ജോധ്പുര്‍: കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വന്‍തിരിച്ചടി.

സല്‍മാന്റെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ്, ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റിയതാണ് സല്‍മാന് തിരിച്ചടിയായത്.

ജാമ്യാപേക്ഷ പരിഗണിക്കാനിരുന്ന സെഷന്‍സ് ജഡ്ജ് രവീന്ദ്ര കുമാര്‍ ജോഷിയെ രാജസ്ഥാന്‍ ഹൈക്കോടതിയാണ് സ്ഥലം മാറ്റിയത്. ഇന്നാണ് അപേക്ഷ പരിഗണിക്കാനിരുന്നത്. നാളെ കോടതി അവധിയുമാണ്. ഇതോടെ സല്‍മാന്റെ ജയില്‍വാസം നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

51 പേജുള്ള ജാമ്യാപേക്ഷയാണ് സല്‍മാന്‍ ഖാന്‍ ജോധ്പുര്‍ സെഷന്‍സ് കോടതി ഫയല്‍ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി കേസ് വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.

കേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.

കൃഷ്ണ മൃഗത്തെ ആരാധിക്കുന്ന ബിഷ്‌ണോയ് സമുദായക്കാര്‍ മറ്റു കേസുകളുമായി ബന്ധപ്പെട്ട് ജോധ്പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതുകൊണ്ട് താന്‍ സുരക്ഷിതനല്ലെന്ന് സല്‍മാന്‍ ഖാന്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടി. കോടതി ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാവാന്‍ തയ്യാറാണെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും സല്‍മാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സല്‍മാന്‍ ഖാന്റെ തീരുമാനം. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഖാന്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതുമായ നിരവധി ബോളിവുഡ് ചിത്രങ്ങള്‍ പ്രതിസന്ധിയിലാവും.

റേസ്3യും ഭാരതും അടക്കമുളള ചിത്രങ്ങളും ചില ടെലിവിഷന്‍ ഷോകളും മുടങ്ങുന്നതോടെ 1000 കോടിയോളം രൂപയുടെ പ്രതിസന്ധി വിനോദവ്യവസായത്തിലുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സിനിമാ താരങ്ങളായ സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം ഖോത്താലി എന്നിവരെ വെറുതെവിട്ടിരുന്നു.