ജെഎന്‍യു അതിജീവനത്തിന്‍റെ സമരത്തിലാണ്; എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം നിതീഷ് നാരായണന്‍ എ‍ഴുതുന്നു

ഒരു സർവകലാശാലയുടെ സത്താപരമായ ഉള്ളടക്കം നിർണയിക്കുന്ന വിഭാഗങ്ങൾ ഒന്നാകെ ഏറ്റവും തീവ്രമായ സമരമുഖത്തേക്ക് കടക്കുന്നതാണ് ജെ എൻ യുവിന്റെ അനുഭവം.

നരേന്ദ്ര മോദിയുടെ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലയെ തകർക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു.

ആർ എസ്സ് എസ്സിന്റെയും ബിജെപിയുടെയും പൂർണ ആശിർവാദത്തോടെ ജഗദീഷ് കുമാർ എന്ന വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ജെ എൻ യുവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഓരോ പരിഷ്കാരവും ആ കാമ്പസിന്റെ അടിത്തറയിളക്കുന്നതും ഒരു സർവകലാശാലയെ നിശ്ചയമായും നിർമ്മിച്ചെടുക്കുന്ന മൂല്യബോധങ്ങളുടെ പരിസരത്തെ അട്ടിമറിക്കുന്നതുമാണ്.

അതുകൊണ്ട് തന്നെ എല്ലാ മാനദണ്ഡങ്ങളും മറികടന്ന് അടുത്ത കാലത്ത് വിസി നിയമിച്ച അധ്യാപകരും സംഘപരിവാര വിദ്യാർഥിസംഘടനയായ എബിവിപി യുടെ പ്രവർത്തകരും ഒഴിച്ച് തൊണ്ണൂറ് ശതമാനത്തിലധികം വരുന്ന മറ്റെല്ലാവരും സമരങ്ങളുടെ ഭാഗമാവുകയാണ്. ഇപ്പോഴിലെങ്കിൽ ഇനിയില്ല എന്നതാണ് സ്ഥിതി. ജെ എൻ യു ബാക്കിയാകുമോ എന്നത് തന്നെയാണ് ആശങ്ക. അത്തരത്തിൽ ഒരു സർവകലാശാലയുടെ ഒന്നാകെയുള്ള സമരത്തെയാണ് കഴിഞ്ഞ ദിവസം ദില്ലിയിലെ തെരുവിൽ വച്ച് പോലീസ് തല്ലിച്ചതച്ചതും പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതും.

ഏതെങ്കിലും ഒരു വിഷയത്തിന്റെ മാത്രം കേന്ദ്രീകരിച്ചായിരുന്നില്ല ജെ എൻ യു വിദ്യാർഥി യൂണിയനും അധ്യാപക യൂണിയനും മഹാരാഷ്ട്രയിലെ ഐതിഹാസികമായ ലോംഗ് മാർച്ചിൽ നിന്നും പ്രചോദനം ഉൾകൊണ്ട് കാമ്പസിൽ നിന്നും പാർലമെന്റിലേക്ക് പദയാത്ര സംഘടിപ്പിച്ചത്.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലും പൊതുവിലും ജെ എൻ യുവിൽ വിശിഷ്യയും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും പുരോഗമന സമൂഹത്തെ ലജ്ജിപ്പിക്കുന്നതുമായ സംഘപരിവാര അജണ്ടകളെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുക എന്നതും ഒരു സർവകലാശാല സമൂഹം എത്രമാത്രം അസ്വസ്ഥമാണ് എന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുക എന്നതുമായിരുന്നു ഇത്തരമൊരു പദയാത്രയിൽ അണിനിരക്കുന്നതിലൂടെ ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത്.

