കേന്ദ്ര ആഭ്യന്തര പ്രതിരോധ നിയമ കായിക മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകള്‍ നിശ്ചലം; വെബ്സൈറ്റില്‍ തെളിയുന്നത് ചൈനീസ് അക്ഷരങ്ങള്‍; ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും സാങ്കേതിക തകരാറുകള്‍ മാത്രമെന്നും കേന്ദ്രത്തിന്‍റെ വിശദീകരണം

രാജ്യത്തെ തന്ത്രപധാന വെബ്സൈറ്റുകള്‍ നിശ്ചലം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ  വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്.  പേജ് തുറക്കുമ്പോള്‍ ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങളാണ് തെളിഞ്ഞത്.

ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് നിശ്ചലമായി. പിന്നാലെ നിയമമന്ത്രാലയത്തിന്‍റെയും കായിക മന്ത്രാലയത്തിന്‍റെയും വെബ്സൈറ്റുകളും ചലനം നഷ്ടപ്പെട്ടു.

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്ന സംശയമാണ് ബലപ്പെടുന്നത്. എന്നാല്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും സാങ്കേതിക തകരാറുകള്‍ മാത്രമാണുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 2.30 മുതല്‍ സൈറ്റുകളില്‍ സാങ്കേതിക പ്രശ്നമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. വെബ്‌സൈറ്റ് ഉടന്‍ പുന:സ്ഥാപിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here