ആലപ്പുഴ കടപ്പുറത്ത് എത്തുന്ന സ്‌കൂള്‍കോളേജ് വിദ്യാര്‍ഥി സുഹൃത്തുക്കളെ കുറ്റപ്പെടുത്തി സാമൂഹ്യപ്രവര്‍ത്തക മോള്‍ജി റഷീദ് എഴുതിയ കുറിപ്പിന് മറ്റൊരു മറുപടി. Asha Susan എന്ന യുവതി ഫേസ്ബുക്കില്‍ കുറിച്ചത്.

 

ഗതിയില്ലാതലയുന്ന കൗമാര പ്രണയങ്ങൾ

ആലപ്പുഴ ബീച്ചിലെ മുപ്പതു കുടക്കീഴിലെ (എണ്ണം കിറുകൃത്യമാണ്) “കാമക്കൂത്ത്‌” കണ്ടു വിജ്രംഭിച്ച ഒരു കൗൺസിലർ എഴുതിയ പോസ്റ്റിൽ ഉന്നയിച്ച ചില (അ)പ്രധാന കാര്യങ്ങളുടെ പുനർവായന.

1) പ്രായപൂർത്തിയാവാത്ത (പതിനെട്ടു തികയാത്ത) പ്ലസ്റ്റു വിദ്യാർത്ഥികളായിരുന്നു ആ കുടക്കീഴിൽ ഉണ്ടായിരുന്നത്. അതായത് പതിനെട്ട് തികയാത്ത വെറും പതിനേഴു വയസ്സുള്ളവർ. അവർ അങ്ങനെ പ്രണയിക്കുന്നതു തെറ്റല്ലേ?

മറുപടി : പതിനെട്ടു വയസ്സ് തുടങ്ങുന്ന അർദ്ധരാത്രി കൃത്യം പന്ത്രണ്ടിന് പൊട്ടിമുളക്കുന്ന ഒന്നല്ല മേഡം പ്രണയവും ലൈഗീകതയും. പതിമൂന്നാം വയസ്സിൽ ആരംഭിക്കുന്ന കൗമാരകാലത്തിനു ആ പേര് കൊടുത്തത് തന്നെ അപ്പോൾ മറ്റൊരാളോട് തോന്നുന്ന ഇഷ്ട്ടം കാമത്തിൽ നിന്ന് ജനിക്കുന്നതിനാലാണ്.

അത്തരം ഇഷ്ട്ടങ്ങൾ യൗവ്വനമെന്ന അടുത്ത ഘട്ടത്തിലേക്ക് എത്തുമ്പോൾ തനിയെ ഇല്ലാതാവും. നിങ്ങൾ എത്രയൊക്കെ അടച്ചു പൂട്ടി വളർത്തിയാലും അതാത് പ്രായത്തിൽ സംഭവിക്കേണ്ടതു അവരിൽ സംഭവിക്കും. അങ്ങനെയൊക്കെ തോന്നിയില്ലെങ്കിലാണ് അവർക്കെന്തോ കുഴപ്പമുണ്ടെന്നു പേടിക്കേണ്ടത്.

അതുകൊണ്ട് അത്തരം ജൈവീക ചോദനകളെ മുളയിലേ നുള്ളാമെന്ന അതിബുദ്ധികാണിക്കാതെ അതു കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കയും കുട്ടികൾക്ക് എന്തും തുറന്നു പറയാന്‍ സാധിക്കുന്ന നല്ല സുഹൃത്തുക്കളായി മാതാപിതാക്കൾ മാറുകയാണ് വേണ്ടത്.

2) പെൺകുട്ടികൾ ചൂഷണത്തിന് ഇരയാവുന്നുവെന്ന കാര്യം സ്ത്രീശാക്തീകരണത്തിനായി തൊണ്ട പൊട്ടുമാറ് അലറുന്ന കൌൺസിലറിനു മനസ്സിലായി.

മറുപടി : അല്ലയോ മേഡം, ആദ്യം നിങ്ങൾ സെക്സ്, ചൂഷണം, പീഡനം എന്നിവയുടെ വ്യത്യാസം മനസ്സിലാക്കണം. രണ്ടു വ്യക്തികൾ പരസ്പര സമ്മതത്തോടെ (പ്രണയം വേണമെന്നു പോലും നിര്‍ബന്ധമില്ല) രമിക്കുന്നതിനെയാണ് സെക്സ് എന്നു പറയുന്നത്.

