കേരളത്തില്‍ പുരുഷ വേശ്യമാരുടെ എണ്ണം 12,000; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്; ഓണ്‍ലൈന്‍ വ‍ഴിയും ലൈംഗീക വൃത്തി; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

കേരളത്തിൽ വേശ്യാവൃത്തിയുടെ മുഖം മാറുകയാണ്. റോഡരികിലും ബസ് സ്റ്റാൻഡിലും കാത്ത് നിൽക്കുന്ന വേശ്യകൾ ഇന്ന് കേരളത്തിൽ കുറവാണ്. ഓൺലൈൻ വ്യവസായമാക്കി മാറ്റുകയാണ് തൊഴിലിനെ. പെൺവാണിഭ സംഘങ്ങളുടെ കടന്നുവരവോടെയാണ് ഈ മാറ്റം. രാത്രി നഗരങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലെ ഇരുണ്ടവഴികളിലും മറ്റും ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നവരുടെ എണ്ണം കുത്തനെ കുറയുകയാണ്.

വർഷങ്ങൾക്ക് മുമ്പ് രാത്രികാലത്ത് കേരളം നേരിട്ട വലിയ സാമൂഹിക പ്രശ്‌നമാണ് ഓൺലൈനിന്റെ സാധ്യതകളിലൂടെ പുതിയ തലത്തിലേക്ക് പ്രവർത്തനം മാറ്റുന്നത്. സംസ്ഥാനത്ത് ഈ തൊഴിലിൽ ഏർപ്പെടുന്ന 15,802 സ്ത്രീകളുണ്ടെന്നാണ് കണക്ക്. പുരുഷന്മാർ 11,707 പേരും. കൃത്യമായി കണക്കില്ലെങ്കിലും രണ്ടായിരത്തോളം ഭിന്നലൈംഗികരും വേശ്യാവൃത്തിയിലൂടെ മുന്നോട്ട് പോകുന്നു. സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലെ പഠനത്തിലാണ് ഈ വിവരമുള്ളത്.

60 എൻ.ജി.ഒ.കൾ ചേർന്നാണ് സർവേ നടത്തിയത്. സംസ്ഥാനത്ത് ലൈംഗികത്തൊഴിൽ നിയമവിധേയമല്ല. അതുകൊണ്ട് തന്നെ ഓൺലൈൻ വഴിയും വാട്സാപ്പ് വഴിയുമൊക്കെ രഹസ്യമായി നിശ്ചിത സ്ഥലത്തെത്തി തൊഴിലിൽ ഏർപ്പെടുന്നവരാണ് വേശ്യകളിൽ കൂടുതൽ പേരുമെന്ന് സർവ്വേ വിശദീകരിക്കുന്നു. ഗ്രാമങ്ങളിൽനിന്ന് നഗരത്തിലെ പ്രത്യേക കേന്ദ്രത്തിലെത്തി തൊഴിലിൽ ഏർപ്പെട്ട് പോകുന്നവരും ഏറെ. ഇത്തരക്കാരെ നാട്ടുകാരോ സ്വന്തം വീട്ടുകാരോ പോലും അറിയുന്നില്ല.

വൻകിട ഹോട്ടലുകൾ, ഫ്ളാറ്റുകൾ, വാടകവീടുകൾ, അതിർത്തി സംസ്ഥാനത്തെ റിസോർട്ടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും ഇടപാടുകൾ നടക്കുന്നു. ആർഭാട ജീവിതസൗകര്യത്തിനായി ഈ തൊഴിൽ താത്കാലികമായി ചെയ്യുന്നവരുണ്ടെന്നും കണ്ടെത്തി. എച്ച്.ഐ.വി. ബാധിതരെയും അതിലേക്ക് നയിക്കുന്ന ലൈംഗികത്തൊഴിലിനെയും മനസ്സിലാക്കാനായിരുന്നു എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റ് സർവ്വേ നടത്തിയത്.