പൊതുജന പിന്തുണയോട് കൂടിയല്ലാതെ ഈ സമരം വിജയിപ്പിക്കാനാകില്ല എന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ട്. കാരണം, ഈ ആക്രമണം ഒരു ഒറ്റ തിരിഞ്ഞുള്ള പകപോക്കൽ അല്ല. രാജ്യത്തെ എല്ലാ നല്ല മാതൃകകളെയും ഇല്ലാതാക്കാനുള്ള വലിയ രാഷ്ട്രീയ പദ്ധതിയുടെ ഭാഗം തന്നെയാണ്.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നും ഒരാൾക്ക് പോലും കടന്നു ചെല്ലാൻ സാധിക്കത്ത വിധം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ വരേണ്യവിഭാഗത്തിനു മാത്രമായി സംവരണം ചെയ്യാനുള്ള ഗൂഢനീക്കത്തിനെതിരായ സമരം ഇന്ത്യൻ ജനതയുടെ സമരമായി വിപുലപ്പെടേണ്ടതുണ്ട്. ജെ എൻ യു ഉയർത്തുന്ന മുദ്രാവാക്യങ്ങളോന്നും പൊതുസമൂഹത്തിന് അന്യമായതല്ല.

സ്കൂൾ ഓഫ് ലൈഫ് സയൻസിലെ അതുൽ ജോഹരി എന്ന അധ്യാപകനെതിരെ ലൈഗികാതിക്രമത്തിനു പരാതിപ്പെട്ടത് ഒൻപത് വിദ്യാർഥിനികളാണ്. അശ്ലീല ചേഷ്ടകളിലൂടെയും ലൈഗികചുവയുള്ള വർത്തമാനങ്ങളിലൂടെയും ഭീഷണികളിലൂടെയും ക്രിമിനൽ സ്വഭാവമുള്ള ഈ അധ്യാപകൻ തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്ന് ഈ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തി. അവർക്ക് പിന്തുണയുമായി സഹപാഠികൾ ഒന്നാകെ രംഗത്തെത്തി.

ഇടതുപക്ഷത്തിന് രാഷ്ട്രീയ സ്വാധീനമുള്ള പഠനവിഭാഗമല്ല ലൈഫ് സയൻസ് ഡിപ്പാർട്ട്മെന്റ്. പലപ്പോഴും എ ബി വി പിയുടെ സ്ഥാനർഥികളോ സ്വതന്ത്രരോ ആണ് ഇവിടെ നിന്നും തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാറ്. പരാതി കൊടുത്ത വിദ്യാർഥികളിൽ ചിലർ തന്നെ തങ്ങൾ പിന്തുണച്ചിരുന്ന വിദ്യാഥി സംഘടന എബിവിപി ആയിരുന്നു എന്ന് തുറന്ന് പറഞ്ഞു.

ഇത്രയും ഗൗരവമുള്ള ആരോപണം ഒരധ്യാപകനെതിരെ ഉയർന്ന് വന്നിട്ടും, അതിനെ സാധൂകരിക്കും വിധമുള്ള പ്രതികരണം വിദ്യാർഥികളിൽ നിന്നൊന്നാകെ ഉണ്ടായിട്ടും അയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാനോ ഏതെങ്കിലും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാനോ ജെ എൻ യു ഭരണവിഭാഗം തയ്യാറായിട്ടില്ല. അതുൽ ജോഹരി ഒരു കടുത്ത സംഘപരിവാര സഹയാത്രികൻ ആണെന്നത് മാത്രമാണ് കാരണം.

തങ്ങൾ വേട്ടയാടപ്പെടുന്നതിനെക്കുറിച്ച്, ഭയത്തോടെ ലാബിലും ക്ലാസ്സ് മുറികളിലും പോകേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച്, ഒട്ടും സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തെക്കുറിച്ച് ഒരു കൂട്ടം പേൺകുട്ടികൾ പരാതിപ്പെട്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കാൻ ജെ എൻ യു വിലെ വൈസ് ചാൻസിലർ മനസ് കാണിച്ചിട്ടില്ല. ഒരു സർവകലാശാല ഭരണ വിഭാഗത്തിന് എത്രമാത്രം അപരിഷ്കൃതവും വിദ്യാർഥി വിരുദ്ധവുമാകാൻ സാധിക്കും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ മുദ്രാവാക്യം രാജ്യമെമ്പാടും പരസ്യബോർഡുകളിൽ തൂക്കിയ മോഡി സർക്കാറിന്റെ പോലീസ് അതുൽ ജോഹരിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ട് പോലും ആദ്യ നാല് ദിവസങ്ങളിൽ ജോഹരിയെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഉള്ള പോലീസ് തയ്യാറായില്ല.

