മനുസ്മൃതി ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍എസ്എസ്സില്‍ നിന്ന് ഇന്ത്യയിലെ ദളിതന് നീതികിട്ടില്ല

The Scheduled Castes and Scheduled Tribes (Prevention of Atrocities) Act ൽ 20- 03 – 2018 നുണ്ടായ ബഹു:സുപ്രീം കോടതി വിധി ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യുകയാണ്.

ഈ വിധിയും നിയമവും പരിശോധിക്കുമ്പോൾ നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിന്നിരുന്ന ചാതുർവർണ്യവ്യവസ്ഥയിൽ അധിഷ്ഠിതമായ സാമൂഹ്യപശ്ചാത്തലവും , രാജ്യത്തെ മനുസ്മൃതിയുടെ ഇരുണ്ടകാലത്തേക്ക് തിരിച്ചുനടത്താൻ വെമ്പുന്ന ഹീനചിന്തകൾ പേറുന്ന സവർണ്ണ ഫാസിസ്റ്റുകൾ അധികാരം കയ്യാളുന്ന ഇന്ത്യയുടെ വർത്തമാന രാഷ്ടീയ ചിത്രവും മനസ്സിൽ നിന്നും മാറ്റി നിർത്തിക്കൂടാ ..

ശൂദ്രം തു കാരയേദ് ദാസ്യം
ക്രീതമക്രീതമേവ വാ
ദാസ്യായൈവ ഹി സൃഷ്ടോ സൗ
ബ്രാഹ്മണസ്യ സ്വയംഭൂവാ
(മനുസ്മൃതി 8 ൽ 413)
കൂലി കൊടുത്തോ കൊടുക്കാതെയോ ശൂദ്രനെ ക്കൊണ്ട് ദാസ്യവേല ചെയ്യിക്കണം . എന്തെന്നാൽ ബ്രാഹ്മണന്റെ ദാസ്യവേലയ്ക്കായിട്ടാണ് ശൂദ്രനെ ബ്രഹ്മാവ് സൃഷ്ടിച്ചത്.

നിയമ വ്യവസ്ഥയിൽ പൂച്ചയ്ക്കും കീരിയ്ക്കും കാട്ടുകാക്കയ്ക്കും തവളയ്ക്കും പട്ടിയ്ക്കും ഉടുമ്പിനും
മൂങ്ങയ്ക്കും കാക്കയ്ക്കും (മനുസ്മൃതി 11 ൽ 131) തുല്ല്യമായി ശൂദ്രനെ പരിഗണിച്ചിരുന്ന കാലം ..

ശൂദ്രന്റെ അവസ്ഥ ഇതായിരുന്നെങ്കിൽ അതിനും താഴെയെന്ന് കണക്കാക്കപ്പെട്ടിരുന്ന മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥ
ഇതിലും ദയനീയമായിരുന്നു .

ഈ ദുരവസ്ഥയിൽ നിന്ന് ഇന്നു കാണുന്ന അവസ്ഥയിലേക്ക് നാടെത്തിയത് ഒരു രാത്രിയിലെ ഉറക്കമുണരലിന്റെ ഇടവേളയിലല്ല.
മറിച്ച് എണ്ണമറ്റ സാമൂഹ്യപരിഷ്കർത്താക്കളുടെയും കമ്മൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും
നിരന്തര പ്രക്ഷോഭങ്ങളിലൂടെയും ശക്തമായ ഇടപെടലുകളിലൂടെയുമാണ്.

യുഗങ്ങളായി ചവിട്ടിമെതിക്കപ്പെട്ട ഒരു വലിയ സമൂഹത്തെ സംരക്ഷിക്കുവാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്നും കൂടുതൽ ശക്തമായ ഒരു നിയമം അനിവാര്യമാണ് എന്നുമുള്ള കാഴ്ച്ചപ്പാടിലാണ് സ്വതന്ത്ര ഇന്ത്യയിൽ The Scheduled Castes and Scheduled Tribes (Prevention of Atrocities) Act 1989 എന്ന നിയമം 1989 സപ്തംബർ 11 ന് നിലവിൽ വന്നത്. നിയമത്തിൽ പിന്നീട് ആവശ്യമായ ഭേദഗതികൾ വരുത്തുകയും കർശ്ശന വ്യവസ്ഥകളുള്ള ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായി സ്പെഷ്യൽ കോർട്ടുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു .

The Scheduled Castes and Scheduled Tribes (Prevention of Atrocities) Act ന് 20- 03 – 2018 നുണ്ടായ സുപ്രീം കോടതി വിധിയിലൂടെ എത്രമാത്രം പരിക്കേറ്റിട്ടുണ്ട് എന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്.

വിധിക്ക് അടിസ്ഥാനമായ കേസിലെ പരാതിക്കാരൻ ദളിത് വിഭാഗത്തിൽപ്പെട്ടയാളും മഹാരാഷ്ട്രയിലെ കാരാഡ് ഗവ:കോളേജിൽ ഫാർമസി ഡിപ്പാർട്ട്മെന്റ് ജീവനക്കാരനുമായിരുന്നു.

ആദ്യം അദ്ദേഹം സ്റ്റോർ കീപ്പറായിരുന്നു. പിന്നീട് അദ്ദേഹത്തിന് പൂനെയിലെ Distance Education Institute ലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പരാതിക്കാരന്റെ സീനിയർ ഓഫീസർമാരായ ദളിതരല്ലാത്ത പ്രതികൾ പരാതിക്കാരന്റെ Annual Confidential Report ൽ പരാതിക്കാരന് പ്രതികൂലമായ റിപ്പോർട്ടാണ് എഴുതിയത്.

ഇതോടനുബന്ധിച്ച സംഗതികളിലാണ് അദ്ദേഹം പരാതി കൊടുക്കുന്നതും പിന്നീട് The Scheduled Castes and Scheduled Tribes (Prevention of Atrocities) Act ലെ വകുപ്പുകൾ കൂടി ചേർത്തുകൊണ്ട് FIR റജിസ്റ്റർ ചെയ്യപ്പെടുന്നതും.

ഈ കേസാണ് ബോംബേ ഹൈക്കോടതിയുടെ വിധിക്കു ശേഷം അപ്പീലായി സുപ്രീം കോടതിയുടെ പരിഗണനയ്ക്കെത്തുന്നതും Subhash Kashi Nathan Maha Jan V/s State of Mahsrashtra and Anr (Criminal Appeal No 416 of 2018) എന്ന കേസിൽ 20-03-2018 ന് സുപ്രീം കോടതി സുപ്രധാനമായ വിധി പ്രസ്ഥാവിച്ചിട്ടുള്ളതും.

ജസ്റ്റിസുമാരായ AK ഗോയലും UU ലളിതും കൂടി വിധി പ്രസ്ഥാവിച്ചതിൽ ചില കാര്യങ്ങൾ പ്രാധാന്യമർഹിക്കുന്നു.

വിധിയിലെ ഓപ്പറേറ്റീവ് പാർട്ടായ പാരഗ്രാഫ് 83 ൽ Conclusion ആയി പ്രസ്ഥാവിക്കുന്നത് ഇങ്ങനെയാണ്.

1) Proceedings in the present case are clear abuse of process of court and are quashed.
ഈ കേസിലെ നടപടിക്രമങ്ങൾ കോടതിനിയമ വ്യവസ്ഥയെ ദുരുപയോഗം ചെയ്തതായി വ്യക്തമായിട്ടുള്ളതും ഈ കേസ് റദ്ദ് ചെയ്തിട്ടുള്ളതുമാണ്.

2) There is no absolute bar against grand of anticipatory bail in cases under the atrocities act if no primafacie case is made out or where on judicial scrutiny the complaint is found to be primafacie malafide… etc…

SC/ST(POA)Act പ്രകാരം പൊലീസെടുക്കുന്ന കേസുകളിൽ കോടതിയുടെ പരിശോധനയിൽ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്നും , ദുരുപദിഷ്ടിതമായ പരാതിയല്ലെന്നും കോടതി കാണുന്നവയിലൊഴികെ മുൻകൂർജാമ്യം അനുവദിക്കുന്നതിൽ വിലക്കില്ല.