ഒരു സ്ത്രീയുടെ ദുരവസ്ഥയെ, അല്ലെങ്കില്‍ ആവശ്യങ്ങളെ മുതലെടുത്ത്‌ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതാണ് ചൂഷണം. സ്ത്രീക്കു പരിപൂര്‍ണ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ് പീഡനം.

ഒരു പെൺകുട്ടി പൂർണ്ണ താല്പര്യത്തോടെ വിവാഹപൂര്‍വ ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ അതവളെ ഉപയോഗിക്കുകയാണെന്ന തോന്നൽ ഉണ്ടാവുന്നത് സ്ത്രീയുടെ ശരീരവും അവളുടെ ലൈംഗികതയും പുരുഷനു വേണ്ടി സൃഷ്ടിക്കപ്പെതാണെന്നും അവനു വേണ്ടി പൊതിഞ്ഞു സംരക്ഷിക്കപ്പെടെണ്ടതാണെന്നുമുള്ള കാലഹരണപ്പെട്ട അളിഞ്ഞ സദാചാരബോധത്തിൽ നിന്നാണ്.

ഈ അലിഖിത നിയമം പെൺകുട്ടികളിലും കുത്തിവെക്കുന്നതു കൊണ്ടാണ് ശരീരം പങ്കിട്ടതിന്‍റെ പേരിൽ ഇല്ലാതായ പ്രണയത്തിന്‍റെ സ്മാരകങ്ങളായി ജീവിക്കാൻ ആ വിവാഹത്തെ തന്നെ തിരഞ്ഞെടുക്കുന്നതും, അതു സാധിക്കാതെ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നതും.

പ്രണയകാലത്ത് രണ്ടുപേരും ഒരുപോലെ ആസ്വദിച്ച സെക്സ് പ്രണയം ഇല്ലാതാവുമ്പോൾ ചൂഷണമായി ആരോപിക്കുന്ന വൃത്തികേട് ജനിക്കുന്നതും ഇത്തരം സദാചാരചിന്തയിൽ നിന്നു തന്നെയാണ്.

സ്ത്രീക്കു പരിപൂര്‍ണ സമ്മതമില്ലാതെ, ഭീഷണിയുടെ പുറത്തോ മറ്റുരീതികളില്‍ ബലം പ്രയോഗിച്ചോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ചൂഷണം. അല്ലാതെ സ്ത്രീശരീരം ഉൾപ്പെടുന്നതെല്ലാം ചൂഷണമായി എണ്ണുന്നത് തികച്ചും സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്നു മിനിമം സ്ത്രീശാക്തീകരണക്കാരെങ്കിലും അറിഞ്ഞിരിക്കണം.

3) മരത്തിന്‍റെ മറവിലും, കുടക്കീഴിലും കാമം തീർക്കുന്നത് എന്തൊരു വൃത്തികേടാണ്.

മറുപടി : വിവാഹത്തെ ലൈഗീകതയുടെ ലൈസൻസായി കാണുന്ന നമ്മുടെ നാട്ടിൽ പതിമൂന്നു വയസ്സിൽ ആരംഭിക്കുന്ന ലൈംഗീകത്വര ശമിപ്പിക്കാൻ ഒന്നര പതിറ്റാണ്ടോളം വീണ്ടും കാത്തിരിക്കണം.

വിവാഹിതരല്ലാത്തവർക്ക് വീടോ റൂമോ വാടകയ്ക്ക് കൊടുക്കാൻ പോലും സദാചാരക്കാർക്ക് ബുദ്ധിമുട്ടാണ്. അപ്പോൾ പിന്നെ ലൈഗീകദാരിദ്ര്യം അതിന്‍റെ പരകോടിയിൽ നിൽക്കുന്ന നമ്മുടെ നാട്ടിൽ ഓപ്പൺ സ്‌പേസിൽ സ്നേഹം പങ്കിടാൻ ധൈര്യം കാണിക്കുകയല്ലാതെ വേറെ നിവർത്തിയില്ല.

എന്നിട്ടും അവർക്കിടയിലേക്ക് കടന്നുചെന്നപ്പോള്‍ ഞങ്ങളുടെ സ്വകാര്യതയിൽ മൂന്നാമതൊരാൾ തലയിടാൻ വരേണ്ടതില്ലെന്നു പറഞ്ഞ ആ കുട്ടികൾക്കുള്ള വിവരമെങ്കിലും മറ്റുള്ളവർക്കുണ്ടാവണം.