വിദ്യാർഥികളും മഹിളാ അസോസിയേഷൻ ഉൾപ്പടെയുള്ള വനിതാ സംഘടനകളും തുടർച്ചയായി പോലീസ് സ്റ്റേഷനിലേക്ക് സമരം വ്യാപിപ്പിച്ചപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്താനെങ്കിലും അവർ നിർബന്ധിക്കപ്പെട്ടത്. എന്നാൽ ഒരു മണിക്കൂറിനകം ജാമ്യം ലഭിക്കും വിധം സൗകര്യങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തു.

സാമൂഹ്യനീതിയെ പകൽ വെളിച്ചത്തിൽ കൊന്ന് ആഘോഷിക്കുകയാണ് ജെ എൻ യു അഡ്മിനിസ്ട്രേഷൻ. ഈ വർഷം ആയിരത്തി ഒരുനൂറ് സീറ്റാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. രാജ്യത്തെ ഒരു സർവകലാശാലയിലും ഇത്തരമൊരു സീറ്റ് കട്ട് നടന്നിട്ടില്ല.

എന്നാൽ ജെ എൻ യുവിൽ നടപ്പിലാക്കുന്ന മാതൃക എല്ലാ സർവകലാശാലകളിലേക്കും വ്യാപിപ്പിക്കും എന്നതിൽ സംശയമില്ല. അതിന്റെ സൂചനകൾ പലയിടങ്ങളിലും കണ്ട് തുടങ്ങി. ഗവേഷണത്തിന്റെ ഗുണനിലവാരത്തിന്റെ പേരു പറഞ്ഞാണ് ഈ അതിക്രമം നടത്തിയിരിക്കുന്നത്.

ഓരോ അധ്യാപകനു കീഴിലും അയാളുടെ സീനിയോറിറ്റി അനുസരിച്ച് നിശ്ചിത എണ്ണം ഗവേഷകരെ മാത്രം അനുവധിക്കുക എന്നതാണ് വാദം. പ്രത്യക്ഷത്തിൽ യുക്തിപൂർവമെന്ന് തോന്നിപ്പിക്കുമെങ്കിലും എണ്ണമറ്റ വിദ്യാർഥികളുടെ അവസര നിഷേധത്തിലേക്കാണ് ഇത് നയിക്കുക.

ഗവേഷണത്തിന്റെ കാര്യത്തിൽ ഇത്തരമൊരു നിയന്ത്രണം അനുചിതമാണെന്ന് അധ്യാപക സമൂഹം ഒന്നടങ്കം ആവർത്തിച്ചിട്ടും അധികാരികൾ കേട്ടിട്ടില്ല. നിലവിലെ സംവിധാനം ഗവേഷണത്തിന്റെ ഗുണനിലവാരത്തെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കുന്നില്ലെന്നും ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രം ജെ എൻ യു തന്നെയാണെന്നും സർക്കറിന്റെ ഡാറ്റ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇനി ഇത്തരമൊരു തീരുമാനം നടപ്പിലാക്കണം എങ്കിൽ വിദ്യാർഥികളുടെ എണ്ണമനുസരിച്ച് കൂടുതൽ അധ്യാപകരെ നിയമിക്കുക എന്നത് മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. ഇതിലൂടെ കൂടുതൽ പേർക്ക് തൊഴിൽ നൽകുവാനും സാധിക്കുമായിരുന്നു.

