കീ‍ഴാറ്റൂരിലെ സമരക്കാരെ ഒന്നിപ്പിച്ചത് പരിസ്ഥിതി സ്നേഹമല്ല; കമ്യൂണിസ്റ്റ് വിരോധം മാത്രമാണ്; ചലച്ചിത്ര താരം സന്തോഷ് കീ‍ഴാറ്റൂർ എ‍ഴുതുന്നു

തളിപ്പറമ്പിൽനിന്ന് ഒന്നരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഞങ്ങളുടെ കീഴാറ്റൂരിലെത്താം. ഏകദേശം 1500 പേർ ജീവിക്കുന്ന, കാലങ്ങളായി ഇടതുരാഷ്ട്രീയത്തെമാത്രം നെഞ്ചേറ്റുന്ന ഗ്രാമം.

എന്നാൽ,കുറച്ചുനാളുകളായി കീഴാറ്റൂർ ശ്രദ്ധാകേന്ദ്രമാകുന്നത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിനെതിനെതിരെ ഒരു കൂട്ടർ നടത്തുന്ന സമരത്തിന്റെ പേരിലാണ്. ആദ്യഘട്ടത്തിൽ നാടിന്റെ നന്മയ്ക്കായി തുടങ്ങി ഇന്ന് മാർക്സിസ്റ്റ്, സർക്കാർ വിരുദ്ധ സമരമായിമാത്രം മാറിയ അല്ലെങ്കിൽ ചിലർ മാറ്റിയ സമരം.

ദൃശ്യമാധ്യമങ്ങളും കപടപരിസ്ഥിതിവാദികളും പ്രചരിപ്പിക്കുന്ന കള്ളക്കഥകൾക്കപ്പുറത്ത് കീഴാറ്റൂരിൽ സംഭവിച്ചതെന്താണ്.

നാട് ഒന്നിച്ച ആദ്യഘട്ടസമരം
ദേശീയപാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിൽ റോഡ് വീതികൂട്ടുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തുന്നു. തുടർന്ന് ബൈപാസ് നിർമിക്കാൻ ആദ്യ അലൈൻമെന്റ് തളിപ്പറമ്പിലെ പൂക്കോത്ത്തെരുവഴി തീരുമാനിക്കുന്നു. നെയ്ത്തുതൊഴിലാളികളും മറ്റും തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്.

അതിനാൽ അതുവഴി ബൈപാസ് വന്നാൽ നിരവധിപേരുടെ വീട് നഷ്ടപ്പെടുമെന്ന് റിപ്പോർട്ട് ഹൈവേ അതോറിറ്റി നൽകുകയും ബൈപാസിനായി പുതിയ അലൈൻമെന്റ് സമർപ്പിക്കുകയും ചെയ്യുന്നു. ആ അലൈൻമെന്റ് കീഴാറ്റൂർ വയൽവഴിയായിരുന്നു.

ഇത് വളരെ ആശങ്കയോടെയാണ് കീഴാറ്റൂർ കേട്ടത്. തളിപ്പറമ്പിനെ അപേക്ഷിച്ച് വളരെ താഴ്ന്നപ്രദേശമാണ് കീഴാറ്റൂർ. അതുകൊണ്ടുതന്നെ വാർത്തയുടെ പിറകെ കുറെ ചർച്ചകളും ഊഹാപോഹങ്ങളും പരന്നു. ഇതേത്തുടർന്ന് നാടൊന്നാകെ സമരത്തിനിറങ്ങുന്നു.

ഞാനും ആ സമരത്തിൽ പങ്കാളിയായിരുന്നു. പിന്നീട് സർക്കാർതലത്തിൽ ചർച്ച നടക്കുന്നു. പരമാവധി നാശനഷ്ടം കുറച്ചുമാത്രമേ സ്ഥലം ഏറ്റെടുക്കുകയുള്ളൂ എന്നു കലക്ടർ ഉറപ്പുനൽകുന്നു.

നാട് തകർക്കാൻ ദേശാടനക്കിളികൾ എത്തുന്നു
ഇതിനിടയിലാണ് ഇപ്പോൾ സമരനായകവേഷം അണിയുന്ന സുരേഷ് കീഴാറ്റൂർ കുറച്ചുപേരെ കൂടെക്കൂട്ടി സമാന്തരമായി ലഘുരേഖ വിതരണം നടത്തുകയും നിരാഹാരസമരം ആരംഭിക്കുകയും ചെയ്തത്.