4) അവിടെയുള്ള ഓരോ ആൺകുട്ടിയോടും അവന്‍റെ പെങ്ങളെ ഈ രീതിയിൽ കണ്ടാൽ നീ സമ്മതിക്കുമോയെന്നു ചോദിച്ചു.

ഉത്തര : സദാചാരത്തിന്‍റെ കാവൽമാലാഖകൾ എപ്പോഴും ചോദിക്കുന്ന (അ)പ്രധാനചോദ്യം. അല്ലയോ സ്ത്രീശാക്തീകരണത്തിനായി വാദിക്കുന്ന മേഡം, അപ്പനോ ആങ്ങളയോ അനുവദിച്ചു കൊടുക്കുന്ന സ്വാതന്ത്ര്യം കൊണ്ട് വേണോ ഒരു പെണ്ണിന് ജീവിക്കാൻ? ഒരു സ്ത്രീയുടെ രക്ഷാധികാരി അവളുടെ അച്ഛനോ ഭർത്താവോ അല്ല, അവൾ തന്നെയാണ്, അവള്‍ മാത്രമാണ്.

എന്നിട്ടും അവർ വെച്ചു നീട്ടുന്ന സ്വാതന്ത്ര്യത്തിന്‍റെ പിച്ചക്കു വേണ്ടി കാത്തു നിൽക്കേണ്ടി വരുന്നത് “പോറ്റി” വളര്‍ത്തപ്പെടാന്‍ നിൽക്കുന്നത് കൊണ്ടു മാത്രമാണ്.

നിന്‍റെ അമ്മയെയും പെങ്ങളെയും ആ വസ്ത്രമിടാൻ അല്ലെങ്കിൽ ഫേസ്ബുക്കിൽ ഫോട്ടോയിടാൻ നീ സമ്മതിക്കുമോ എന്നു ചോദിക്കുന്നത് കേട്ടാൽ അമ്മയുടെയും പെങ്ങളുടെയും സ്വാതന്ത്ര്യം പെട്ടിയിൽ വെച്ചു പൂട്ടി അതിന്‍റെ താക്കോൽ ആൺമക്കളെ ഏൽപ്പിച്ചതു പോലെയാണ്.

അവളുടെ ശരീരത്തിന്‍റെ അവകാശി അവൾ മാത്രമാണെന്ന ശാക്തീകരണത്തിന്‍റെ ആദ്യപാഠമെങ്കിലും അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും.

5) മാതാപിതാക്കളോടു സ്നേഹമുള്ള മക്കൾ ഈ പരിപാടിക്ക് നിൽക്കില്ല.

മറുപടി : മക്കൾ കല്യാണം കഴിഞ്ഞ് അവർക്കു മക്കളായാലും അവർ സ്വന്തം കാര്യം നോക്കി വീട് മാറി താമസിക്കുന്നതിനനുവദിക്കാതെ കുടുംബം തന്‍റെ തലയിലാണെന്ന അധികാരഭാവത്തോടെ നടക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം കാർന്നോന്മാരും.

ഇന്നത്തെ കുട്ടികളെപ്പോലെയല്ല അന്നത്തെ കുട്ടികളെന്നു പറയുന്ന മാതാപിതാക്കളോട് ഒരു ചായ കുടിക്കാൻ വന്നവന്‍റെ മുന്നിൽ തലകുനിച്ചു കൊടുക്കുന്ന കാലത്തിൽ നിന്നും ഇഷ്ട്ടപ്പെട്ട പങ്കാളിയെ മീറ്റി, ഡേറ്റി, മേറ്റി നൂറ് ശതമാനം ബോധിച്ചാൽ മാത്രം ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാലത്തിലേക്ക് കുട്ടികൾ മാറി.

നായകൻ ചുംബിക്കാൻ വരുമ്പോൾ വഴുതിമാറുകയും, തൊട്ടു തൊട്ടില്ല എന്ന ഓടിപ്പിടത്തവും, കണ്ണടച്ചു പാല് കുടിക്കുന്ന പൂച്ചയുടെ ഭാവമുള്ള നായികാനായകന്മാരെ മാത്രം കണ്ടുവളർന്ന നിങ്ങളുടെടെ തലമുറയിൽ നിന്നും നായിക നായകനോട് വൺസ് മോറെന്നും, sex is not a promise എന്നും പറയുന്ന തലത്തിലേക്ക് പുതിയ തലമുറ വളർന്നു കഴിഞ്ഞു.