എന്നാൽ ഒരോ വർഷവും രണ്ട് കോടി തൊഴിലവസരം പുതുതായി സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർ അതിനെക്കുറിച്ച് അലോചിക്കുന്നു പോലുമില്ല. നാമമാത്രമായ നിയമനങ്ങൾ നടന്നതാകട്ടെ അക്കദമികമായ എല്ലാ മാനദണ്ഡങ്ങളെയും അട്ടിമറിച്ച് കൊണ്ടും.

സീറ്റുകൾ വെട്ടിക്കുറച്ചത് മാത്രമല്ല, ഭരണഘടനയെ പോലും വെല്ലുവിളിച്ച് സംവരണ തത്വങ്ങൾ പിച്ചിചീന്തപ്പെട്ടു. പ്രവേശനം നടന്ന സീറ്റുകളിൽ തന്നെ പട്ടികജാതി വിഭാഗത്തിൽ 96 ശതമാനവും പട്ടികവർഗ വിഭാഗത്തിൽ 99 ശതമാനവും ഒബിസി വിഭാഗത്തിൽ 91 ശതമാനവും ഭിന്നശേഷിക്കരുടെ 50 ശതമാനവും സീറ്റുകൾ നിഷേധിക്കപ്പെട്ടു.
വരും വർഷത്തേക്ക് നടന്ന പ്രവേശന പരീക്ഷ കൂടുതൽ വിവേചനപരമായിരുന്നു.

എല്ലാ വിഭാഗങ്ങളിലും പെട്ട വിദ്യാർഥികൾക്ക് യോഗ്യതയ്ക്ക് ഒരേ മാർക്ക് നിശ്ചയിച്ച നടപടിയിലൂടെ ചരിത്രപരമായി അവഗണിക്കപ്പെട്ട ജനതയിലെ പുതു തലമുറ അഭിമുഖത്തിനു പോലും തിരഞ്ഞെടുക്കപ്പെടില്ലെന്ന് ബ്രാഹ്മണിക്കൽ ബോധത്തിന്റെ വിഴുപ്പ് പേറുന്ന അധികാരികൾ ഉറപ്പാക്കി.

സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വമായിരുന്ന സംഘപരിവാര കേന്ദ്രങ്ങൾക്ക് ഇതിൽ പരം സന്തോഷം പകരുന്ന മറ്റെന്തുണ്ട്. അതും സംവരണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ എക്കാലവും മുന്നിലുണ്ടായിരുന്ന ജെ എൻ യുവിൽ തന്നെ അത് നടപ്പിലാക്കൻ സാധിക്കുമ്പോൾ. പലപ്പോഴും ഇന്ത്യയുടെ ഒരു പരിച്ഛേദമായി ജെ എൻ യു അനുഭവപ്പെടാറുണ്ട്.

രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് പോലും വിദ്യാർഥികൾ ഇവിടെ പഠനത്തിനായി എത്തിയിരുന്നു. ചരിത്രത്തിലൊരിക്കലും വിദ്യാഭ്യാസതിന്റെയോ സാമൂഹിക പദവിയുടെയോ പ്രിവിലേജുകളൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള ആദ്യ തലമുറ വിദ്യാർഥികൾ അവരുടെ ജീവിതം ജെ എൻ യു വിൽ നിന്നും കരുപ്പിടിപ്പിച്ചിരുന്നു.

വരേണ്യ വിദ്യാഭ്യാസത്തിന്റെയും സമ്പന്ന സാഹചര്യത്തിന്റെയുമൊന്നും പശ്ചാത്തലമില്ലാതിരുന്നിട്ടും ഏറ്റവും മികച്ച പഠിതാക്കളായി മാറാൻ നിരവധി പേർക്ക് ഇവിടം ആത്മവിശ്വാസം നൽകിയിരുന്നു. ജാതി ബോധം നിർമിച്ചെടുത്ത വ്യാജമായ മെറിറ്റോക്രസിയെ ജെ എൻ യു ഉദാഹരണങ്ങളിലൂടെ പൊളിച്ചടുക്കിയിരുന്നു. എല്ലവർക്കും തുച്ഛമായ ഫീസിൽ പഠിക്കാൻ സാധിച്ചിരുന്നു. അതെല്ലാമാണ് അസ്തമിക്കാൻ പോകുന്നത്.

