പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബംഗാളില്‍ തൃണമൂല്‍ അ‍ഴിഞ്ഞാട്ടം തുടരുന്നു; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവര്‍ക്ക് ക്രൂര മര്‍ദ്ദനം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കാൻ ഒരുദിനംമാത്രം ശേഷിക്കെ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഭീകരതാണ്ഡവം തുടരുന്നു.

പത്രിക സമർപ്പിക്കാനെത്തിയ പ്രതിപക്ഷഅംഗങ്ങളെ തൃണമൂൽ ഭീകരരും പൊലീസും സംയുക്തമായി വേട്ടയാടുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. സംഘടിതമായ അക്രമത്തെ തുടർന്ന് ഇതുവരെ നാലിലൊന്ന് സീറ്റിൽ പോലും പ്രതിപക്ഷകക്ഷികൾക്ക് പത്രിക സമർപ്പിക്കാനായിട്ടില്ല.

ഭീഷണി അവഗണിച്ച് പത്രിക സമർപ്പിക്കാൻ മുന്നിട്ടിറങ്ങിയ സിപിഐ എം കേന്ദ്ര‐ സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം നൂറുകണക്കിന് ഇടതുമുന്നണിപ്രവർത്തകർക്ക് പരിക്കേറ്റു.

വനിതകൾപോലും ക്രൂരമർദനത്തിന് ഇരയായി. ഹൗറ, ഹൂഗ്ലി, ജാർഗ്രാം, പൂർവ മെദിനിപുർ പശ്ചിമ മെദിനിപുർ, ജാൽപായ്ഗുരി, നാദിയ, മാൾദ, പുരുളിയ, ബാങ്കുറ ദക്ഷിണ 24 പർഗാനാസ് എന്നീ ജില്ലകളിൽ വ്യാപകമായ അക്രമം നടക്കുന്നു.

ഹൂഗ്ലി ജില്ലയിലെ അരംബാഗിൽ സിപിഐ എം വനിതാസ്ഥാനാർഥികളെ ബ്ലോക്ക് ഓഫീസിൽ നിന്ന് വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മർദിച്ചു. ഞായറാഴ്ച മൂർഷിദാബാദ് ജില്ലയിലെ നവഗ്രാമിൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ സ്ഥാനാർഥികളുടെ യോഗത്തിനിടെ തൃണമൂലുകാർ കടന്നുകയറി അക്രമം നടത്തി. പൊലീസ് ലാത്തിചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു.

ബാങ്കുറയിൽ ഇടതുമുന്നണി നിയമസഭാകക്ഷി നേതാവ് സുജൻ ചക്രവർത്തി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം അമിയ പത്ര, ഡിവൈഎഫ്ഐ ജനറൽ സെക്രട്ടറി അഭോയ് മുഖർജി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനുനേരെ അക്രമമുണ്ടായി.

അക്രമികൾ വഴിതടഞ്ഞ് നേതാക്കളെ തള്ളി താഴെയിട്ടു. ബർദ്വമാൻ സദർ ഡിവിഷനിൽ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ ഇടതുസ്ഥാനാർഥികളെ തൃണമൂലുകാർ തടഞ്ഞ് പത്രികകൾ നശിപ്പിച്ചു. പർടി ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം നസ്സുറുൾ ഇസ്ലാമിന് ഗുരുതര പരിക്കേറ്റു.

‘പ്രതിപക്ഷവിമുക്ത പഞ്ചായ’ത്തെന്ന മമത ബാനർജിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ വേണ്ടിയാണ് അനുയായികൾ ആയുധങ്ങളുമായി തെരുവിലിറങ്ങിയത്. മന്ത്രിമാരും എംഎൽഎമാരും സർക്കാർ ഓഫീസുകളിൽ ക്യാമ്പ് ചെയ്താണ് പത്രിക സമർപ്പണം നിയന്ത്രിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News