വ്യക്തിവിവരങ്ങളുടെ ചോർച്ചയും ജനാധിപത്യവും

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പൊളിറ്റിക്കൽ കൺസൾട്ടൻസി കമ്പനി വൻതോതിൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി എന്ന വാർത്തയുണ്ടാക്കിയ ആശങ്ക ഏറെ ഗൗരവമുള്ളതാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ, വിശിഷ്യാ ഫെയ്സ്ബുക്കിലൂടെ, അതിന്റെ ഉപയോക്താക്കളുടെ വ്യക്തിവിവരം ചോർത്തി, അതുവഴി അവരെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാൻഉപയോഗപ്പെടുത്തുന്നു എന്നത് നമ്മുടേതുപോലുള്ള ഒരു സമൂഹത്തിൽ അധികം പരിചയമുള്ളതല്ല.

സാങ്കേതികവിദ്യയുടെ ദുരുപയോഗമോ വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേലുള്ള കടന്നാക്രമണമോ മാത്രമായിട്ട് ഇതിനെ ചുരുക്കിക്കാണാനാകില്ല. ആധുനികജനാധിപത്യസങ്കൽപ്പങ്ങളെയും അതിന്റെ ഭാവിയെത്തന്നെയും അട്ടിമറിക്കുന്ന തരത്തിലുള്ള ഒരു വിധ്വംസകപ്രവൃത്തിയാണിത്.

പ്രഥമദൃഷ്ട്യാ നിരുപദ്രവകരം എന്ന് തോന്നാവുന്ന തേഡ് പാർടി ആപ്പുകൾ ഉപയോഗിച്ചാണ് കേംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങൾ മോഷ്ടിച്ചത്. ഇതുവരെയും പിടിക്കപ്പെടാത്ത, സമാനമായ പല സംരംഭങ്ങളും ഉപയോക്താക്കളുടെ വിവരങ്ങൾ ഇത്തരത്തിൽ മോഷ്ടിക്കുന്നുണ്ട്.

ഫെയ്സ് ബുക്കിന്റെ രൂപകൽപ്പനയിലെ പാളിച്ചകളും സ്വകാര്യതാനയങ്ങൾ നിർവചിച്ചിരിക്കുന്നതിലെ അവധാനതക്കുറവും ഈ വിവരചോരണത്തിനുള്ള സാധ്യതകളും അവസരങ്ങളും വർധിപ്പിച്ചു എന്നത് ഒരു പ്രധാന കാര്യമാണ്.

ഉദാഹരണത്തിന്, ഒരു ഉപയോക്താവ് ഇത്തരമൊരു തേഡ് പാർടി ആപ്പിന് അനുമതി നൽകുകയാണെങ്കിൽ അയാളുടെ സൗഹൃദവലയത്തിലുള്ള എല്ലാവരുടെയും വിവരങ്ങൾ, അവരുടെ അനുമതിയോ അറിവോ കൂടാതെ, ചോർത്തിക്കൊണ്ടുപോകാൻ സാധിക്കുന്ന രീതിയിലായിരുന്നു ഈയടുത്ത കാലംവരെയും ഫെയ്സ്ബുക്കിന്റെ സ്വകാര്യതാനയങ്ങൾ.

ഇതിനുപുറമെ ഫെയ്സ് ബുക്ക് തന്നെയും വിവരങ്ങൾ ചോർത്തുന്നുണ്ട്. ഒരു ഉപയോക്താവിന്റെ ലൈക്കുകൾ, ഷെയറുകൾ എന്നിവ അപഗ്രഥിച്ച് വലിയൊരു വിവരവ്യൂഹംതന്നെ ഫെയ്സ് ബുക്ക് തയ്യാറാക്കുന്നുണ്ട്.

ഈ വിവരങ്ങൾ ശാസ്ത്രീയമായി വിശകലനംചെയ്ത് ഓരോ വ്യക്തിയുടെയും താൽപ്പര്യങ്ങളും ശീലങ്ങളും ദൗർബല്യങ്ങളുമൊക്കെ കണ്ടുപിടിക്കാനാകും.

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഒരു ഇടപെടൽ വാർത്തയായി എന്നതുകൊണ്ട് അതുമാത്രമാണ് നടന്നിട്ടുള്ളത് എന്ന് കരുതേണ്ടതില്ല.

