സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ബസുദേവ് ആചാര്യയ്ക്ക് നേരെ തൃണമൂല്‍ ആക്രമണം; തലയ്ക്കടിയേറ്റ് വീണിട്ടും മര്‍ദനം തുടര്‍ന്നു

കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് തടയാന്‍ ആക്രമണം വ്യാപകമാക്കിയ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ബസുദേവ് ആചാര്യയെ ആക്രമിച്ചു.

പുരുളിയ കാശിപ്പുരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ബസുദേവ് ആചാര്യയുടെ നേതൃത്വത്തില്‍ ബ്ലോക്ക് ഓഫീസിലേക്ക് പ്രകടനം നടത്തവെയായിരുന്നു ആക്രമണം. പ്രകടനം തടഞ്ഞ സായുധസംഘം പൊടുന്നനെ ആക്രമണം തുടങ്ങി. തലയ്ക്കടിയേറ്റ് ആചാര്യ വീണിട്ടും അക്രമികള്‍ മര്‍ദനം തുടര്‍ന്നു.

അദ്ദേഹത്തെ രക്ഷിക്കാന്‍ വലയംതീര്‍ത്ത നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദിച്ചു. ഉന്നതോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തുണ്ടായിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നു. രക്തംവാര്‍ന്ന് ബോധം നഷ്ടപ്പെട്ട ആചാര്യയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എംപിയുമായ രാമചന്ദ്ര ഡോമിനെ ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചതിനുപിന്നാലെയാണ് ആചാര്യയെയും ആക്രമിച്ചത്.

വിവിധ ജില്ലകളില്‍ അരങ്ങേറുന്ന ആക്രമണത്തില്‍ സിപിഐഎമ്മിന്റെ സംസ്ഥാന ജില്ലാ നേതാക്കളും സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ മുന്നൂറിലധികംപേര്‍ക്ക് പരുക്കേറ്റു.

ബസുദേവ് ആചാര്യക്കും രാമചന്ദ്ര ഡോമിനുമെതിരായ ആക്രമണത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര അപലപിച്ചു. തൃണമൂല്‍ഭരണത്തില്‍ ജനാധിപത്യത്തിന് സ്ഥാനമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് സംസ്ഥാന വ്യാപകമായി നടമാടുന്ന ആക്രമണമെന്ന് മിശ്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here