ഗൃഹനാഥന്റെ ആത്മഹത്യ: ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍.

ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആത്മഹത്യാ പ്രേരണക്കുറ്റം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ആര്‍എസ്എസ് ആക്രമണത്തില്‍ മനംനൊന്ത് ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ കെ എം വാസുദേവന്‍ ആത്മഹത്യ ചെയ്തത്.

പട്ടാപ്പകല്‍ ഒരു സംഘം ആര്‍എസ്എസുകാര്‍ വാസുദേവനെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയും വീട് തല്ലിത്തകര്‍ക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് മോഹനന്‍ ആത്മഹത്യ ചെയ്തത്.

അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ വാസുദേവനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചത്.

വാസുദേവന്റെ വീടിന്റെ ജനാലകളും വാതിലും ഗെയ്റ്റുമടക്കം സംഘം തല്ലിത്തകര്‍ത്തു. പിന്നീട് മനംനൊന്ത് മത്സ്യത്തൊഴിലാളിയായ വാസുദേവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ സാമൂഹ്യവിരുദ്ധരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മൂലം സൈ്വര്യമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന് മരിച്ച വാസുദേവന്റെ അനുജത്തി പറഞ്ഞു. പട്ടാപ്പകല്‍ നടന്ന ആര്‍എസ്എസ് അഴിഞ്ഞാട്ടത്തില്‍ ഭയചകിതരാണ് നാട്ടുകാരും.

ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതെന്ന് ആലങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി എന്‍കെ ബാബു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here