കഴിഞ്ഞ മാസം ഇറക്കിയ മറ്റൊരു നോട്ടീസിലൂടെ ഹോസ്റ്റൽ ഫീസ് ഏകദേശം ഇരട്ടിയോളം വർധിപ്പിക്കാൻ ഭരണകാര്യാലയം തീരുമനം എടുത്തിരിക്കുകയാണ്. പിന്നോക്ക വിഭാഗത്തിന് ആശ്വാസമായിരുന്ന എല്ലാ ഘടകങ്ങളും അവർ ഇല്ലാതാക്കുകയാണ്.

അക്കദമിക സമൂഹത്തിന്റെ അഭിപ്രായത്തെ പാടെ അവഗണിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഓരോ പരിഷ്കാരവും ജെ എൻ യുവിന്റെ ധിഷണാപരമായ ശേഷിയെ തന്നെയാണ് പരിക്കേൽപ്പിക്കാൻ പോകുന്നത്. ഒരു ഗവേഷണ സ്ഥാപനം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാത്ത വിധമാണ് ഇന്ന് വരെ ജെ എൻ യുവിലെ ഒരു ഡിപ്പാർട്ട്മെന്റിൽ പോലും പഠിപ്പിച്ചിട്ടില്ലാത്ത, യാതൊരുവിധ അക്കാദമിക് പ്രവർത്തനത്തിലും പങ്കാളിയായിട്ടില്ലാത്ത് വിസിയും കൂട്ടരും ഉത്തരവുകൾ ഇറക്കിക്കൊണ്ടിരിക്കുന്നത്. അതിലൊന്നാണ് നിർബന്ധിത അറ്റൻഡൻസ് സിസ്റ്റം.

അറ്റൻഡൻസ് ഇല്ല എന്നത് ജെ എൻ യുവിന്റെ അക്കാദമിക് പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. അറ്റൻഡൻസ് രജിസ്റ്റർ കാട്ടി ഭയപ്പെടുത്തിയായിരുന്നില്ല അധ്യാപകർ വിദ്യാർഥികളെ ക്ലാസുകളിലേക്ക് എത്തിച്ചിരുന്നത്. മറിച്ച് ഏറ്റവും മികച്ച ലെക്ചറുകൾ ഉറപ്പാക്കിക്കൊണ്ടായിരുന്നു.

അതുകൊണ്ട് തന്നെ വിദ്യാർഥികൾ ക്ലാസിൽ കയറുന്നില്ല എന്ന പരാതി ഇന്നുവരെ ഒരു അധ്യാപകരും ഉയർത്തിയതായുള്ള അനുഭവം ഇല്ല. സ്വന്തം ഡിപ്പർട്ട്മെന്റിനു പുറമെ വിദ്യാർഥികൾക്ക് താല്പര്യമുള്ള ക്ലാസുകളിലെല്ലാം അവർക്ക് ഇരിക്കമായിരുന്നു. മറ്റ് പഠനവിഭാഗങ്ങളിൽ നിന്നും കോഴ്സ് ചെയ്യാമായിരുന്നു.

അറ്റൻഡൻസിന്റെ സാങ്കേതികത ഇല്ലാതിരുന്നതിനാൽ തന്നെ പഠനപ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതായിരുന്നു. ഗവേഷകരെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും ഒപ്പിടാൻ വേണ്ടി മാത്രമായി ഡിപ്പാർട്ട്മെന്റിലേക്ക് പോവുക എന്നത് പ്രായോഗികമല്ല എന്ന് മാത്രമല്ല അതവരുടെ സക്രിയമായ അന്വേഷണങ്ങളെ തടസപ്പെടുത്തുകയും ചെയ്യും.