ഇതിൽ എച്ച്.ഐ.വി. ബാധിതർ കുറഞ്ഞുവെന്നും കണ്ടെത്തി. ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകളിൽ രണ്ടുപേർക്ക് മാത്രമാണ് എച്ച്.ഐ.വി. കണ്ടെത്തിയത്. 11,707 പുരുഷ ലൈംഗികത്തൊഴിലാളികളിൽ പത്തോളം പേർക്കും എച്ച്.ഐ.വി. കണ്ടെത്തി. പുരുഷ ലൈംഗിക തൊഴിലാളികളുടെ സാന്നിധ്യമായിരുന്നു റിപ്പോർട്ടിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

സ്ത്രീലൈംഗികത്തൊഴിലാളികൾ തിരുവനന്തപുരത്താണ് കൂടുതൽ. 2155 പേർ. 609 പേരുള്ള പത്തനംതിട്ടയിലാണ് കുറവ്. പുരുഷലൈംഗികത്തൊഴിലാളികൾ കൂടുതൽ മലപ്പുറത്താണ്. 1509 പേർ. കുറവ് കൊല്ലത്ത്. 766 പേർ. തിരുവനന്തപുരത്ത് 2155 സ്ത്രീകളും 1056 പുരുഷന്മാരും ലൈംഗീത തൊഴിലിൽ ഏർപ്പെടന്നു. കൊല്ലത്ത് ഇത് 1319ഉം 706ഉം ആണ്. പത്തനംതിട്ടയിൽ 609 സ്ത്രീകളും 988 പുരുഷന്മാരും ഉണ്ട്.

ആലപ്പുഴ 757ഉം 1021ഉം, കോട്ടയം 1124ഉം 784ഉം ആണ് ഇത്. ഇടുക്കിയിലെ കണക്ക് ലഭ്യമല്ലെന്നും സർവ്വേ പറയുന്നു. ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ കേന്ദ്രമായ എറണാകുളത്ത് എറണാകുളം 1384സ്ത്രീ വേശ്യകളും 771 പുരുഷ ലൈംഗിക തൊഴിലാളികളും ഉണ്ട്. തൃശ്ശൂരിൽ ഇത് യഥാക്രമം 1049ഉം 1098ഉം ആണ്. ഇവിടേയും പുരുഷ വേശ്യകളാണ് കൂടുതൽ. പാലക്കാട് 855സ്ത്രീകളും 749 പുരുഷന്മാരും ഈ തൊഴിലെടുക്കുന്നു.

മലപ്പുറത്ത് സ്ത്രീ വേശ്യകൾ കുറവാണ്. 741 സ്ത്രീകൾ മാത്രമാണ് ലൈംഗിക തൊഴിലെടുക്കുന്നത്. എന്നാൽ പുരുഷന്മാർ 1509ഉം. കോഴിക്കോട് 1700ഉം 1053ഉം പേർ യഥാക്രമം സ്ത്രീ പുരുഷ വേശ്യകളായുണ്ട്. വയനാട്ടിൽ പുരുഷന്മാരെ ആരേയും സർവ്വേയക്ക് കണ്ടെത്താനായില്ല. ഇവിടേയും ആൺ ലൈംഗിക തൊഴിലാളികൾ ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

വയനാട് 941 സ്ത്രീകളാണ് ഈ തൊഴിൽ ചെയ്യുന്നത്. കണ്ണൂരിൽ 749 സ്ത്രീകളും 802 പുരുഷന്മാരുമാണുള്ളത്. കാസർകോട് 783 സ്ത്രീകളും 1070 പുരുഷന്മാരും വേശ്യാവൃത്തിയുടെ ഭാഗമാണ്. മലബാർ മേഖലയിലാണ് പുരുഷ വേശ്യകളുടെ എണ്ണം കൂടുതൽ ഒരാളിൽനിന്നു മറ്റൊരാളെയും അതിൽനിന്ന് കൂടുതൽ ആളെയും രഹസ്യമായി കണ്ടെത്തിയായിരുന്നു സർവേ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like