ഓരോ ഉപയോക്താവിന്റെയും വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ചശേഷം അവ അതിനൂതനമായ ഗണിതശാസ്ത്രമാതൃകകളും മനഃശാസ്ത്രസിദ്ധാന്തങ്ങളുമുപയോഗിച്ച് അവലോകനംചെയ്ത് ഉപയോക്താക്കളുടെ മനഃശാസ്ത്രരൂപരേഖ തയ്യാറാക്കും.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ സമ്മതം ചോദിക്കുന്നതിനാൽ പലപ്പോഴും ഇത്തരം വിവരശേഖരണങ്ങൾക്ക് ഉപയോക്താക്കളുടെ അനുമതിയുണ്ടെന്ന് സാങ്കേതികമായി പറയാം.

പക്ഷേ, ഈ വിവരങ്ങൾ എങ്ങനെ ശേഖരിക്കപ്പെടുന്നുവെന്നതും അത് എന്ത് ആവശ്യത്തിനായി ഉപയോഗിക്കുമെന്നും ഉപയോക്താവിനെ സ്വാധീനിക്കാൻ അതുപയോഗിക്കപ്പെടുമെന്നുള്ള അറിവും അത്തരം ആവശ്യങ്ങൾക്കുള്ള സമ്മതവും ഇല്ല എന്നതാണ് വസ്തുത.

ഇങ്ങനെ തയ്യാറാക്കപ്പെടുന്ന മനഃശാസ്ത്രരൂപരേഖകളിൽ ഓരോ ഉപയോക്താവിന്റെയും സ്വഭാവസവിശേഷതകൾ, മാനസികമായ ശക്തിദൗർബല്യങ്ങൾ, സാമൂഹികരാഷ്ട്രീയാഭിപ്രായങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ അടങ്ങിയിരിക്കും.

കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കച്ചവടക്കരാറിലേർപ്പെട്ടിട്ടുള്ള രാഷ്ട്രീയകക്ഷികൾക്കു വേണ്ടി ഈ മനഃശാസ്ത്രരൂപരേഖയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയപ്രചാരണം നടത്തുക.

അധികാരം പിടിച്ചെടുക്കാൻ ഏതറ്റംവരെയും പോകാമെന്നതും സ്വകാര്യതയുൾെപ്പടെയുള്ള വ്യക്ത്യാവകാശങ്ങൾ ബഹുമാനിക്കേണ്ടതില്ലെന്നുമുള്ള നിലപാടുകൾ അങ്ങേയറ്റം മ്ലേച്ഛമാണ്.

ജനാധിപത്യത്തെ ദുർബലപ്പെടുത്താനും സമൂഹത്തിന്റെ മുന്നോട്ടുള്ള വളർച്ചയെ പിന്നോട്ടടിപ്പിക്കാനുംമാത്രമേ ഇത്തരം വഞ്ചനാപരമായ പ്രവൃത്തികൾ ഇടവരുത്തുകയുള്ളൂ.

മോഷ്ടിച്ചെടുക്കുന്ന രഹസ്യവിവരങ്ങൾ ഉപയോഗിച്ച് ഒരു സമൂഹത്തെ ഹൈജാക്ക് ചെയ്യുന്ന സംവിധാനമായി ജനാധിപത്യത്തെ അധഃപതിപ്പിക്കുകയാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക പോലുള്ള കമ്പനികളും ആ വിവരങ്ങൾ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയകക്ഷികളും.

ഒരുവിധ വിവരസ്വകാര്യതാനിയമങ്ങളും ഇല്ലാത്ത രാജ്യമാണ് നമ്മുടേത്. വിവരശേഖരണത്തിനും അതുപോലെതന്നെ അവയുടെ ഉപയോഗത്തിനും നിയമപരമായ നിയന്ത്രണങ്ങൾ അടിയന്തരമായി കൊണ്ടുവരേണ്ടതുണ്ട്.

അല്ലാത്തപക്ഷം, ബഹുരാഷ്ട്രകമ്പനികളുടെ ഇത്തരം ചൂഷണങ്ങൾ നിർബാധം തുടരാനും ജനങ്ങൾ ഈ നിരന്തരഭീഷണിയിൽ ജീവിക്കാനും അത് ഇടവരുത്തും.

ഉപയോക്താക്കളെ പറ്റിയുള്ള, ആധാർപോലെയുള്ള സ്ഥിതിവിവരങ്ങൾ മേൽപറഞ്ഞതരം സാമൂഹ്യമാധ്യമങ്ങളിൽനിന്നും ഇന്റർനെറ്റ് ഉപയോഗത്തിൽനിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന ഭേദവിവരങ്ങളുമായി  ബന്ധിപ്പിക്കപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നാം ജാഗ്രത പുലർത്തേണ്ടതുണ്ട്.

