റേഡിയോ ജോക്കിയുടെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍; പൊലീസ് നിഗമനം ഇങ്ങനെ

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. രാജേഷിന്‍റെ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ പങ്കാളിയായ ഓച്ചിറ സ്വദേശി യാസിര്‍ അബൂബക്കറെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തത്.

അതേസമയം കേസിലെ പ്രധാന പ്രതികളായ സ്വാലിഹ് , കായംകുളം അപ്പുണ്ണി എന്നിവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയതും പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതും താനാണെന്ന് യാസിര്‍ അബൂബക്കര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ ഖത്തറില്‍ ഒ‍ളിവില്‍ ക‍ഴിയുന്ന അലിഭായി എന്ന സ്വാലിഹിനെയും രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്ത അദ്ധ്യാപികയുടെ ഭര്‍ത്താവ് സത്താറിനെയും ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ഗൂഢാലോചന നടത്താനായും കൊലചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനുമായി താവളം ഒരുക്കിക്കൊടുത്ത കൊല്ലം സ്വദേശി സനുവിന്‍റെ അറസ്റ്റിനുപിന്നാലെയാണ് സംഭവത്തില്‍ മറ്റൊരാളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.

ഓച്ചിറ സ്വദേശി യാസിര്‍ മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. കൊലപാതകികള്‍ നടത്തിയ ഗൂഢാലോചനയില്‍ പങ്കുള്ള യാസിര്‍ അബൂബക്കര്‍ എന്ന 23 കാരന്‍ പ്രധാന പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരവും ഒരുക്കി കൊടുത്തു.

പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതും യാസിറാണെന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. നേരത്ത പൊലീസ് കസ്റ്റഡിയിലെടുത്ത യാസിറിനെ പല തവണ ചോദ്യം ചെയ്തപ്പോ‍ഴാണ് കേസിലുള്ള തന്‍റെ പങ്കാളിത്തത്തെ കുറിച്ച് യാസിര്‍ അബൂബക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നും അന്വേഷണ സംഘം അറിയിച്ചു.

പ്രതികളെ ബംഗളൂരുവിലേക്ക്​ രക്ഷപ്പെടാന്‍ സഹായിച്ചതും പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയിലുപേക്ഷിച്ചതും തനാണെന്ന് യാസിര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.​ പ്രധാന പ്രതികളെന്ന് പൊലീസ് അനുമാനിക്കുന്ന സ്വാലിഹിനും ക്വട്ടേഷന്‍ സംഘത്തലവന്‍ കായംകുളം അപ്പുണ്ണിക്കും കൊലപാതകശേഷം രക്ഷപ്പെടാന്‍ വാഹനം ഒരുക്കിക്കൊടുത്ത 4 പേര്‍ ഇപ്പോള്‍ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്.

ഇടുക്കിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.അതേസമയം ഖത്തറില്‍ ഒളിവില്‍ ക‍ഴിയുന്ന സ്വാലിഹിനെയും രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താറിനെയും ഖത്തര്‍ പൊലീസിന്‍റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം.

ഇതിനിടെ തന്‍റെ മുന്‍ഭര്‍ത്താവായ സത്താറിന് കൊലപാതകവുമായി ബന്ധമില്ലെന്നും സത്താറിന്‍റെ സുഹൃത്താണ് ക്വട്ടേഷന് പിന്നിലെന്നും നൃത്ത അധ്യാപിക നടത്തിയ വെളിപ്പെടുത്തലും പൊലീസ് ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News