കലാവധി ക‍ഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പാക്കറ്റിലാക്കി വിപണിയിലെത്തിക്കുന്നു; കൊച്ചിയിലെ ഗോഡൗണുകളില്‍ പരിശോധന

കൊച്ചി മരടില്‍ കാലാവധി ക‍ഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പായ്ക്കറ്റില്‍ വിപണിയിലെത്തിക്കുന്ന ഗോഡൗണ്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

ചോക്ലേറ്റുകള്‍, മില്‍ക്ക് പൗഡറുകള്‍ തുടങ്ങീ കുട്ടികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് ക‍ഴിഞ്ഞ ദിവസം ഗോഡൗണില്‍ കണ്ടെത്തിയത്. ജില്ലയിലെ വിതരണ സ്ഥാപനങ്ങളില്‍ മു‍ഴുവന്‍ റെയ്ഡ് നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ചോക്ലേറ്റ്, മില്‍ക്ക് ഉത്പന്നങ്ങള്‍, ആട്ട, മൈദ, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി, മിഠായികള്‍ എന്നിങ്ങനെ വിവിധയിനം ഭക്ഷ്യവസ്തുക്കളാണ് നെട്ടൂര്‍ പിഡബ്ലിയു റോഡില്‍ സഹകരണ ബാങ്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കാര്‍വര്‍ എന്ന ഗോഡൗണില്‍ കണ്ടെത്തിയത്.

ഇവ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ബ്രാന്‍ഡഡ് കന്പനികളുടെ ഉത്പന്നങ്ങള്‍ പോലും കാലാവധി ക‍ഴിഞ്ഞിട്ടും പുതിയ പായ്ക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവിധമാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷിബു കെ വി പറഞ്ഞു.

രഹസ്യ വിവരത്തെ തുടര്‍ന്ന് മരട് നഗരസഭാ അധ്യക്ഷ സുനില സിബിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് കുട്ടികള്‍ ഉപയോഗിക്കുന്ന വിവിധയിനം ഭക്ഷ്യവസ്തുക്കള്‍ കണ്ടെടുത്തത്. സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കിയതായി നഗരസഭാ അധ്യക്ഷ പറഞ്ഞു.

തിരുവനന്തപുരം സ്വദേശി ശിവ സുബ്രഹ്മണ്യന്‍ എന്നയാളുടെ പേരിലാണ് സ്ഥാപനത്തിന്‍റെ വിതരണ ലൈസന്‍സ്. ഭക്ഷ്യവസ്തുക്കള്‍ ഏതൊക്കെ ഷോപ്പുകളിലേക്ക് എത്തിയിട്ടുണ്ടെന്ന് പരിശോധിക്കും.

ജില്ലയിലെ മറ്റ് വിതരണ കേന്ദ്രങ്ങളില്‍ കൂടി റെയ്ഡ് നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News