ഓരോ പ്രായത്തിലുമുണ്ടാവുന്ന ജൈവീക ചോദനകളെ അടിച്ചമർത്താതെ അതാതിന്‍റെ കാലഘട്ടങ്ങൾ ആ കളത്തിൽ തന്നെ നിയമത്തിന്‍റെ അതിർവരമ്പുകൾ പേടിക്കാതെ ആസ്വദിക്കാൻ അവർക്കു കഴിയണം.

അതിനു മാതാപിതാക്കൾ ചെയ്യേണ്ടത് നോ പറയേണ്ടിടത്തു നോ പറയാനും ആ നോയുടെ അർത്ഥം നോ എന്നു തന്നെയാണെന്ന് ആൺകുട്ടികളെ ബോധ്യപ്പെടുത്തി കൊടുക്കുക എന്നതാണ്.

6) കുട്ടികളുടെ കുത്തഴിഞ്ഞ ജീവിതത്തിലൂടെ നശിക്കുന്നത് നമ്മുടെ സംസ്കാരവും, പൈതൃകവുമാണ്.

ഉത്തരം : കൊട്ടിഘോഷിക്കപ്പെടുന്ന ആർഷഭാരത സംസ്കാരത്തിന്‍റെ യഥാർത്ഥ മുഖം അത്ര സുന്ദരമായിരുന്നില്ലെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. സംസ്കാരങ്ങൾ രൂപീകരിക്കുന്നത് മനുഷ്യനാണ്.

മനുഷ്യ നിർമ്മിതമായവയെല്ലാം കാലം പുരോഗമിക്കുന്തോറും അവന്‍റെ സൗകര്യത്തിനനുസരിച്ചു കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിലേക്ക് മാറ്റപ്പെടാറുണ്ട്.

എന്നാൽ നമ്മുടെ സദാചാരവും സംസ്കാരവും നിർണ്ണയിക്കുന്നത് പെണ്ണിന്‍റെ ശരീരത്തിലും വസ്ത്രധാരണത്തിലും അവളുടെ ലൈംഗീകതയിലുമാണ്.

നമ്മുടെ പാരമ്പര്യമെന്നത് ഒന്നാം ക്ലാസ്സ് മുതൽ കുട്ടികളെ ആണും പെണ്ണുമെന്നു രണ്ടായി പിരിച്ചിരുത്തി, ആണെന്നത് വേട്ടക്കാരനും പെണ്ണ് അവന്‍റെ കൈയ്യിൽ കുടുങ്ങാതെ സൂക്ഷിച്ചു നടക്കേണ്ട വേട്ടമൃഗമായും ചിത്രീകരിച്ചു പെണ്ണിന്‍റെ ആത്മവിശ്വാസത്തെ തച്ചുടക്കുന്ന വിദ്യാലയങ്ങളും മതവിശ്വാസങ്ങളുമാണ്.

കാളവണ്ടി സംസ്കാരത്തിന്‍റെ ഇത്തരം അവശിഷ്ടങ്ങള്‍ ഇന്നും പേറുന്നവർ പുതിയ തലമുറയിലേക്ക് അത് പകരരുത്.

ഒരു വലിയ സമൂഹത്തോട് സംസാരിക്കാൻ കഴിയുന്ന അദ്ധ്യാപകരും മാധ്യമങ്ങളും സർവ്വ സാംസ്കാരിക മേഖലകളിലുള്ളവരും വിതയ്ക്കേണ്ടത് ഇത്തരം സദാചാരത്തിന്‍റെ വിത്തല്ല, മറിച്ച് ഇന്ത്യൻ ഭരണഘടനയിലെ പൗരന്‍റെ മൗലീകാവകാശങ്ങളുടെ, സ്വാതന്ത്ര്യത്തിന്‍റെ, കടമകളുടെ, അന്യന്‍റെ അവകാശങ്ങളെയും സ്വകാര്യതയെയും ഉൾക്കൊള്ളുന്ന പക്വതയുള്ള പുരോഗമനത്തിന്‍റെ വിത്തുകളാണ്.

അതിലാവണം നമ്മൾ ഊറ്റം കൊള്ളുന്ന പാരമ്പര്യത്തിന്‍റെ വേരുകൾ പടരേണ്ടത്.

NB : കൗമാരത്തിൽ ആസ്വദിക്കേണ്ടത് അന്ന് ആസ്വദിക്കാതെ പിന്നീടുള്ള കാലത്തിൽ എത്ര പുനർസൃഷ്ട്ടിക്കാൻ ശ്രമിച്ചാലും ആലിപ്പഴം കൂട്ടിവെയ്ക്കുന്നതിനു തുല്യമായിരിക്കുമത്.