ഹര്‍ത്താലിനിടയില്‍ താണ്ഡവമാടി ബിജെപി; പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ യുവാവിന് ബിജെപിക്കാരുടെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി വരാപ്പു‍ഴയില്‍ ബിജെപി ഹര്‍ത്താലിനിടെ വ്യാപക അക്രമം. എറണാകുളം-ഗുരുവായൂര്‍ ദേശീയപാത ഉപരോധിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ്സ് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥലത്ത് ഇപ്പോ‍ഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

മനുഷ്യമനസ്സാക്ഷിയെ പോലും മരവിപ്പിക്കുന്ന ക്രൂരമായ അക്രമമാണ് ബിജെപി പ്രവര്‍ത്തകര്‍ അ‍ഴിച്ചുവിട്ടത്. പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കുട്ടി അസുഖബാധിതനാണെന്നും ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും പിതാവ് കേണപേക്ഷിച്ചിട്ടും സമരക്കാര്‍ ചെവിക്കൊണ്ടില്ല.

തുടര്‍ന്ന് യാതൊരു പ്രകോപനവും കൂടാതെ പിതാവിനെ ബിജെപി പ്രവര്‍ത്തകര്‍ നിലത്തിട്ട് ചവിട്ടുകയും കൊടി നാട്ടിയ കന്പ് കൊണ്ട് അടിക്കുകയുമായിരുന്നു. പൊലീസെത്തിയാണ് ഇവരെ കടത്തിവിട്ടത്.

എറണാകുളം- ഗുരുവായൂര്‍ ദേശീയപാത ഉപരോധിച്ചുകൊണ്ടാണ് ബിജെപിയുടെ അതിക്രമം. പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ വാഹനം തടഞ്ഞത് ചോദ്യം ചെയ്തതോടെ ബിജെപി പ്രവര്‍ത്തകര്‍ കൊന്നുകളയുമെന്ന് ഭീഷണിയുമുയര്‍ത്തി.

വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതി ശ്രീജിത് മരിച്ച സംഭവത്തിലാണ് ബിജെപി അക്രമം അ‍ഴിച്ചുവിടുന്നത്. കേസില്‍ എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെയാണ് വരാപ്പു‍ഴ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചും വാഹനങ്ങള്‍ തടഞ്ഞും ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here