റോഡ്ഷോയ്ക്കിടെ രാഹുലിന്റെ കഴുത്ത് ലക്ഷ്യമിട്ട് അയാള്‍ പൂമാല എറിഞ്ഞു; ഏറ് പിഴച്ചില്ല; വീഡിയോ വൈറല്‍

കര്‍ണാടകയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇക്കുറി കളമൊരുങ്ങിയിരിക്കുന്നത്. സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ അധികാരതുടര്‍ച്ച ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.

ഒരിക്കല്‍ അധികാരത്തിലേറിയിട്ടുള്ള ബിജെപിയെ പ്രചരണ രംഗത്തിലെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ കുതിപ്പ്. ദേശിയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതും ദേശീയ നേതാക്കള്‍ തന്നെയാണ്.

ബിജെപിക്ക് വേണ്ടി അമിത് ഷായടക്കമുള്ള നേതാക്കളെത്തുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി വിയര്‍പ്പൊഴുക്കുന്നത് സിദ്ദരാമയ്യയ്‌ക്കൊപ്പം ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ്. കര്‍ണാടകയില്‍ ജയം കുറിച്ച് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കാമെന്ന പ്രതീക്ഷയിലാണ് രാഹുല്‍.

വന്‍തോതിലുള്ള ജനപ്രീതിയാണ് കര്‍ണാടകയിലെമ്പാടും രാഹുലിന് ലഭിക്കുന്നത്. പൊതുയോഗങ്ങളിലും റാലികളിലുംറോഡ് ഷോകളിലുമെല്ലാം രാഹുലിന്റെ സാന്നിധ്യം പ്രവര്‍ത്തകരിലും അണികളിലും തരംഗം തീര്‍ക്കുകയാണ്.

അതിനിടയിലാണ് രാഹുലിന്റെ റോഡ്‌ഷോയ്ക്കിടെയുണ്ടായ കൗതുകകരമായ വീഡിയോ വൈറലായിരിക്കുന്നത്. തുംകൂര്‍ മേഖലയില്‍ തുറന്ന വാഹനത്തില്‍ പൊതുജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നേറുകയായിരുന്ന രാഹുലിന്റെ നേര്‍ക്ക് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ ഒരു പൂമാല എടുത്തെറിഞ്ഞു.

നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ചുറ്റിലുണ്ടായിട്ടും രാഹുലിന്റെ കഴുത്തില്‍ തന്നെ ആ പൂമാല കൃത്യമായി പതിച്ചു. ചെറു പുഞ്ചിരിയോടെ പൂമാലയെടുത്ത് മാറ്റിയ രാഹുല്‍ ആ ഭാഗത്തേക്ക് കൈവീശി സന്തോഷം പ്രകടിപ്പിച്ചു. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News