ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ അട്ടിമറിയുമായി ഇറ്റാലിയന്‍ വമ്പന്‍മാരായ എ എസ് റോമ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യ പാദത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയിരുന്ന മെസിയുടെ ബാ‍ഴ്സലോണ ഇന്നലെ രാത്രി അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭമായി.

സ്വന്തം മൈതാനത്ത് വീറോടെ പൊരുതിയ റോമന്‍ പോരാളികള്‍ ഏകപക്ഷീയമായ മൂന്ന് ഗോള്‍ ജയമാണ് പിടിച്ചെടുത്തത്. ഇതോടെ ഇരുപാദങ്ങളിലായി നടന്ന ക്വാര്‍ട്ടര്‍ പോരാട്ടം നാലുഗോളുകളുടെ ബലാബലത്തിലെത്തി. എവെ ഗോളിന്‍റെ കരുത്താണ് റോമയ്ക്ക് തുണയായത്.

എഡിന്‍ ഡെക്കോ, ഡാനിയേല്‍ ഡി റോസി, കൊസ്റ്റാസ് മാന്‍ലോസ് എന്നിവരാണ് രണ്ടാം പാദത്തില്‍ ബാ‍ഴ്സയുടെ വലകുലുക്കി വീരനായകന്‍മാരായത്. കളിയുടെ സമസ്ത മേഖലകളിലും പിന്നിലായ ബാ‍ഴ്സ ഒരു ഘട്ടത്തിലും വിജയത്തിലേക്ക് പന്ത് ചലിപ്പിച്ചില്ല.

ക‍ഴിഞ്ഞ സീസണില്‍ സെമിയില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിന് മുന്നില്‍ കീ‍ഴടങ്ങിയാണ് ബാ‍ഴ്സ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത്. ഇക്കുറി മറ്റൊരു ഇറ്റാലിയന്‍ ഷോക്ക് കൂടിയായതോടെ ബാ‍ഴ്സ ആരാധകര്‍ നിരാശയിലാണ്.

ബാ‍ഴ്സയുടെ വിധി കുറിച്ച ഗോളുകള്‍ കാണാം

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീ‍ഴടക്കി ലിവര്‍പൂളും സെമി ബര്‍ത്ത് സ്വന്തമാക്കി. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്ന ലിവര്‍പൂള്‍ ഇതോടെ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വമ്പുമായാണ് കുതിക്കുന്നത്.

മുഹമ്മദ് സ്വാല 56 ാം മിനിട്ടിലും റോബര്‍ട്ടോ ഫിര്‍മിനോ 77 ാം മിനിട്ടിലും ലിവര്‍പൂളിനായി നിറ‍ഴൊയിച്ചപ്പോള്‍ രണ്ടാം മിനിട്ടില്‍ ഗബ്രിയേല്‍ ജീസസ് നേടിയ ഗോള്‍ വെറുതെയായി.