3) In view of acknowledged abuse of law of arrest in cases under the atrocities act arrest of a public servent can only be after approval of the appointing authority and of a non public servent after approval by the SSP which may be granted in appropriate cases if considered necessary for reasons recorded such reasons must be scrutinized by the Magistrate for permitting further detention.

അറസ്റ്റ് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ
ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നത് നിയമനാധികാരികളുടെ മുൻകൂട്ടിയുള്ള എഴുതപ്പെട്ട അനുവാദത്തോടെയും അല്ലാത്തവരെ അറസ്റ്റ് ചെയ്യുന്നത് മുതിർന്ന പൊലീസ് സൂപ്രണ്ടിന്റെ എഴുതപ്പെട്ട അനുവാദത്തോടെയുമായിരിക്കണം. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് ബോധ്യപ്പെട്ടായിരിക്കണം മജിസ്ട്രേട്ട് കുറ്റാരോപിതനെ, തുടർന്ന് തടങ്കലിൽ വയ്ക്കണമോ എന്നു തീരുമാനിക്കേണ്ടത്.

4) To avoid false implication of an innocent a priliminary enquiry may be conducted by the DSP concerned to find out whether the allegations make out a case under the atrocities act and that the allegations are not frivolous or motivated

നിരപരാധികളെ കേസിൽ ഉൾപ്പെടുത്തുന്നതൊഴിവാക്കാൻ എല്ലാ പരാതികളിന്മേലും ജില്ലാ പൊലീസ് സൂപ്രണ്ട് പ്രത്യേകം അന്വേഷണം നടത്തുകയും ദുരുദ്ദേശ്യത്തോടെയല്ലാത്തതും പരപ്രേ രണകുടാത്തതുമാണ് പരാതികളെന്ന് ബോധ്യപ്പെടുകയും വേണം.

5) Any violation of direction 3&4 will be actionable by way of disciplinary action as well as contempt

ഈ നിർദേശങ്ങളിൽ 3 & 4 ലംഘിച്ചാൽ കോടതിയലക്ഷ്യ കുറ്റമായി കണക്കാക്കപ്പെടുകയും വകുപ്പുതല അന്വേഷണ, ശിക്ഷാ നടപടികൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യും.

മേൽ പറഞ്ഞവയാണ് ബഹു:സുപ്രീം കോടതി വിധിയുടെ ആകെസത്ത .

ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകളെല്ലാം പ്രാപ്യമായ അവസ്ഥ നിലനിൽക്കെത്തന്നെ SC &ST(POA)Act എങ്ങിനെ കൂടുതൽ സുരക്ഷിതമായി നടപ്പാക്കാം എന്നാണ് യഥാർത്ഥത്തിൽ ബഹു:സുപ്രീം കോടതി നിർദ്ദേശിക്കുന്നത്.

പക്ഷേ പൊതുനിരത്തിൽ ചെരുപ്പിട്ട് നടക്കാനും ,നല്ല വസ്ത്രം ധരിക്കാനും പോലും അവകാശം നിഷേധിക്കപ്പെടുകയും ഒരു പരാതിയുമായി പോലീസ് സ്റ്റേഷന്റെ നാലയലത്തുപോലും ചെല്ലാൻ കഴിയാതിരിക്കയും ചെയ്യുന്ന വടക്കേ ഇന്ത്യയിലെയും മറ്റും വലിയൊരു ജനസമൂഹത്തിനുമേൽ അരക്ഷിതാവസ്ഥയുടെ തീവ്രത കൂടുന്ന കാര്യം കാണാതിരിക്കാനാവില്ല.

ഈ വിധിയെ രണ്ട് സാമൂഹ്യ വ്യവസ്ഥിതികളിൽനിന്നുള്ള വീക്ഷണകോണുകളിലൂടെ നോക്കിക്കാണേണ്ടതുണ്ട്.

