റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയത് വാളും കൊടുവാളുമുപയോഗിച്ച്; കരുനാഗപ്പള്ളി കായലിലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി; നിര്‍ണായക തെളിവുകള്‍ ലഭിച്ചതിങ്ങനെ

റേഡിയോ ജോക്കി രാജേഷിന്റെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഒരു വാളും അറ്റം കൂർത്ത കൊടുവാളുമാണ് പൊലീസ് കണ്ടെടുത്തത്. കരുനാഗപ്പള്ളി കനേറ്റി പാലത്തിന് സമീപത്തു നടത്തിയ തിരച്ചിലിലാണ് രാജേഷിനെ കൊല്ലാൻ ഉപയോഗിച്ച ഈ ആയുധങ്ങൾ കണ്ടെടുത്തത്.

അലിഭായിയുടെ സാന്നിധ്യത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. രക്തം പുരണ്ട തങ്ങളുടെ വസ്ത്രങ്ങളും കൊലനടത്താൻ ഉപയോഗിച്ച വാളും കന്നേറ്റി കായലിൽ ഉപേക്ഷിച്ചെന്ന അലിഭായിയുടെ മൊഴിയെ തുടർന്നാണ് പൊലീസ് പ്രതിയുടെ സാനിധ്യത്തിൽ പരിശോധന നടത്തിയത്. ഇന്നലെ വൈകീട്ട് നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് തൊണ്ടി മുതലുകൾ കണ്ടെടുത്തത്.

ആറ്റിങ്ങൽ ഡിവൈ.എസ്‌പി പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ മുഖം മൂടി ധരിപ്പിച്ച് കൈകളിൽ വിലങ്ങണിയിച്ചാണ് കൊണ്ടുവന്നത്. കൊല നടത്തിയ നാലംഗ സംഘത്തെ നയിച്ച അലിഭായി ചൂണ്ടിക്കാണിച്ച ഭാഗത്ത് കായലിൽ മുങ്ങൽ വിദഗ്ദ്ധർ തെരച്ചിൽ നടത്തി.

കൃത്യത്തിനു ശേഷം മൂന്നംഗസംഘം സഞ്ചരിച്ച കാർ കന്നേറ്റി പാലത്തിന് മുകളിൽ നിറുത്തിയശേഷം വസ്ത്രങ്ങളും വാളും കാറിലിരുന്ന് തന്നെ കായലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഇയാൾ പറഞ്ഞത്.മുങ്ങൽ വിദഗ്ദ്ധർ രണ്ട് മണിക്കൂറോളം കായലിൽ തെരച്ചിൽ നടത്തി.

തൊണ്ടിസാധനങ്ങൾ എറിഞ്ഞതായി പ്രതി കാണിച്ചുകൊടുത്ത സ്ഥലത്തുനിന്ന് അവ ഒഴുക്കിൽപ്പെട്ട് പോയേക്കാമെന്ന നിഗമനത്തിൽ കായലിൽ കുറെ ദൂരെ വരെ തെരഞ്ഞെങ്കിലും ഇന്നലെ ഒന്നും കണ്ടെത്താനായില്ല. 5 മണിയോടെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെടുത്ത്

അലിഭായിയുടെ മൊ‍ഴി ഇങ്ങനെ

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുന്നതിനായി ക്വട്ടേഷന്‍ നല്‍കിയ അബ്ദുള്‍ സത്താര്‍ വാഗ്ദാനം ചെയ്തത് നാട്ടിലുള്ള തന്‍റെ സ്വത്തിന്‍റ വിഹിതവും 10 ലക്ഷം രൂപയുമാണെന്ന് അലീഭായിയുടെ വെളിപ്പെടുത്തല്‍.രാജേഷിനെ കൊലപ്പെടുത്താന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തിന് 5 ലക്ഷം രൂപ കൈമാറിയതായും അലീഭായി ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

അതേസമയം ക്വട്ടേഷന്‍ സംഘത്തിന്‍റെ വെട്ടേറ്റ് ചികില്‍സയില്‍ ക‍ഴിയുന്ന രാജേഷിന്‍റെ സുഹൃത്ത് കുട്ടന്‍,സ്വാലിഹ് എന്ന അലിഭായിയെ തിരിച്ചറിഞ്ഞു.വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുംശേഷം സ്വാലിഹിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വാലിഹ് എന്ന അലീഭായിയുടെ ചോദ്യംചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്.കൊലപാതകം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത് തന്‍റെ സുഹൃത്തും ബോസുമായ അബ്ദുള്‍ സത്താറാണെന്നത് ആദ്യമേ തന്നെ അലീഭായി കുറ്റസമ്മതം നടത്തിയിരുന്നു.