അതുവരെ നാടൊന്നാകെ ചെയ്ത സമരത്തെ അട്ടിമറിക്കുന്ന രീതിയിൽ പുറത്തുനിന്ന്, ഒരു കാർഷികസമരത്തിന്റെയും ഏഴയലത്ത് ചെല്ലാത്ത വത്സൻ തില്ലങ്കേരിയെപ്പോലുള്ള ആർഎസ്എസ് നേതാക്കളടക്കം കുറെപ്പേർ സമരത്തിലേക്ക് എത്തുന്നു.

പുറത്തുനിന്നുള്ള ഇടപെടലുകളെ നാട്ടുകാരൊന്നാകെ ചോദ്യംചെയ്തപ്പോൾ സുരേഷ് ഏകാധിപതിയെപ്പോലെ പെരുമാറാൻ തുടങ്ങി. ഞാനടക്കമുള്ള നാട്ടുകാർ ഒരുമിച്ച് നടത്തിയ സമരത്തിന്റെ വഴിമാറുന്നത് അവിടെനിന്നാണ്. പിന്നീടാണ് സുരേഷിന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി എന്ന പേരിൽ സമരസമിതി രൂപീകരിച്ച് ഭാരവാഹികളായി കീഴാറ്റൂരിന് പുറത്തുനിന്നുള്ളവരെ നിശ്ചയിക്കുന്നത്.

അതിനിടെ സിപിഐ എം പ്രാദേശികഘടകവും ജില്ലാനേതൃത്വവും ഇടപെട്ട് പൊതുമരാമത്തുമന്ത്രി ജി സുധാകരനുമായി ചർച്ച ഒരുക്കുന്നു. ചർച്ചയ്ക്കായി പോയവരിൽ സുരേഷ് കീഴാറ്റൂരിനോടൊപ്പം നോബിൾ പൈക്കട എന്ന മുൻ നക്സലൈറ്റ് നേതാവും ഉണ്ടായിരുന്നു.

കീഴാറ്റൂരുകാരനല്ലാത്ത നോബിൾ പൈക്കടയുടെ സാന്നിധ്യം അപ്പോൾത്തന്നെ സംശയാസ്പദമായിരുന്നു.

സമരനായകന്റെ ഇരട്ടത്താപ്പ്
മന്ത്രി ജി സുധാകരൻ ചർച്ചയിൽ രണ്ടു നിർദേശം വച്ചു. ആദ്യത്തേത്, കുറച്ച് വീടുകൾമാത്രം നഷ്ടമാകുന്ന കിഴക്ക് വശത്തുകൂടി റോഡ് നിർമിക്കുക. രണ്ട്, പടിഞ്ഞാറ് ഭാഗത്തുകൂടി.

അതിൽ സമരനേതാക്കളുടെയടക്കം നിരവധി വീടുകൾ നഷ്ടമാകും. ചർച്ചയിൽ സുരേഷ് കീഴാറ്റൂരടക്കം കിഴക്ക് ഭാഗത്തുകൂടി പോകാമെന്ന നിർദേശം അംഗീകരിച്ച് ചർച്ച വിജയകരമായി അവസാനിപ്പിക്കുന്നു.

തിരിച്ചുവന്ന് സമരവിജയം പടക്കം പൊട്ടിച്ചും പ്രകടനവും പായസവിതരണവും നടത്തി ആഘോഷിച്ചു. സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു.

എന്നാൽ, ദിവസങ്ങൾക്കകം ‘വയൽക്കിളി കൂട്ടായ്മ’ എന്ന പേരിൽ കീഴാറ്റൂർ വയലിൽ സമരജ്വാല സംഘടിപ്പിക്കുന്നു. ഇതിനിടെ നടന്നത്, കിഴക്ക് ഭാഗത്ത് വീടുള്ള ചിലർ വീട് വിട്ടുനൽകാൻ തയ്യാറല്ലെന്ന് പറഞ്ഞ് സുരേഷിനെ സമീപിച്ചു.

അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ടതിനുപകരം വീട് വിട്ടുകൊടുക്കാൻ പാടില്ലെന്ന് പറഞ്ഞ് അവരെ എരിവുകേറ്റി സമരത്തിനിറക്കി. തികഞ്ഞ ഇരട്ടത്താപ്പ്.

രണ്ടാംഘട്ടസമരം എന്ന രീതിയിൽ പന്തലൊരുക്കുകയും മാധ്യമങ്ങളെ വിളിച്ചുകൂട്ടി മന്ത്രിയുമായുള്ള ചർച്ചയിലെടുത്ത തീരുമാനങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്നു. പിന്നെ വാർത്താപ്രാധാന്യം കിട്ടാനായി കുറച്ച് സ്ഥലത്ത് കൃഷിയിറക്കുന്നു. സർവേ തടയാൻ തീരുമാനിക്കുന്നു.