1) ഇന്ത്യയുടെ പൊതു സാമൂഹ്യ രാഷ്ട്രീയ
പശ്ചാത്തലത്തിലൂടെ
2) കേരളത്തിന്റെ ഉയർന്ന സാംസ്കാരിക പശ്ചാത്തലത്തിലൂടെ

മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ദളിത് പീഡനത്തിന്റെ കാര്യത്തിലും കേരളം ഇന്ത്യയിൽ വേറിട്ടു നിൽക്കുന്നു .

ഓരോ 15 മിനിറ്റിലും ഒരു ദളിതൻ ഇന്ത്യയിൽ ജാതീയപീഡനത്തിന് ഇരയാകുന്നു എന്ന വാർത്ത വരുമ്പോൾ തന്നെ കേരളം ഇക്കാര്യത്തിൽ വേറിട്ടു നിൽക്കുന്നു എന്നത് അഭിമാനാർഹമാണ്.

ഓരോ ദിവസവും ഇന്ത്യയിൽ ശരാശരി ആറു ദളിത് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു എന്ന വാർത്തയുള്ളപ്പോൾ തന്നെ കേരളത്തിൽ ഇക്കാര്യത്തിൽ എൻട്രികളേ ഉണ്ടാവുന്നില്ല എന്നത് നമുക്ക് തലയുയർത്തി നിൽക്കാവുന്നതായ സംഗതിയാണ്.

ഇന്ത്യയൊട്ടാകെ പരിശോധിക്കുമ്പോൾ ദളിതരുടെ നേരെ നടക്കുന്ന ആക്രമണങ്ങളിൽ വൻവർദ്ധനവാണ് കണ്ടു വരുന്നത്. ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊലയും ദുരഭിമാനത്തിന് വകനൽകുംവിധം വർദ്ധിച്ചു വരിക തന്നെയാണ്.

ഇത്തരം അക്രമ പ്രവർത്തികളെ മഹത്വവൽക്കരിക്കുന്ന വർഗ്ഗീയരാഷ്ട്രീയ നേതൃത്വം ഭീകരതയുടെ തീവ്രത കൂട്ടുകയും ചെയ്യുന്നു .

എന്നാൽ പക പോക്കലുകൾക്കായി നിയമത്തെ ദുരുപയോഗം ചെയ്ത് കള്ളക്കേസുകൾ സൃഷ്ടിക്കപ്പെടുമ്പോൾ നിരപരാധികൾ ക്രൂശിക്കപ്പെടുന്നുമുണ്ട്. അത് അതുപോലെ തുടർന്നുകൊള്ളട്ടെ എന്ന് വാശിപിടിക്കുന്നതും ജനാധിപത്യപരമല്ല .

നിയമങ്ങൾ ഉപയോഗപ്പെടുത്തുവാൻ ഒരാൾക്ക് അവകാശമുള്ള പോലെത്തന്നെ നിയമങ്ങളുടെ ദുരുപയോഗം മൂലം ഇരയാക്കപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണവും ഒരാളുടെ അവകാശം തന്നെയാണ്.

പലപ്പോഴും നിയമങ്ങളുടെ നിരന്തരദുരുപയോഗം കോടതികളുടെ മൂന്നാംകണ്ണു തുറപ്പിക്കയും നിയമങ്ങളുടെ ഉപയോഗക്രമങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കാൻ കോടതികൾ നിർബന്ധിതമാവുകയും ചെയ്യുന്നു.

ഇന്ത്യൻ പീനൽ കോഡിലെയും മറ്റു നിയമങ്ങളിലെയും വകുപ്പുകൾക്കു പുറമേ SC&ST(POA)Act ലെ വകുപ്പുകൾ കൂടിച്ചേർത്ത് കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ആവശ്യമായ പരിശോധനകളും വിലയിരുത്തലുകളും നടത്തി, കാര്യങ്ങളിലെ പ്രഥമദൃഷ്ട്യായുള്ള കുറ്റകൃത്യം ബോധ്യപ്പെട്ടാണ് അപ്രകാരം കേസ് റജിസ്റ്റർ ചെയ്യുന്നതെന്നും കുറ്റാരോപിതനെ പ്രതിയാക്കുന്നതെന്നും വന്നാൽ, ഈ നിയമം കൂടുതൽ സുതാര്യമാവുകയും, പൊതു സമ്മതി ആർജിക്കുകയും , അർഹരായ ഇരകൾക്ക് അർഹമായ കേസുകളിൽ നിയമത്തിന്റെ സംരക്ഷണം കൂടുതൽ ലഭ്യമാവുകയും ചെയ്യും.

