണ്‍സെടുത്ത് വിജയിച്ചതോടെയാണ് ഒത്തുകളി ആരോപണമുയര്‍ന്നത്.

ആദ്യ പന്തില്‍ അവിശ്വസനീയമായ വൈഡടക്കം അഞ്ച് റണ്‍സും രണ്ടാം പന്തില്‍ നോ ബോളിലൂടെ രണ്ട് റണ്‍സുമാണ് ബൗളര്‍ ഗൗരവ് മെഹ്റ വിട്ടുനല്‍കിയത്. ഫ്രീ ഹിറ്റ് കിട്ടിയ മൂന്നാം പന്ത് അതിര്‍ത്തി കടത്തി സിക്കര്‍ ബുള്‍സ് 6 വിക്കറ്റിന് ജയ്പൂര്‍ ടൈഗേ‍ഴ്സിനെ പരാജയപ്പെടുത്തുകയും ചെയ്തു.

ഒത്തുകളി നടന്നുവെന്ന ബി സി സി ഐയുടെ ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ സൂചനയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജയ്പൂരിലെ വിവിധ ഹോട്ടലുകളില്‍ നിന്നായി ആറ് താരങ്ങളടക്കം 14 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ടൂര്‍ണമെന്‍റിന്‍റെ സംഘാടകര്‍ക്ക് പുറമെ അമ്പയര്‍മാരും ഒത്തുകളിയുടെ സൂത്രധാരന്‍മാരെന്ന് കരുതുന്ന വസീര്‍ അലിയൂം ബഹാരേ ഖാനും അറസ്റ്റിലായിരുന്നു. ഇവരിൽ നിന്ന് 18 മൊബൈല്‍ ഫോണുകളും രണ്ട് വാക്കി-ടോക്കിയും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. 38.47 ലക്ഷംരൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു.

ക്ലബ് താരങ്ങള്‍ കളിച്ച ടൂര്‍ണമെന്‍റിലെ ഒത്തുകളിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ കുപ്പായം അണിഞ്ഞ മുന്‍ താരത്തിന് വ്യക്തമായ പങ്കുണ്ടെന്നതിന്‍റെ സൂചനകള്‍ പൊലീസിന് ലഭിച്ചു.

കളത്തിന് പുറത്തുണ്ടായിരുന്ന താരം നേരിട്ട് തന്നെ ഇടപാടുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കളിക്കാര്‍ക്ക് ഫീല്‍ഡ് അമ്പയര്‍മാരുടെ വാക്കി ടോക്കിയിലൂടെ വാതുവെയ്പ്പ് വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News