ഐപിഎല്ലിന് പ്രൗഢഗംഭീര തുടക്കം; ഇനി പോരാട്ടം കളത്തില്‍; ചെന്നൈയും മുംബൈയും ഏറ്റുമുട്ടും

ഐപിഎല്‍ 2018 സീസണ് ആവേശകരമായ തുടക്കം. പ്രൗഢ ഗംഭീരമായ ചടങ്ങുകളായിരുന്നു മുംബൈയിലെ വാങ്ക്ഡെ സ്റ്റേഡിയത്തില്‍ നടന്നത്. ഐപിഎല്ലിന്‍റെ ചരിത്രത്തിലെ പതിനൊന്നാം സീസണിനാണ് തുടക്കമായത്.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് വിലക്കുകഴിഞ്ഞെത്തിയ ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികള്‍.  രാത്രി എട്ടിന് മത്സരം തുടങ്ങും.

ഐപിഎൽ വാതുവയ്പിൽ ചെന്നൈയുടെയും രാജസ്ഥാൻ റോയൽസിന്റെയും ഉടമകൾ കുരുങ്ങിയതിന് 2016ലെയും 2017ലെയും സീസണിൽനിന്ന് ഇരു സംഘവും വിലക്കപ്പെട്ടിരുന്നു. ചെന്നെക്കൊപ്പം രാജസ്ഥാനും ഈ സീസണിൽ ടൂർണമെന്റിലേക്ക് തിരിച്ചെത്തി.

ഈ ടീമുകൾക്കു പകരം കഴിഞ്ഞ രണ്ടു സീസണിൽ കളിച്ച പുണെ സൂപ്പർജയന്റും ഗുജറാത്ത് ലയൺസും ഇക്കുറിയില്ല.

ക്യാപ്റ്റൻ രോഹിത് ശർമയും വെസ്റ്റിൻഡീസിന്റെ കീറൺ പൊള്ളാർഡ്, എൽവിൻ ലൂയിസ് എന്നിവരും ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, സിദ്ദേഷ് ലാദ് എന്നിവരുമാണ് ബാറ്റിങ്ങിൽ മുംബൈയുടെ പ്രമുഖർ. ഓൾറൗണ്ടർമരായി ഹാർദിക്‐ക്രുനാൽ പാണ്ഡ്യമാരും ജസ്പ്രിത് ബുമ്ര നയിക്കുന്ന ബൗളിങ്നിരയും മുംബൈയ്ക്ക് കരുത്താകും.

അതേസമയം, മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റൻസിയാണ് ചെന്നൈയുടെ തുറുപ്പുചീട്ട്. സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നീ മുൻ ചെന്നൈക്കാരും ഇക്കുറിയും ടീമിലുണ്ട്. ഡ്വെയ്ൻ ബ്രാവോ, ഫാഫ് ഡു പ്ലെസിസ്, സാം ബില്ലിങ്സ്, ഷെയ്ൻ വാട്സൺ എന്നിവരാണ് മറ്റു വലിയ താരങ്ങൾ. മുൻ മുംബൈ ഇന്ത്യൻസ് ഓഫ് സ്പിന്നർ ഹർഭജൻസിങ് ഇക്കുറി ചെന്നൈ നിരയിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here