പക്ഷേ അതിനു മുമ്പായി അത്തരം പരിശോധനകൾ ന്യായമായരൂപത്തിലാണ് നടത്തുന്നതെന്ന് ഉറപ്പുവരുത്താൻ സമൂഹത്തെ പ്രാപ്തമാക്കേണ്ടതുണ്ട്.

ഇവിടെ മറ്റൊരു സംഗതി കൂടി പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്ന RSS, ദളിത് പട്ടികവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും സംവരണതത്വങ്ങൾക്കുമെതിരെ എല്ലാ വിധത്തിലും എതിർപ്പുയർത്തുന്നവരാണെന്നതിൽ ആർക്കും വ്യത്യസ്ഥ അഭിപ്രായമില്ലാത്തതാണ്.

RSSമേധാവി മോഹൻഭാഗവത് തന്നെ അത് യാതോരു ജാള്യതയും കൂടാതെ വ്യക്തമായി പ്രഖ്യാപിച്ചിട്ടുമുള്ളതുമാണ്.

ഈ നിലപാടിന്റെ ഭാഗമായിത്തന്നെയാണോ
കോടതിയിൽ കേസ് പരിഗണിക്കപ്പെട്ടപ്പോൾ
കേന്ദ്രസർക്കാരിനു വേണ്ടി വാദിക്കുന്ന അഡീഷണൽ അറ്റോർണി ജനറൽ , ദളിത് വിഭാഗം നേരിടുന്ന ക്രൂരമായ അതിക്രമങ്ങളെക്കുറിച്ചും SC & ST(POA)Act ൽ ദളിത് പിന്നോക്ക വിഭാഗത്തിന്റെ സംരക്ഷണത്തിന് അനിവാര്യമായ വസ്തുതകൾ നിലനിർത്തേണ്ടതിനെക്കുറിച്ചും കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിൽ വിജയിക്കാതെ പോയത് എന്ന ചോദ്യം ആശങ്കാജനകമാണ്.

സുപ്രീം കോടതി വിധിയ്ക്കു ശേഷം അരക്ഷിതബോധത്തിലാക്കപ്പെട്ട ഒരു വലിയ വിഭാഗത്തിന്റെ സംരക്ഷണത്തിനായി വിവിധ സംഘടനകൾ ആഹ്വാനംചെയ്ത പ്രതിഷേധദിനത്തെ തെരുവിൽ ശത്രു സൈന്യത്തെ നേരിടും പോലെ അടിച്ചമർത്താനും, ചോര വീഴ്ത്താനുമാണ് BJP ഭരിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ശ്രമിച്ചിട്ടുള്ളത് എന്നതും ഗൗരവകരമായ സംഗതിയാണ്.

ഒരു കാര്യം വ്യക്തമാണ്.
ദളിതനെ ചവിട്ടിമെതിക്കുന്ന സവർണ്ണ ബോധത്തെ തച്ചുതകർത്ത് ഇരുമ്പഴികൾക്കുള്ളിലാക്കുകതന്നെ വേണം ..
അതോടൊപ്പം ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.
അതിനായി ശക്തമായ ഫെഡറൽ സംവിധാനം നിലനിർത്തിക്കൊണ്ടു തന്നെ സ്റ്റേറ്റ് സ്റ്റാറ്റ്യൂട്ടുകൾ ആവശ്യമാണ്.

സുപ്രീം കോടതി വിധി നിലനിൽക്കെത്തന്നെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിനു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്ക് ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് നിയമപ്രകാരം ഇടപെടാവുന്നതാണ്.
നിയമ നിർമ്മാണങ്ങൾ നടത്താവുന്നതാണ്.

