വിടി ബല്‍റാമിനെതിരെ കോണ്‍ഗസ് എംഎല്‍എമാര്‍; ബല്‍റാം അവസരവാദിയെന്ന് റോജി എം ജോണ്‍; അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടി ഹീറോയിസം കാണിക്കുന്നവന്‍ എന്ന് ശബരിനാഥന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സില്‍ വിരുദ്ധാഭിപ്രായം പറഞ്ഞ വിടി ബല്‍റാമിനെതിരെ കോണ്‍ഗസ് എംഎല്‍എമാരായ റോജി എം ജോണും കെ എസ് ശബരിനാഥനും രംഗത്ത്.

ബല്‍റാമിനെ റോജി എം ജോണ്‍ അവസരവാദിയെന്നു വിശേഷിപ്പിച്ചപ്പോള്‍ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടി ഹീറോയിസം കാണിക്കുന്നവര്‍ എന്നാണ് ശബരിനാഥന്‍ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പേരെടുത്തുപറയാതെ ഇരുവരും പ്രതികരിച്ചത്.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയങ്ങളില്‍ യുഡിഎഫ് എടുത്ത തീരുമാനം ഒറ്റക്കെട്ടായിട്ടാണെന്നു റോജി പറഞ്ഞു. ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഏതെങ്കിലും പാര്‍ട്ടി വേദികളിലൊ പാര്‍ലമെന്ററി പാര്‍ട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോയെന്നും റോജി എം ജോണ്‍ ചോദിക്കുന്നു.

ബില്ല് ചര്‍ച്ചക്കെടുത്ത ദിവസം രാവിലെയും യുഡിഎഫ് എംഎല്‍എമാര്‍ പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്നിരുന്നു.

ഈ വിഷയം അപ്പോഴും ഉന്നയിക്കുവാന്‍ ഇപ്പോള്‍ ആദര്‍ശം പറയുന്ന ആരും തയ്യാറായില്ല. അവസരം നോക്കി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന മാന്യനാണ് ബെല്‍റാമെന്നു റോജി എം ജോണ്‍ പരിഹസിച്ചു.

ബല്‍റാമിനെപ്പോലെ ലൈക്കുകള്‍ക്കും കയ്യടിക്കും വേണ്ടി ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ല എന്ന് പറഞ്ഞാണ് റോജി കുറിപ്പ് അവസാനിപ്പിക്കുന്നത്.

നിയമസഭയില്‍ പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ ഇരുപക്ഷവും ഒരുമിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്നു കെഎസ് ശബരീനാഥന്‍ ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ മുന്നോട്ട് വെച്ച വിദ്യാര്‍ത്ഥികളുടെ ഭാവി എന്ന പൊതുമാനദണ്ഡമാണ് പ്രതിപക്ഷവും ഇക്കാര്യത്തില്‍ സ്വീകരിച്ചത്.

ഈ വിഷയത്തില്‍ കോടതിയുടെ പ്രഹരം ഏല്‍ക്കേണ്ടി വരും എന്നൊരു സംശയം നിലനില്‍ക്കെതന്നെ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചു. നമ്മള്‍ ഭയന്നതുപോലെ ഇന്നലെ കോടതി ഉത്തരവ് സര്‍ക്കാര്‍ നിലപാടിനെതിരായി എന്നും ശബരീനാഥന്‍ പറഞ്ഞു.

ഈ ബില്ല് യുഡിഎഫ് പലവട്ടം ചെയ്‌തെങ്കിലും അന്ന് ഇതിനെ എതിര്‍ക്കാതെ രാവിലെ നിയമസഭയില്‍ വന്നു സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നും ശബരീനാഥന്‍ പറഞ്ഞു.

ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല, ഹീറോയിസമെന്നു പറഞ്ഞാണ് ശബരി കുറിപ്പ് അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News