കീഴാറ്റൂര്‍ വിഷയത്തില്‍ ലീഗില്‍ കടുത്ത ഭിന്നത; പിന്തുണക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് ലീഗ് ജില്ലാ നേതൃത്വം

കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ മുസ്ലിം ലീഗില്‍ കടുത്ത ഭിന്നത. കീഴാറ്റൂര്‍ സന്ദര്‍ശിച്ച യുഡിഎഫ് സംഘത്തില്‍ നിന്നും ലീഗ് ജില്ലാ നേതാക്കള്‍ വിട്ടു നിന്നു. കീഴാറ്റൂര്‍ സമരത്തെ പിന്തുണക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ ലീഗ് ജില്ലാ നേതൃത്വം അതൃപ്തി അറിയിച്ചു.

കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ വെട്ടിലായിരിക്കുകയാണ് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ നേതൃത്വം. സമരത്തെ പിന്തുണച്ചാല്‍ തളിപ്പറമ്പ് നഗരത്തിലുള്ള കച്ചവടക്കാര്‍ ഉള്‍പ്പെടുന്ന ലീഗ് അനുഭാവികള്‍ പാര്‍ട്ടിക്കെതിരെ തിരിയും.

കീഴാറ്റൂരില്‍ നിന്നും ബൈപാസ് മാറ്റി തളിപ്പറമ്പ് വഴിയാക്കിയാല്‍ ഇവരുടെ കെട്ടിടങ്ങളായിരിക്കും കൂടുതലും ഇടിച്ചു പൊളിക്കേണ്ടത്. ഈ സാഹചര്യത്തില്‍ കീഴാറ്റൂര്‍ സമരത്തെ പ്രത്യക്ഷമായി പിന്തുണക്കാന്‍ കഴിയില്ലെന്നാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

യുഡിഎഫ് നിലപാടിലുള്ള അതൃപ്തി പരസ്യമാക്കിയാണ് കീഴാറ്റൂര്‍ സന്ദര്‍ശനത്തില്‍ നിന്നും ലീഗ് ജില്ലാ നേതാക്കള്‍ വിട്ടു നിന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആയിരുന്നു യുഡിഎഫിന്റെ കീഴാറ്റൂര്‍ സന്ദര്‍ശനം മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം കെ മുനീറും സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ മൗലവിയും സംഘത്തിലുണ്ടായിരുന്നു.

എന്നാല്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് ജനറല്‍ സെക്രെട്ടറി അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ വിട്ടുനിന്നു. തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ മഹമൂദ് അള്ളാകുളവും കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കാനാവില്ലെന്ന് നേരത്തെ തന്നെ വ്യക്തക്കിയിരുന്നു.

ലീഗ് ജില്ലാ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here