പിന്നീട് പല കേന്ദ്രങ്ങളിലായി പൊലാസ് ഉദ്ദ്യോഗസ്ഥരുടെ മാറിമാറിയുള്ള ചോദ്യംചെയ്യലിന്‍റെ മണിക്കൂറുകള്‍. എന്‍റെ കുടുംബം തകര്‍ത്തെറിഞ്ഞ രാജേഷിനെ കൊല്ലണം.അവന്‍റെ കുടുംബവും തകരണം.ആ വേദന കണ്ട് എന്‍റെ ഭാര്യയായിരുന്നവള്‍ പഠിക്കണം.എന്‍റെ മക്കള്‍ അനാഥരായിരിക്കുന്നു.രാജേഷിനെ വകവരുത്തുന്നതിനുള്ള ക്വട്ടേഷന് എത്ര രൂപ ചെലവായാലും സാരമില്ല.അത് ഞാന്‍ തരും.ഇപ്പോ‍ഴത്തെ എന്‍റെ സാമ്പത്തിക സ്ഥിതിക്ക് മാറ്റം ഉണ്ടാകുമ്പോള്‍ പണം എല്ലാം ഞാന്‍ സെറ്റില്‍ ചെയ്യും.

ഇങ്ങനെയൊക്കെ പറഞ്ഞാണ് സത്താര്‍ ,കൊലപാതക ക്വട്ടേഷന്‍ തന്നെ ഏല്‍പ്പിച്ചതെന്നും അലീഭായി പൊലീസിനോട് സമ്മതിച്ചു.കൂടാതെ ക്വട്ടേഷന് പ്രതിഫലമായി സത്താറിന്‍റെ ഓച്ചിറയിലുള്ള സ്വത്തിന്‍റെ വിഹിതവും പത്ത് ലക്ഷം രൂപയും സത്താര്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും അലീഭായി വെളിപ്പെടുത്തി.

പണം ഇപ്പോള്‍ താന്‍ ചെലവാക്കുമെന്ന് പിന്നേട് അത് ഒകെ ആക്കിയാല്‍ മതിയെന്ന് സത്താറിനോട് പറഞ്ഞാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും അലീഭായി പൊലീസിനോട് വെളിപ്പെടുത്തി.

ക്വട്ടേഷൻസംഘത്തിന് താന്‍ 5 ലക്ഷം രൂപ നല്‍കി.രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുന്നത് കായംകുളം സ്വദേശി അപ്പുണ്ണിയാണ്.സനു,യാസിര്‍ അബൂബക്കര്‍ എന്നിവരുമായി വിവരങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത കാര്യവും അവര്‍ വാഹനവും ആയുധവും എത്തിച്ച കാര്യവും ഗൂഡാലോചന നടത്തിയതും അലീഭായി പൊലീസിനോട് സമ്മതിച്ചു.

ഈ രണ്ട് പ്രതികളെയും അലീഭായിയെയും ഒരുമിച്ചിരുത്തിയും അന്വേഷണസംഘം ചോദ്യംചെയ്തു. അതേസമയം സംഭവ സമയത്ത് രാജേഷിനൊപ്പമുണ്ടായിരുന്ന രാജേഷിന്‍റെ സുഹൃത്ത് കുട്ടന്‍, അലീഭായിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവത്തിനുശേഷം ആയുധം ഉപേക്ഷിച്ചുവെന്ന് അലീഭായി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തി.

പൊലീസിന്‍റ കസ്റ്റഡിയിലുള്ളവരും അലീഭായി പറഞ്ഞ കാര്യങ്ങള്‍ സമ്മതിച്ചു.കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അലീഭായിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ സത്താറിനെയും രാജേഷിനുമായി അടുപ്പമുണ്ടായിരുന്ന ആലപ്പു‍ഴക്കാരി നൃത്താധ്യാപികയെയും ചോദ്യം ചെയ്യുന്നതിനായി ഖത്തറിലേക്ക് പോകാനും അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News