പിന്നീടാണ് ഗാന്ധിയൻ രീതിയിൽ സമരമെന്ന് പറഞ്ഞ് വയ്ക്കോൽക്കൂനയ്ക്ക് തീയിട്ട് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് നാടിനെയാകെ ഭീഷണിയിലാഴ്ത്തിയത്. ഇത് ഏത് ഗാന്ധിയൻ സമരരീതിയാണ്?

അതിനിടയിലാണ് ആർഎസ്എസിന്റെ നേതൃത്വത്തിൽ വയൽക്കിളി നേതാക്കളെ കൊല്ലാനും അത് സിപിഐ എമ്മിന്റെ മേലിൽ വച്ചുകെട്ടാനും നടത്തിയ പദ്ധതി പുറത്താകുന്നത്. ഇതുമായി ബന്ധപ്പെട്ട് നാല് ആർഎസ്എസുകാർ റിമാൻഡിലാണ്.

പരിസ്ഥിതിസ്നേഹമെന്ന് പറഞ്ഞ് കീഴാറ്റൂരിന്റെ മണ്ണിലേക്ക് ഫാസിസം കടത്തിവിടാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. എന്നാൽ, ഇതുവരെ ആർഎസ്എസിനെ തള്ളിപ്പറയാൻ ഇക്കൂട്ടർ തയ്യാറായിട്ടില്ല.

ആദ്യ അലൈൻമെന്റ് അട്ടിമറിച്ചത് കോൺഗ്രസ്‐ബിജെപി
പൂക്കോത്ത്തെരുവിലൂടെ പോയ അലൈൻമെന്റ് അട്ടിമറിച്ചത് കോൺഗ്രസും ബിജെപിയും കൈകോർത്താണ്. കാരണം ഇരുപാർടികൾക്കും തുല്യസ്വാധീനമുള്ള സ്ഥലമാണത്.

കെ സുധാകരൻ സംസ്ഥാന സർക്കാരിലും പി കെ കൃഷ്ണദാസ് കേന്ദ്രത്തിലും സമ്മർദം ചെലുത്തിയാണ് അലൈൻമെന്റ് മാറ്റിയത്. അതുകൊണ്ടാണ് സുധാകരൻ ഇപ്പോഴും സമരത്തിൽ അർധമനസ്സുമാത്രം നൽകുന്നത്.

പ്രകടമാകുന്ന ഇടതുവിരുദ്ധത
മാധ്യമങ്ങൾ ആവർത്തിച്ച് ഉരുവിടുന്നത് സിപിഐ എം പ്രവർത്തകരാണ് വയൽക്കിളികളായി സിപിഐ എമ്മിനെതിരെ സമരം ചെയ്യുന്നത് എന്നായിരുന്നു. സമരനായിക എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി ഇതുവരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത ആളാണ്.

അവർ കുടുംബപരമായി ഇടതുപക്ഷവിരുദ്ധ മനോഭാവം പിന്തുടരുന്നവരാണ്. മറ്റു ചിലർ ബിജെപിക്കാരാണ്. ഇത്രയുംനാൾ കമ്യൂണിസ്റ്റുവിരുദ്ധത ഉള്ളിൽ കൊണ്ടുനടന്നവർ ഒരവസരം കിട്ടിയപ്പോൾ കൃത്യമായി ഉപയോഗിക്കുന്നു എന്നുമാത്രം. ഇവർ ഉയർത്തുന്നത് കപടപരിസ്ഥിതിവാദമാണ്.

കാരണം, സമരം ചെയ്യുന്നവർ വീടുകൾ നിർമിച്ചത് പരിസ്ഥിതിക്ക് യോജിക്കാത്തതരത്തിലാണ്. ഇവരിൽ വിരലിലെണ്ണാവുന്നവർ ഒഴിച്ചാൽ പലരും കൃഷി ചെയ്ത് ജീവിക്കുന്നവരല്ല. പല വയലുകളും കൃഷിചെയ്യാതെ തരിശായി കിടക്കുകയാണ്.

250 ഏക്കർ ഭൂമി പൂർണമായും നികത്തുമെന്നാണ് ആദ്യപ്രചാരണം. എന്നാൽ, അഞ്ചര ഏക്കർമാത്രമേ നികത്തുകയുള്ളൂ എന്നറിഞ്ഞതോടെ ആ നുണബോംബ് നിർവീര്യമായി. തോട് നികത്തില്ലെന്ന് ഹൈവേ അതോറിറ്റി പറഞ്ഞിട്ടുണ്ട്. തോട്ടിലെ വെള്ളം ഉറവവെള്ളമാണെന്നാണ് സമരക്കാരുടെ വാദം.

