‘എല്ലാവർക്കും ആരോഗ്യം’; സമഗ്ര ആരോഗ്യ പരിരക്ഷ ലക്ഷ്യവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാന ജീവൻമേഖലയാണ് ആരോഗ്യം. രോഗചികിത്സ കുറഞ്ഞ ചെലവിലും ഗുണമേന്മയിലും സാർവത്രികമായി ലഭ്യമാക്കുക എന്നതാണ് അടിയന്തര ആവശ്യം. രോഗപ്രതിരോധവും പ്രധാനമാണ്.

ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്ഥിതി എന്നതാണല്ലോ ആരോഗ്യത്തിന്റെ ശ്രേഷ്ഠമായ നിർവചനം. നല്ല ആരോഗ്യശീലങ്ങളിലേക്ക് സമൂഹത്തെ പരിവർത്തിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

‘എല്ലാവർക്കും ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം. സാർവത്രിക ആരോഗ്യപരിരക്ഷ ഓരോരുത്തർക്കും എല്ലായിടത്തും എന്നതാണ് ലോകാരോഗ്യദിനം മുന്നോട്ടുവയ്ക്കുന്ന വിഷയം.

സമഗ്ര ആരോഗ്യപരിരക്ഷ അവശ്യ സമയങ്ങളിൽ എല്ലാവർക്കും എല്ലായിടത്തും കുറഞ്ഞ ചെലവിൽ ലഭ്യമാക്കി എല്ലാവർക്കും ആരോഗ്യം എന്ന സ്വപ്നം സാക്ഷാൽക്കരിക്കുകയാണ് മുഖ്യലക്ഷ്യം.

ഇക്കാര്യത്തിൽ കേരളം വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. 2015ൽ 70‐ാമത് ലോകാരോഗ്യദിനത്തിൽ ലോകനേതാക്കൾ അംഗീകരിച്ച സുസ്ഥിര വികസനലക്ഷ്യങ്ങൾ ഫലപ്രാപ്തിയിൽ എത്തിക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചുകഴിഞ്ഞു.

2020ഓടെ ശിശുമരണനിരക്ക് എട്ടായും മാതൃമരണനിരക്ക് മുപ്പതായും കുറച്ചുകൊണ്ടുവരിക, കാലാ അസാർ‐ ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ തുടച്ചുനീക്കുക, മലമ്പനിമരണം ഇല്ലാതാക്കുക, കുഷ്ഠരോഗത്തിന്റെ പ്രിവലൻസ് റേറ്റ് 10,000ന് 0.1 നേക്കാൾ താഴെ കൊണ്ടുവരിക, വയറിളക്കം‐ ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ ജലജന്യരോഗങ്ങളുടെ തോത് 50 ശതമാനമായി കുറയ്ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ഇത് സാക്ഷാൽക്കരിക്കാൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു. രോഗപ്രതിരോധ കുത്തിവയ്പുകൾ കാര്യക്ഷമമായി നടപ്പാക്കാനുള്ള പദ്ധതികൾ ഊർജിതമാക്കി. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസർകോട് ജില്ലകളിൽ പ്രതിരോധ കുത്തിവയ്പിന്റെ തോത് വർധിപ്പിക്കാനുള്ള പ്രവർത്തനപദ്ധതി തയ്യാറാക്കി.

കുത്തിവയ്പ് കൂടുതൽ കുട്ടികളിൽ എത്തിച്ചുകഴിഞ്ഞു. ഒമ്പതുമാസംമുതൽ 19 വയസ്സുവെരയുള്ള പെൺകുട്ടികൾക്ക് മീസിൽസ് റൂബെല്ല വാക്സിനേഷൻ നൽകാൻ കഴിഞ്ഞു.

കേരളത്തിന്റെ ആരോഗ്യമേഖലയിലെ പുത്തൻ കുതിച്ചുചാട്ടമാണ് ഈ സർക്കാർ കൊണ്ടുവന്ന കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണങ്ങളും) ബിൽ അഥവാ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ 2017.

