കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് ജാമ്യം. ജോധ്പുര്‍ സെഷന്‍സ് കോടതിയാണു ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം 7.30 ഓടെ സല്‍മാന്‍ഖാന്‍ പുറത്തിറങ്ങും. ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ ആരാധകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്

കര്‍ശനമായ ഉപാധികളോടെയാണ് സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ചിരിക്കുന്നത്. 50,000 രൂപയുടെ ബോണ്ടും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും നല്‍കണം. കൂടാതെ രാജ്യം വിട്ടു പുറത്തുപോകരുതെന്നും, മെയ് ഏഴാം തീയ്യതി ഹാജരാകണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സല്‍മാന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ദൃക്‌സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണു പൊലീസ് ഹാജരാക്കിയതെന്നും അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടികാട്ടി.

സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നടനു മാനുഷികപരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്നും വാദമുയര്‍ന്നു. ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സല്‍മാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.

സല്‍മാന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ കൃഷ്ണ മൃഗത്തെ ആരാധിക്കുന്ന ബിഷ്‌ണോയ് സമുദായക്കാര്‍ ഹര്‍ജി നല്‍കി. വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സിനിമാ താരങ്ങളായ സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം ഖോത്താലി എന്നിവരെ വെറുതെവിട്ട കോടതി വിധിക്കെതിരെ ബിഷ്‌ണോയ് സമുദായക്കാര്‍ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

അതിനിടെ, സല്‍മാന്‍ ഖാനു ശിക്ഷ വിധിച്ച ജഡ്ജി ദേവ്കുമാര്‍ ഖാത്രി, ജാമ്യം അനുവദിച്ച ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയുമടക്കം 87 ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടിക രാജസ്ഥാന്‍ ഹൈക്കോടതി പുറത്തിറക്കി.

രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15 ന് ശേഷമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റം. ഇത്തവണ സ്ഥലം മാറ്റം നേരത്തേയാണ്.