ബംഗാളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യാപക ആക്രമണം; പ്രതിഷേധമിരമ്പി ദില്ലിയില്‍ ഉജ്വല മാര്‍ച്ച്

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ജനാധിപത്യധ്വംസനവും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ബംഗാ ഭവനിലേക്ക് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധമിരമ്പി.

ബംഗാളിൽ തൃണമൂലിന്റെ ആക്രമണങ്ങൾക്കുമുന്നിൽ തോറ്റ് മടങ്ങില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ‘പ്രതിപക്ഷമുക്ത പഞ്ചായത്ത്’ എന്ന പ്രഖ്യാപനത്തോടെ കേട്ടുകേൾവിയില്ലാത്ത ആക്രമണമാണ് തൃണമൂൽ നടപ്പാക്കുന്നത്.

മുമ്പ് ബൂത്ത് കൈയേറിയും അക്രമം നടത്തിയുമാണ് തൃണമൂൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത്. ഇത്തവണ സിപിഐ എം സ്ഥാനാർഥികളെ നാമനിർദേശപത്രിക നൽകാൻ സമ്മതിക്കാതെ ആക്രമണം അഴിച്ചുവിടുകയാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബസുദേവ് ആചാര്യ, രാമചന്ദ്രഡോം എന്നിവർക്കെതിരെയും ക്രൂരമായ ആക്രമണം നടത്തി.

‘പ്രതിപക്ഷമുക്ത ഇന്ത്യ’ എന്ന ബിജെപി ആഹ്വാനമാണ് മമത ബാനർജി ബംഗാളിൽ നടപ്പാക്കുന്നത്. പ്രമുഖ നേതാക്കളെ ഉൾപ്പെടെ ആക്രമിച്ച് പ്രവർത്തകരുടെ വീര്യം തകർക്കാനാണ് തൃണമൂലിന്റെ ലക്ഷ്യം. എന്നാൽ, മുതിർന്ന നേതാക്കൾക്കെതിരായ ആക്രമണം പോരാടാനുള്ള ഊർജമാണ് പ്രവർത്തകർക്ക് നൽകുന്നതെന്ന് ബൃന്ദ പറഞ്ഞു.

മണ്ഡി ഹൗസിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ബംഗാ ഭാവനുസമീപം പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ബംഗാളിലെ ജനാധിപത്യധ്വംസനം അവസാനിപ്പിക്കുക, ആക്രമണങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാർഡുമായി യുവാക്കളും സ്ത്രീകളും ഉൾപ്പെടെ നിരവധിപേർ മാർച്ചിൽ അണിനിരന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറി കെ എം തിവാരി, പൊളിറ്റ് ബ്യൂറോ അംഗം ഹന്നൻമൊള്ള, ഡിഎസ്എംഎം നേതാവ് നാഥുപ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ലെ, എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി മയൂഖ് ബിശ്വാസ് തുടങ്ങിയവർ സംസാരിച്ചു.

സിപിഐ എം, ഡിഎസ്എംഎം, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News