എന്നാൽ അതല്ല. സമരത്തിലൂടെ ദേശീയപാത വികസനത്തെ എതിർക്കുന്നവർക്ക് ബദൽമാർഗങ്ങളൊന്നും മുന്നോട്ടുവയ്ക്കാനില്ല. റോഡുതന്നെ വേണ്ടെന്ന തീർത്തും ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. സമരത്തിനുപിന്നിലെ അജൻഡ തിരിച്ചറിഞ്ഞ 56 പേർ ഭൂമി വിട്ടുനൽകിയിട്ടുണ്ട്.

പ്രചരിപ്പിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം
നാടിനെ തകർത്ത് ജനങ്ങളെ വിഘടിപ്പിച്ചാൽമാത്രമേ വെറുപ്പിന്റെ രാഷ്ട്രീയം പറയുന്ന പലർക്കും കടന്നുവരാൻ സാധിക്കുകയുള്ളൂ. കേരളം കീഴാറ്റൂരിലേക്ക് എന്നു പറഞ്ഞ മാർച്ചിൽ അണിനിരന്നത് ആരാണെന്ന് പരിശോധിച്ചാൽ അത് വ്യക്തം.

ആർഎസ്എസ്‐ ബിജെപി, കോൺഗ്രസ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, മുസ്ലിംലീഗ് നേതാക്കളും പ്രവർത്തകരുമാണ്. അവരെ ഒന്നിപ്പിച്ചത് പരിസ്ഥിതിസ്നേഹമല്ല, കമ്യൂണിസ്റ്റുവിരോധം മാത്രമാണ്.

കീഴാറ്റൂരിൽനിന്ന് കണ്ണൂരിലേക്ക് ‘കർഷകമാർച്ച്’ നടത്തുന്ന ബിജെപി ഭരിക്കുന്ന ഗുജറാത്തിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമാണ് കർഷക ആത്മഹത്യ പെരുകുന്നത്.

അവിടെ കർഷകർ അതിജീവനത്തിനുവേണ്ടി സമരത്തിലാണ്. പിന്നെ, എന്തു ധാർമികതയുടെ പേരിലാണ് ബിജെപി കർഷകമാർച്ച് നടത്തുന്നത്. കീഴാറ്റൂരിൽ നടക്കുന്നത് ഒരിക്കലും കർഷകസമരമല്ല. പൊതു ആവശ്യത്തിനുവേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്.

ഒരിക്കലും സ്വകാര്യസംരംഭകർക്ക് പതിച്ചുനൽകാനല്ല. മറിച്ച്, കേരളത്തിലെ ഓരോ മനുഷ്യനും വേണ്ടിയുള്ള വികസനത്തിനുവേണ്ടിയാണ്.

നാളെയുടെ നാടിന് വിത്തിടാം
ദേശീയപാത വികസനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം എന്നതിൽ നമുക്കാർക്കും സംശയമില്ല. കാരണം ഓരോവർഷവും റോഡപകടങ്ങളിൽപ്പെട്ട് ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.

അപകടങ്ങൾക്ക് പല കാരണങ്ങൾ കണ്ടെത്താമെങ്കിലും പ്രധാന കാരണം ഇടുങ്ങിയ റോഡുകൾതന്നെയാണ്. കുടിവെള്ളമെന്നു പറയുന്നതുപോലെ പ്രധാനമാണ് മനുഷ്യജീവനും. എല്ലാവരും ഒരുമിച്ചിരുന്ന് റോഡിന്റെ വികസനവും കീഴാറ്റൂരിന്റെ വികസനവും ഉറപ്പുവരുത്താനാണ് ശ്രമിക്കേണ്ടത്.

സർക്കാർ മുന്നോട്ടുവച്ച ഒരു നിർദേശവും അംഗീകരിക്കാതെയുള്ള സമരം അപഹാസ്യവും തട്ടിപ്പുമാണ്. കീഴാറ്റൂരിൽ ഏറ്റവും പരിസ്ഥിതി ആഘാതം കുറഞ്ഞ രീതിയിൽ ബൈപാസ് നിർമിക്കാനാണ് സർക്കാർശ്രമം.

റോഡുവികസനം നാളെയുടെ നാടിന്റെ വികസനത്തിനുള്ള വിത്ത് പാകലാണ്. അതിനായി കീഴാറ്റൂർ ഒരുമിക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News