ലക്ഷം കോടിക്ക് യുദ്ധവിമാനം; വിവാദ തീരുമാനവുമായി മോദി സര്‍ക്കാര്‍

ലക്ഷം കോടി രൂപയ്ക്ക് യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള മോഡിസർക്കാരിന്റെ തീരുമാനം വിവാദത്തിൽ. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനെന്ന പേരിലാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.

എന്നാൽ 59,000 കോടി രൂപയുടെ റാഫേൽ യുദ്ധവിമാനക്കരാറിൽ ‘മേക്ക് ഇൻ ഇന്ത്യ’ ആശയം അട്ടിമറിച്ച മോഡിസർക്കാർ പുതിയ ഇടപാടിലും ബഹുരാഷ്ട്ര, സ്വകാര്യകോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഏറ്റവും ഉയർന്ന തുകയ്ക്കുള്ള യുദ്ധവിമാന സംഭരണത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ലോക്ഹീഡ് മാർട്ടിൻ (അമേരിക്ക), ദാസൂദ് (ഫ്രാൻസ്), സാബ് (സ്വീഡൻ) എന്നീ ബഹുരാഷ്ട്ര ഭീമന്മാർ രംഗത്തുവന്നു. 1500 കോടി ഡോളർ (ഏകദേശം 97,500 കോടി രൂപ) വിനിയോഗിച്ച് 110 യുദ്ധവിമാനം വാങ്ങാനാണ് പദ്ധതി.

ഇടപാടിനുള്ള ശുപാർശ സമർപ്പിക്കാൻ ആഗോളകമ്പനികളോട് പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. ഒറ്റ, ഇരട്ട എൻജിൻ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് കമ്പനികൾക്ക് നൽകിയ നിർദേശം.

പ്രതിരോധമന്ത്രാലയം ഇറക്കിയ പ്രാഥമിക താൽപ്പര്യപത്രത്തിൽ 85 ശതമാനം വിമാനങ്ങളും ഇന്ത്യയിൽതന്നെ നിർമിക്കണമെന്ന് അവകാശപ്പെടുന്നു. എന്നാൽ, ദാസൂദുമായുള്ള റാഫേൽ കരാറിൽ ഇപ്രകാരമുള്ള പ്രാഥമിക ധാരണപത്രം മോഡിസർക്കാർ അട്ടിമറിച്ചിരുന്നു.

ആദ്യം തീരുമാനിച്ചതിന്റെ മൂന്നിരട്ടി വില വിമാനങ്ങൾക്ക് നൽകുകയും ചെയ്തു. റാഫേൽ വിമാനസംഭരണത്തിന് 2012ൽ എത്തിച്ചേർന്ന പ്രാഥമിക ധാരണപ്രകാരം 18 വിമാനങ്ങൾ ഫ്രാൻസിൽ നിർമിച്ചുനൽകാനും ശേഷിക്കുന്ന 108 എണ്ണം സാങ്കേതികവിദ്യ കൈമാറ്റത്തോടെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ നിർമിക്കാനുമായിരുന്നു തീരുമാനം.

ഇതനുസരിച്ച് വിമാനമൊന്നിന് വില 8.095 കോടി ഡോളറായിരുന്നു (526.1 കോടി രൂപ). എന്നാൽ, മോഡിസർക്കാർ ഒരു വിമാനത്തിനു നൽകുന്നത് 24.17 കോടി ഡോളറാണ് (1570.8 കോടി രൂപ). 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തികഭാരം കണക്കിലെടുത്താണ് കരാർ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് സർക്കാർ പറയുന്നു.

എന്നാൽ, 126 വിമാനത്തിന്റെ വിലയേക്കാൾ കൂടുതലാണ് 36 എണ്ണത്തിന് ഇപ്പോൾ നൽകുന്നത്. മോഡിസർക്കാർ ഉണ്ടാക്കിയ കരാറിൽ എച്ച്എഎൽ പുറത്താകുകയും അനിൽ അംബാനിയുടെ കമ്പനി ദാസൂദിന്റെ പങ്കാളിയായി കടന്നുവരികയും ചെയ്തു.

റാഫേൽ ഇടപാടിൽ വിമാനത്തിന്റെ വില മൂന്നിരട്ടി വർധിച്ചതിനെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കാൻപോലും മോഡിസർക്കാരിനു കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ പുതിയ കരാറുകളിലേക്ക് നീങ്ങുന്നത് എങ്ങനെയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ്അംഗം നീലോൽപ്പൽബസു ആരാഞ്ഞു.

റാഫേൽ ഇടപാടിൽ മോഡിസർക്കാർ സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലക്ഷം കോടി രൂപയുടെ ഇടപാടിലെ അഴിമതിക്കെതിരെ ജാഗ്രത വേണമെന്ന് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. റാഫേൽ വിമാനഇടപാടിൽ രാജ്യത്തിനു നഷ്ടമായത് 40,000 കോടി രൂപയാണ്.

ഇപ്പോൾ പ്രഖ്യാപിച്ച സംഭരണവും പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്കുവേണ്ടി റീ‐ടെൻഡർ ചെയ്യാൻ സാധ്യതയുണ്ടെന്ന് രാഹുൽ ഗാന്ധി ട്വീറ്റിൽ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News