The Scheduled Castes and Scheduled Tribes (Prevention of Atrocities) Act കുറ്റമറ്റതും ശക്തമായതുമാക്കാൻ ഈ സാദ്ധ്യതകൾ പരിശോധനാ വിധേയമാക്കാവുന്നതാണ്.

1) വ്യത്യസ്ഥ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്ഥ സാഹചര്യങ്ങൾക്കനുസരിച്ച് അതത് സംസ്ഥാനങ്ങൾക്ക് പ്രത്യേകം സ്പെഷ്യൽ സ്റ്റേറ്റ് സ്റ്റാറ്റ്യൂട്ടുകൾ തയ്യാറാക്കണം .

2) ആ നിയമങ്ങൾ അതത് സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുയോജ്യമായി തയ്യാറാക്കാനും പരിശോധിക്കാനും ബഹു:സുപ്രീം കോടതിയും ബന്ധപ്പെട്ട ഹൈക്കോടതികളും മേൽനോട്ടം വഹിക്കയും ഇടപെടുകയും വേണം

3) ഇപ്രകാരം നിർമ്മിക്കപ്പെടുന്ന നിയമത്തെ ഭരണഘടനയുടെ ഒമ്പതാംഷെഡ്യൂളിൽപ്പെടുത്തി സംരക്ഷിക്കുവാൻ തയ്യാറാകണം.

4) ദളിതന്റെ മേലുള്ള കടന്നാക്രമണങ്ങളും ദളിത് പീഡനങ്ങളും അവസാനിപ്പിക്കുകയും ദളിതന്റെ മേലുള്ള സവർണ്ണന്റെ മേധാവിത്വബോധം വേരോടെ പിഴുതെറിയുകയും വേണം

5) നിയമത്തിന്റെ ദുരുപയോഗത്തിന്റെ ഫലമായി ഒരു നിരപരാധിപോലും ഇരയാക്കപ്പെടുകയുമരുത്.

നിയമങ്ങൾ നിർമ്മിക്കപ്പെടുന്നത് സാമൂഹ്യ സുരക്ഷിതത്ത്വത്തിന് പ്രഥമ പരിഗണന കൊടുത്തുകൊണ്ടായിരിക്കണം.

“Justice delayed is justice denied” എന്ന നിയമതത്വം പരിഗണനയിലെടുത്ത് , വിചാരണ എന്നുതുടങ്ങുമെന്നു പോലുമറിയാതെ ജാമ്യംനിഷേധിക്കപ്പെട്ട് ഇരുമ്പഴിക്കുളളിലടയ്ക്കപ്പെട്ട അർഹതപ്പെട്ട വിചാരണ തടവുകാരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നിയമനിർമ്മാണ സഭകളും നീതിപീഠങ്ങളും മനുഷ്യത്വപരമായി ചിന്തിക്കേണ്ടതാണ്.

ജാതിവാദങ്ങളും ഫ്യൂഡൽചിന്തകളും സിനിമയിലെ നായകരിലൂടെപ്പോലും മനുഷ്യന്റെ ഉപബോധമനസ്സിലേക്ക് കുത്തിക്കയറ്റുന്ന ഈ പുതിയ കാലത്തിൽ,
മനുസ്മൃതിയിലേക്കുള്ള തിരിഞ്ഞുനടത്തമെന്ന സങ്കൽപ്പംപോലും ചെറുക്കപ്പെടേണ്ടതാണ്.

വർണ്ണ വ്യവസ്ഥയിലധിഷ്ഠിതമായ അക്രമങ്ങൾക്കെതിരെ കനത്ത പ്രതിരോധനിരതന്നെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

ഇരയാക്കപ്പെടുന്ന ബലഹീനരുടെകൂടെ അവർക്ക് ഊർജ്ജവും ശക്തിയുമാകാൻ, അവരുടെ അവകാശസമരങ്ങളിൽ അവർക്ക് മുമ്പേനടന്നുപൊരുതാൻ പുരോഗമന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും എക്കാലവുമുണ്ടായിരിക്കും.

ഇന്നേവരെയുള്ള നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രത്താളുകളിൽ
അതു വ്യക്തമായി അടയാളപ്പെടുത്തിയിട്ടുള്ളതുമാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News