ഗവേഷണ സംബന്ധമായ വിവര ശേഖരണങ്ങൾക്കും ലൈബ്രറികളിലേക്കും ഒക്കെയുള്ള ഗവേഷകരുടെ നിരന്തര യാത്രകളെ അത് ചുരുക്കും, ഒരു പരിതിവരെ ഇല്ലാതാക്കും. സാമൂഹ്യ ശാസ്ത്ര ഗവേഷണത്തിന്റെ ജീവനെ തന്നെയാണ് അത് ഇല്ലാണ്ടാക്കുക.

ഒറീസയിലെ ഉൾനാട്ടിലെവിടെയെങ്കിലും ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് പഠിക്കുന്നവർക്ക്, തമിഴ്നാട്ടിലെ ജാതി ഗ്രാമങ്ങളെക്കുറിച്ച് ലോകത്തെ അറിയിക്കാൻ ഉദ്ദേശിക്കുന്നവർക്ക്, ആദിവാസികളെക്കുറിച്ച്, അവഗണിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കാൻ തയ്യാറെടുക്കുന്ന ഗവേഷകർക്ക് ഇനി ജെ എൻ യു വിലെ ലൈബ്രറിയിൽ മാത്രം ഇരുന്ന് പ്രബന്ധം എഴുതേണ്ടിവരും.

യാഥാർഥ്യങ്ങളെ നേരിട്ട് പകർത്താത്ത, യുക്തിപരവും വസ്തുനിഷ്ഠവുമല്ലാത്ത ഒന്നാക്കി സാമൂഹ്യ ശാസ്ത്ര ഗവേഷണത്തെ ചുരുക്കുക എന്ന സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് ജെ എൻ യുവിൽ അറ്റൻഡൻസിന്റെ പേരിൽ നടപ്പിലാക്കുന്നത്.

എബിവിപി ക്കാരാൽ ആക്രമിക്കപ്പെട്ട നജീബ് എന്നൊരു വിദ്യാർഥിയെ കാണാതായിട്ട് ഒന്നര വർഷം കഴിഞ്ഞു. തങ്ങൾ പൂർണ സംരക്ഷണം നൽകാൻ ബാധ്യസ്ഥരായിരുന്ന ഒരു വിദ്യാർഥിയെ ദുരൂഹമായ സാഹചര്യത്തിൽ കാണാതായത്തിന്റെ ഒരു ആശങ്കയും ജെ എൻ യുവിലെ ഭരണവിഭാഗത്തിനില്ല.

എന്നാൽ ഫീസ് വർധനവിനെതിരെയും, സംവരണം പാലിക്കാത്തതിനെതിരെയും, ലൈംഗികാതിക്രമങ്ങൾക്കെതിരെയും, പുരോഗമനപരമായ അക്കാദമിക് അന്തരീക്ഷം തകർക്കുന്നതിനെതിരെയും പ്രതിഷേധിക്കുന്ന വിദ്യാർഥികളെ തിരഞ്ഞെ പിടിച്ച് വേട്ടയാടുകയാണ്. അച്ചടക്ക നടാപടികൾ കൊണ്ട് അവരെ തുരത്തിയോടിക്കാൻ ശ്രമിക്കുകയാണ്.

വിമർശന ശബ്ദമുയർത്തിയ അധ്യാപകരോടും പക പോക്കൽ ആരംഭിച്ചിട്ടുണ്ട്. അറ്റൻഡൻസ് നടപ്പിലാക്കാൻ തയ്യാറാകുന്നില്ലെന്ന കാരണം പറഞ്ഞ് ഏഴ് സെന്ററുകളിലെ ചെയർപേഴ്സന്മാരെ കഴിഞ ദിവസം ഒരു പാതിരാത്രി ഇറക്കിയ സർക്കുലറിലൂടെ മാറ്റി.

ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ നിലവിലുണ്ടായിരുന്ന സമിതി (GSCASH) പിരിച്ചു വിട്ടതും ഇക്കാലത്താണ്. ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത വിധം അക്കാദമിക് കൗൺസിൽ പോലുള്ള ജനാധിപത്യ വേദികളെ തള്ളിക്കളയുകയാണ് ഏകാധിപതിയായ വൈസ് ചാൻസലർ.

അടുത്ത വർഷം മുതൽ പ്രവേശന പരീക്ഷ പൂർണമായും ഓൺലൈനിൽ നടത്തി ജെ എൻ യു വിദ്യാഭ്യാസം ഇന്ത്യയിലെ ഗ്രാമങ്ങളിലെ വിദ്യാർഥികൾക്ക് ശ്രമിച്ചു നോക്കാൻ പോലും പറ്റാത്തവിധം ക്രമപ്പെടുത്താനുല്ല നീക്കവും ആരംഭിച്ചു കഴിഞ്ഞു.

ഇതിനൊക്കെ പുറമെയാണ് ജെ എൻ യു ഉൾപ്പടെ 61 സ്ഥപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകാൻ യുജിസി തീരുമാനിച്ചത്. അക്കാദമിക് മികവ് ഉദ്ദേശിച്ചല്ല ഇത്തരമൊരു നീക്കം. മറിച്ച് ഇന്ത്യയിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കുക എന്നത് മാത്രമാണ്.

ഇഷ്ടം പോലെ പുതിയ കോഴ്സുകൾ തുടങ്ങാമെന്നും എന്നാൽ അതിനുള്ള ഫണ്ട് സർക്കാർ നലികില്ലെന്നതുമാണ് ഇതിന്റെ സാരം. വലിയ തോതിലുള്ള ഫീസ് വർധനവിലേക്ക് ഇത് നയിക്കും.

രാഷ്ട്രീയരംഗത്തും ഭരണരംഗത്തും പൊതു സർവീസിലും വിദ്യാഭ്യാസ മേഖലയിലും പത്രപ്രവർത്തനത്തിലും നയതന്ത്രത്തിലുമുൾപ്പട്ടെ താരതമ്യങ്ങളില്ലാത്ത സംഭാവന രാജ്യത്തിനു നൽകിയ മഹത്തായ ഒരു സ്ഥാപനത്തെയാണ് അടിവേരിളക്കി പറിച്ചു കളയാൻ ഭരണകൂടം ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്.

അതിനനുവധിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മാർച്ച് 23 നു ജെ എൻ യുവിലെ നിന്നും ആയിരക്കണക്കിനു വിദ്യാർഥികളും അധ്യാപകരും പൂർവക്വിദ്യാർഥികളുമെല്ലാം പതിനാല് കിലോമീറ്റർ അകലെയുള്ള പാർലമെന്റിലേക്ക് പദയാത്രയ്ക്കിറങ്ങിയത്. തീർത്തും സമാധാനപരമായി നീങ്ങിയ മാർച്ചിനെ പാതിവഴിയിൽ വച്ച് പോലീസ് ക്രൂരമായി ആക്രമിച്ചു.

പെൺകുട്ടികളുടെ വസ്ത്രം പോലും വലിച്ച് കീറിയായിരുന്നു അവർ പകതീർത്തത്. മാധ്യമപ്രവർത്തകർക്കും മർദ്ദനമേറ്റു. ഈ ലേഖകൻ ഉൾപ്പടെ 24 പേരെ കസ്ടഡിയിലെടുത്തു. പോലീസ് വാഹനത്തിലിട്ടും സ്റ്റേഷനിലിട്ടും മർദ്ദിച്ചു.

കലാപശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നു. എല്ലാ ഭീകരതകൽക്കുമിടയിലും ജെ എൻ യുവിലെ സമരം തുടരുകയാണ്. പ്രക്ഷോഭം അക്ഷരാർഥത്തിൽ സർവകലാശാലയെ നിശ്ചലമാക്കിയിരിക്കുന്നു.

ഒന്നുകിൽ വിജയം, അല്ലെങ്കിൽ ഒരു സർവകലാശാലയുടെ മരണം, ഒരുപാട് സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News