ഫേസ്ബുക്ക് ചോര്‍ച്ച; മാർക് സക്കർബർഗ് യുഎസ് സെനറ്റ് സമിതിയില്‍ വിശദീകരണം നല്‍കും

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നസംഭവത്തിൽ ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗ് യുഎസ് സെനറ്റ് സമിതിയില്‍ വിശദീകരണം നല്‍കും. തിരഞ്ഞെടുപ്പിനിടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്നു തെളിഞ്ഞതിനെത്തുടർന്ന് ഒട്ടേറെ റഷ്യൻ പേജുകൾ ഫെയ്സ്ബുക് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

ഡേറ്റ ചോർച്ച വിവാദത്തിൽ സമിതിക്കു മുൻപാകെ സക്കർബർഗ് മാപ്പു പറയുമെന്നാണു വിവരം. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫെയ്സ്ബുക് വഴി വിദേശ ശക്തികൾ ഇടപെട്ടുവെന്ന ആരോപണത്തിലും ഫെയ്സ്ബുക് മേധാവി ഇന്നു മറുപടി നൽകും.

തിരഞ്ഞെടുപ്പിൽ റഷ്യൻ ശക്തികളുടെ ഇടപെടൽ എത്രത്തോളം ഉണ്ടെന്നാണു സമിതി അന്വേഷിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്നു കരുതുന്ന ഒരു റഷ്യൻ ഏജൻസിയിൽ നിന്നുള്ള വിവരങ്ങൾ 14.6 കോടി പേരിലേക്കെങ്കിലും എത്തിയിട്ടുണ്ടെന്നും സക്കർബർഗ് സമ്മതിക്കുന്നു.

തെറ്റായ വാർത്തകൾ, സമൂഹത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്ന തരം പ്രസംഗങ്ങൾ തുടങ്ങിയവ പ്രചരിക്കുന്നതിലും ഫെയ്സ്ബുക് മാപ്പു പറയുമെന്നും യുഎസ് ഹൗസ് എനർജി ആൻഡ് കൊമേഴ്സ് കമ്മിറ്റി പുറത്തിറക്കിയ രേഖയിൽ പറയുന്നു.

വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലിനെ തുടർന്നാണു സെനറ്റ് സക്കർബർഗിനെ വിളിപ്പിച്ചത്.

ഫെയ്സ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യതാ വിവാദത്തിൽ ജനങ്ങളോടു പരസ്യമായി മാപ്പു പറഞ്ഞതിനു പിന്നാലെയാണ് സക്കർബർഗ് സമിതിക്കു മുൻപാകെ ഹാജരാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News