പൊതുപ്പണം വൻതോതിൽ ചെലവഴിച്ച് നടത്തുന്ന അത്തരം വിവരശേഖരണം ജനാധിപത്യത്തിനുമുന്നിൽ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് ഇപ്പോൾത്തന്നെ വൻതോതിൽ ആക്ഷേപം ഉയർന്നു.

ശബ്ദമില്ലാത്തവരുടെ ശബ്ദമായും കാഴ്ചയില്ലാത്തവരുടെ കാഴ്ചയായും വർത്തിക്കേണ്ട ഒരിടമായാണ് ഇന്റർനെറ്റും അനുബന്ധസേവനങ്ങളും വികസിക്കേണ്ടത്.

പൗരർക്ക്, തങ്ങൾ ജീവിക്കുന്ന സമൂഹത്തെ സംബന്ധിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ പറയാനും മറ്റുള്ളവരുമായി സംവദിക്കാനും സൗകര്യമൊരുക്കുകവഴി സാമൂഹ്യമാധ്യമങ്ങൾ ജനാധിപത്യത്തെ ഒരു പുതിയതലത്തിലേക്ക് ഉയർത്തി.

അത്തരം ജനാധിപത്യത്തെ കൂടുതൽ അർഥവത്താക്കുന്നതും പൗരരെ ശാക്തീകരിക്കുന്നതുമായ അത്തരം പുരോഗമനങ്ങൾക്ക്, സാമൂഹ്യമാധ്യമങ്ങളുടെ കച്ചവടവൽക്കരണത്തിനുശേഷം തുടർച്ചയില്ലാതെപോയി.

മറിച്ച്, ഫെയ്സ് ബുക്ക് പോലെയുള്ള സാമൂഹ്യമാധ്യമങ്ങൾക്ക് ലഭിച്ച സ്വീകാര്യത ജനങ്ങളെ മുതലെടുക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കുകയുംചെയ്തു.

സാങ്കേതികമേന്മ മുതൽ സാമൂഹ്യമൂല്യങ്ങൾവരെ കമ്പോളവൽക്കരിക്കാൻ മടിയേതുമില്ലാത്ത മുതലാളിത്തത്തിന്റെ ലാഭനിർമാണ പ്രക്രിയയുടെ ഭാഗമായാണ് ഇങ്ങനെ സ്വകാര്യത നഷ്ടപ്പെടുന്നത്.

മനുഷ്യന്റെ സ്വകാര്യതപോലും ഒരു കേവലചരക്കായി മാറുന്ന അവസ്ഥയാണിത്.

കമ്പോളവൽക്കൃതമായ ലോകത്ത് സാങ്കേതികവിദ്യ മനുഷ്യരുടെ പൊതുവായുള്ള ഗുണത്തിനല്ല, കുത്തകകളുടെയും അവരുടെ രാഷ്ട്രീയ പാർടികളുടെയും സ്വാർഥതാൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഉപാധി എന്ന നിലയ്ക്കായിരിക്കും ഉപയോഗിക്കപ്പെടുക.

ബഹുരാഷ്ട്രകുത്തകകൾ ധനമൂലധനത്തിന്റെ പിന്തുണയോടെ നടപ്പാക്കുന്ന ഈ വിവരകച്ചവടത്തിന് അറുതി വരുത്തുന്ന തരത്തിലുള്ള നിയമനിർമാണം വേണം.

പൗരന്മാരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുന്നതോടൊപ്പം സർക്കാർ ഉൾപ്പെടെ ആരും ശേഖരിക്കുന്ന വിവരങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യംചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന നിയമനിർമാണമാണ് വേണ്ടത്.

വ്യക്തിവിവരങ്ങൾ ചോർത്തി അതുകൊണ്ട് ബ്ലാക്മെയിൽ ചെയ്തും വിലയ്ക്കെടുത്തും പ്രലോഭിപ്പിച്ചും അധികാരം പിടിക്കുന്ന രീതി ജനാധിപത്യത്തിന് നാണക്കേടാണ്
(സ്വതന്ത്രവിജ്ഞാന ജനാധിപത്യസഖ്യം‐

ഡിഎകെഎഫ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News