സർക്കാർ‐ സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കുകയും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ അവയെ ഉടച്ചുവാർത്ത് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

സർക്കാർ ആശുപത്രികളിൽ കൂടുതൽ രോഗികളെ ആകർഷിച്ച് സൗജന്യമായി ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ആർദ്രം. ഇതുവഴി ജനങ്ങളുടെ ചികിത്സയ്ക്കുവേണ്ടിയുള്ള പണച്ചെലവ് കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.

പ്രാഥമികാരോഗ്യകേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പദ്ധതിയുടെ ഭാഗമായി രോഗീസൗഹൃദ ആശുപത്രി എന്ന ആശയം കൊണ്ടുവരികയും ഗുണമേന്മയുള്ളതും സൗഹാർദപരവുമായ സേവനം ആശുപത്രിയിൽ ലഭ്യമാക്കുകയും ചെയ്യുന്നു.

ഒപി വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിന് ആധുനികവൽക്കരിച്ച രജിസ്ട്രേഷൻ സംവിധാനം, പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി ഒരു നിശ്ചിത പ്രദേശത്തെ ജനങ്ങൾക്ക് സമഗ്രമായ ചികിത്സാസംവിധാനങ്ങൾ ഒരുക്കുന്ന പരിപാടി തുടങ്ങിയവ പുരോഗമിച്ചുവരുന്നു.

170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രക്രിയ നടന്നുവരുന്നു. ഇതിൽ ഭൂരിഭാഗം പിഎച്ച്സികളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിക്കഴിഞ്ഞു.

ജില്ല, താലൂക്ക്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സാസൗകര്യങ്ങൾ പുനഃക്രമീകരിക്കാൻ ആർദ്രം പദ്ധതി ലക്ഷ്യമിടുന്നു.

ആശുപത്രിസേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാനായി എല്ലാ പ്രധാനപ്പെട്ട രോഗങ്ങൾക്കും ട്രീറ്റ്മെന്റ് പ്രോട്ടോകോൾ തയ്യാറാക്കുകയും റഫറൽ മാനദണ്ഡം നിശ്ചയിക്കുകയും ചെയ്യും. ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് സൗകര്യത്തോടെയുള്ള കാർഡിയോളജി വിഭാഗം, യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ എന്നിവ ഘട്ടംഘട്ടമായി ആരംഭിക്കും.

താലൂക്കുതല ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കും. താലൂക്കാശുപത്രികളിൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക് തുടങ്ങിയ ജനറൽ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ കൂടാതെ ഓർത്തോ, ഇഎൻടി, നേത്ര, ഡെന്റൽ വിഭാഗം സ്പെഷ്യാലിറ്റികളും ശക്തിപ്പെടുത്തും.

താലൂക്കുതല ആശുപത്രികളെ മെറ്റേണിറ്റി, നവജാതശിശു പരിരക്ഷാ കേന്ദ്രങ്ങളാക്കി മാറ്റും. ജീവിതശൈലീരോഗങ്ങൾ കാലേക്കൂട്ടി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാനത്തെ ജില്ല/ താലൂക്ക് ആശുപത്രികളിൽ ദിവസേന പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, സബ്സെന്ററുകൾ എന്നിവിടങ്ങളിൽ ആഴ്ചയിൽ ഒരു നിശ്ചിത ദിവസം ജീവിതശൈലീരോഗ ചികിത്സാക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.

ആദിവാസികളുടെ ആരോഗ്യകാര്യത്തിൽ സർക്കാർ പ്രത്യേക പരിഗണന നൽകുന്നു. അട്ടപ്പാടി മുഴുവൻ സ്ക്രീനിങ് ക്യാമ്പ് നടത്തി 299 ഗുരുതരമായ തൂക്കക്കുറവുള്ള കുട്ടികളെ കണ്ടെത്തി വേണ്ടചികിത്സ നൽകാനുള്ള നടപടിയെടുത്തു.

ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് യുനിസെഫ്, നാഷണൽ ന്യൂട്രീഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തിൽ പോഷകാഹാര പുനരധിവാസകേന്ദ്രങ്ങൾ ആരംഭിച്ചു.

സംസ്ഥാനത്ത് ആധുനിക വൈദ്യശാസ്ത്രം ഉപയോഗിച്ച് ആരോഗ്യസേവനം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ കംപ്യൂട്ടർവൽക്കരിച്ച് ഇ‐ഗവേൺസ് നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയായ ഇ‐ഹെൽത്ത് നടപ്പാക്കിവരുന്നു.

മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻമാസ്റ്റർപ്ലാൻ തയ്യാറാക്കാനും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാനും മുൻതൂക്കം നൽകി. കേരളത്തിൽ ആദ്യമായി സർക്കാർമേഖലയിൽ ഡിഎം എൻടോക്രൈനോളജി, റീപ്രൊഡക്ടീവ് മെഡിസിൻ കോഴ്സുകൾ ആരംഭിച്ചു.

എറണാകുളം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്മെന്റ് ആരംഭിച്ചു. സ്റ്റാഫ് പാറ്റേൺ പുതുക്കുന്നതിന്റെയും രോഗീനേഴ്സ് അനുപാതം നിലനിർത്തുന്നതിന്റെയും ഭാഗമായി 721 സ്റ്റാഫ് നേഴ്സ് തസ്തിക സൃഷ്ടിച്ചു. ഇതോടെ ആരോഗ്യ, ആരോഗ്യമെഡിക്കൽ വിദ്യാഭ്യാസവകുപ്പുകളിലായി 4300ലധികം തസ്തികകൾ സൃഷ്ടിച്ചു. മെഡിക്കൽ കോളേജുകളുടെ സൗകര്യം വർധിപ്പിച്ചതുവഴി കഴിഞ്ഞവർഷം 72ഉം ഈ വർഷം 75ഉം പുതിയ പിജി സീറ്റുകൾക്ക് അംഗീകാരം ലഭിച്ചു.

ആരോഗ്യവിദ്യാഭ്യാസവകുപ്പിൽ 1564 അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിച്ചു. ആദ്യമായി ആരോഗ്യ സർവകലാശാലയിൽ 175 തസ്തികകൾ അനുവദിച്ചു. അഞ്ച് മെഡിക്കൽ കോളേജുകളിൽ ആർസിസി മോഡൽ ചികിത്സ നൽകുന്നതിനായി സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഓങ്കോ പാത്തോളജി തുടങ്ങാൻ തീരുമാനിച്ചു.

അതിലേക്കായി 105 തസ്തിക സൃഷ്ടിച്ചു. മെഡിക്കൽ കോളേജുകളിൽ ആർദ്രം പദ്ധതി നടപ്പാക്കുന്നതിനായി ആദ്യഗഡുവായി 12.92 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം എസ്എടിയിൽ ആർദ്രം പദ്ധതി ആരംഭിച്ചു.

ആയുർവേദത്തിന്റെ വികസനത്തിനും ഗവേഷണത്തിനും ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കണ്ണൂരിൽ സ്ഥാപിക്കുന്നതിന് അനുമതി നൽകി ബജറ്റിൽ തുക വകയിരുത്തി.

ആയുഷ് ചികിത്സ സമ്പ്രദായത്തിൽ അധിഷ്ഠിതമായ വെൽനെസ് ടൂറിസം മേഖലയിൽ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കാൻ ഇന്റർനാഷണൽ ആയുഷ് കോൺക്ലേവ് മെയ് മാസത്തിൽ കൊച്ചിയിൽ നടത്തും.

എല്ലാ പഞ്ചായത്തിലും ആയുർവേദചികിത്സ സ്ഥാപനങ്ങളുള്ള സമ്പൂർണ ആയുർവേദ ചികിത്സ സംസ്ഥാനമായി കേരളം മാറി.

പത്ത് ഹോമിയോ ഡിസ്പെൻസറികൾക്ക് ഭരണാനുമതി നൽകി. ആയുഷ് വകുപ്പിൽ 106 പുതിയ തസ്തിക അനുവദിച്ചു. ഇങ്ങനെ കേരളത്തിന്റെ ആരോഗ്യമേഖലയിലാകമാനം പുരോഗമനപരമായ നിരവധി പ്രവർത്തനങ്ങളാണ് ഈ സർക്കാർ ഏറ്റെടുത്ത് നടത്തുന്നത്.

ഈ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പരിപൂർണ പിന്തുണ അത്യാവശ്യമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel