കര്‍ഷകപ്രക്ഷോഭങ്ങളുടെ 82 വര്‍ഷങ്ങള്‍; അഖിലേന്ത്യാ കിസാന്‍ സഭ പുതിയ പോരാട്ടങ്ങളിലേക്ക്

കൊളോണിയൽ ചൂഷകശക്തികളിൽനിന്നും ജന്മിത്വത്തിൽനിന്നുമുള്ള സ്വാതന്ത്ര്യത്തിനും കാർഷികമേഖലയുടെ പുനരുദ്ധാരണത്തിനും വേണ്ടി പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് 82 വർഷംമുമ്പാണ് അഖിലേന്ത്യ കിസാൻസഭ രൂപംകൊള്ളുന്നത്. 1936 ഏപ്രിൽ 11ന് ലഖ്നൗവിലാണ് സംഘടനയുടെ പിറവി. മത‐ജാതി‐ഭാഷ‐പ്രദേശ ഭേദമില്ലാതെ വർഗതാൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽമാത്രം പ്രവർത്തിക്കുന്ന സംഘടനയാണിത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20‐ാംനൂറ്റാണ്ടിന്റെ ആരംഭത്തിലും രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ ഒട്ടേറെ കർഷകസമരങ്ങൾ നടന്നു. 1929‐30ലെ സാമ്പത്തിക ക്കുഴപ്പം കൃഷിക്കാരെ വൻ സാമ്പത്തികത്തകർച്ചയിലേക്ക് എത്തിച്ചു. കർഷകരുടെ ജീവിതം ദുരിതപൂർണമായി. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ കർഷകർ പ്രക്ഷോഭം നടത്തി.

കാർഷിക സമ്പദ്ഘടന തകർന്നതിന്റെ ഫലമായുണ്ടായ അസംതൃപ്തിയെ നേർവഴിക്കു നയിക്കാനോ കർഷകർക്ക് വഴികാട്ടാനോ അന്നൊരു സംഘടിത കർഷകപ്രസ്ഥാനം ഉണ്ടായിരുന്നില്ല. ജന്മി‐ നാടുവാഴിത്ത ചൂഷണത്തിനും അന്യായ പലിശയ്ക്കും ഭാരിച്ച നികുതിക്കും മറ്റുമെതിരെ ബ്രിട്ടീഷ് പ്രവിശ്യകളിൽ ഉയർന്നുവന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് മീറത്തിൽ അഖിലേന്ത്യ സോഷ്യലിസ്റ്റ് പാർടിയുടെ ദേശീയ സമ്മേളനം നടന്നത്. 1935 ഡിസംബറിൽ ചേർന്ന ഈ സമ്മേളനത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും വിവിധ പ്രവിശ്യകളിൽനിന്ന് പങ്കെടുത്ത കർഷകനേതാക്കളും പ്രത്യേക യോഗം ചേർന്ന് കാർഷികപ്രശ്നങ്ങൾ ചർച്ചചെയ്തു. കൃഷിക്കാർക്ക് ഒരു അഖിലേന്ത്യ സംഘടനയ്ക്ക് രൂപംനൽകാൻ തീരുമാനിച്ചു.

1936 ഏപ്രിലിൽ ലഖ്നൗവിൽ അഖിലേന്ത്യ കോൺഗ്രസ് സമ്മേളനം ചേർന്നു. ബ്രിട്ടീഷ് പ്രവിശ്യകളിൽ നടന്നുവന്ന കർഷക കലാപങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ചും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും സമ്മേളനത്തിൽ സംസാരിച്ചു. തുടർന്ന് കർഷകപ്രവർത്തകരുടെ പ്രത്യേക സമ്മേളനം ചേർന്നു. ഈ സമ്മേളനത്തിൽ അധ്യക്ഷനായത് ബിഹാറിലെ കർഷകനേതാവായ സ്വാമി സഹജാനന്ദ സരസ്വതിയായിരുന്നു. 1936 ഏപ്രിൽ 11ന് ചേർന്ന ഈ സമ്മേളനം സംഘടനാ കമ്മിറ്റി തെരഞ്ഞെടുത്ത് അഖിലേന്ത്യ കിസാൻസഭയ്ക്ക് രൂപംനൽകി.

കിസാൻസഭയുടെ സ്ഥാപകനേതാക്കളായി ചരിത്രം രേഖപ്പെടുത്തിയത് സ്വാമി സഹജാനന്ദ സരസ്വതി, മുസഫർ അഹമ്മദ്, കാര്യാദനന്ദ ശർമ, ആചാര്യ നരേന്ദ്രദേവ്, ഹിന്ദുലാൽ യാജ്ഞിക്, രാഹുൽ സാംകൃത്യായൻ എന്നിവരാണ്.

കിസാൻപ്രസ്ഥാനത്തിന്റെ മുഖ്യകടമകൾ അന്ന് ഇങ്ങനെ പ്രഖ്യാപിച്ചു. എല്ലാ രൂപത്തിലുമുള്ള ചൂഷണത്തിൽനിന്ന് മോചനം നേടാൻ കൃഷിക്കാരെ തയ്യാറാക്കുന്നതിലേക്ക്, അവരുടെ അടിയന്തര സാമ്പത്തിക രാഷ്ട്രീയ ആവശ്യങ്ങൾക്കുവേണ്ടി സമരം ചെയ്യാൻ കൃഷിക്കാരെ സംഘടിപ്പിക്കുക’എന്നുള്ളതാണ്.
കിസാൻസഭ രൂപീകരിച്ച് എട്ടുമാസത്തിനുശേഷമാണ് കോൺഗ്രസിന്റെ ഫായിസ്പുർ സമ്മേളനം ചേർന്നത്. കിസാൻസഭയുടെ രൂപീകരണം ഇന്ത്യയിലെ കൃഷിക്കാരിൽമാത്രമല്ല കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വത്തിലും ഗുണകരമായ ചലനങ്ങൾ സൃഷ്ടിച്ചു. സമ്മേളനം പതിമൂന്നിന കർമപരിപാടികൾ അംഗീകരിച്ചു. ഇവയാണ് പിന്നീട് അഖിലേന്ത്യ കിസാൻസഭ പ്രക്ഷോഭ സമരപരിപാടികളിൽ മുദ്രാവാക്യമായി ഉയർത്തിക്കൊണ്ടുവന്നത്.

എല്ലാ കുടിയാന്മാർക്കും അവരുടെ ഭൂമിയിൽ വീടുവയ്ക്കാനും ചമയങ്ങൾ വച്ചുപിടിപ്പിക്കാനുമുള്ള അവകാശം നൽകണം. സഹകരണാടിസ്ഥാനത്തിൽ കൃഷി നടപ്പാക്കാൻ ശ്രമിക്കണം. കാർഷികകടത്തിന്റെ ഭാരം കുറയ്ക്കണം എന്നിവയായിരുന്നു അതിൽ പ്രധാനം.

കിസാൻസഭയുടെ രണ്ടാംസമ്മേളനം ഫായിസ്പുരിൽവച്ചുതന്നെയാണ് നടന്നത്. ഈ സമ്മേളനത്തിൽ അധ്യക്ഷനായത് ആന്ധ്രപ്രദേശുകാരനായ കോൺഗ്രസ് നേതാവ് എൻ ജി രങ്കയായിരുന്നു. കിസാൻസഭയെ കോൺഗ്രസിന്റെ പോഷകസംഘടനയായി മാറ്റാൻ അദ്ദേഹം ശ്രമിച്ചു. ഇതിനെ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും മാത്രമല്ല, സ്വാമി സഹജാനന്ദ സരസ്വതിയടക്കമുള്ള കർഷകനേതാക്കളും എതിർത്തു. പിന്നീട് എൻ ജി രങ്ക കിസാൻസഭയിൽനിന്ന് രാജിവച്ച് കിസാൻ കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപംനൽകി. മൂന്നാം അഖിലേന്ത്യ സമ്മേളനത്തിൽ സ്വാമി സഹജാനന്ദ സരസ്വതിയെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു.

ദേശീയ സ്വാതന്ത്ര്യസമരത്തിൽ കൃഷിക്കാരെ അണിനിരത്തുന്നതിൽ കിസാൻസഭ മുഖ്യ പങ്കുവഹിച്ചു. ചുരുങ്ങിയ കാലയളവിൽ കിസാൻസഭ രാജ്യത്ത് കരുത്തുറ്റ കർഷകസംഘടനയായി മാറി. കൃഷിക്കാരുടെ അസംതൃപ്തിയെ സ്വാതന്ത്ര്യത്തിനുള്ള സമരത്തിലേക്ക് തിരിച്ചുവിടാൻ കഴിഞ്ഞു.

സ്വാതന്ത്ര്യാനന്തരം ബൂർഷ്വ‐ഭൂപ്രഭു വർഗത്തിന്റെ വലയത്തിലായ കർഷകരെ സംഘടിപ്പിക്കൽ ആയാസകരമായി. കോൺഗ്രസ് സർക്കാർ തങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാൽക്കരിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചു. കിസാൻസഭയ്ക്ക് കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുകമാത്രമല്ല, ഭരണവർഗത്തിന്റെ ചൂഷണത്തിന് എതിരായിട്ടുള്ള പോരാട്ടത്തിന് നേതൃത്വം നൽകേണ്ടിയും വന്നു.

സ്വാതന്ത്ര്യാനന്തരം കിസാൻസഭയ്ക്കുള്ളിൽ ഇടതുപക്ഷ തീവ്രവാദവും പരിഷ്കരണവാദവും കടന്നുകൂടി. കർഷകപ്രസ്ഥാനത്തിന്റെ ഈ ദൗർബല്യം ഒഴിവാക്കി കൃഷിക്കാരുടെ ഐക്യത്തിന് നേതൃത്വം പരിശ്രമിച്ചു. അത് വിജയിച്ചില്ലെന്നുമാത്രമല്ല, ചെറുകിട നാമമാത്ര കർഷകരെയും കർഷകത്തൊഴിലാളികളെയും തള്ളിക്കളഞ്ഞ് ഇടത്തരം‐ധനിക‐കൃഷിക്കാരുടെ താൽപ്പര്യംമാത്രം സംരക്ഷിക്കാനുള്ള സംഘടനയാക്കി കിസാൻസഭയെ മാറ്റാൻ പരിഷ്കരണവാദികൾക്ക് കഴിഞ്ഞു. ഇത് കർഷകപ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തടസ്സമായി.

1964നുശേഷം ദരിദ്രകർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അടിസ്ഥാനത്തിൽ അഖിലേന്ത്യ കിസാൻസഭയെ കെട്ടിപ്പടുക്കാൻ ശ്രമിച്ചു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഐക്യം വളർത്തിയെടുക്കാൻ പ്രവർത്തിച്ചു.

1929‐30 കാലത്തെ സാമ്പത്തികപ്രതിസന്ധിയുടെ ഫലമായുണ്ടായ പ്രതിസന്ധിയെ അനുസ്മരിപ്പിക്കുമാറുള്ള സ്ഥിതിഗതികളാണ് ഇന്ന് ഇന്ത്യൻ കാർഷികമേഖലയിലുള്ളത്. കർഷകരുടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഉൽപ്പാദനച്ചെലവിന്റെ 70‐80 ശതമാനം മാത്രമാണ് ഉൽപ്പന്നവിലയായി കൃഷിക്കാരന് ലഭിക്കുന്നത്. ഉൽപ്പാദനസാമഗ്രികൾക്കുള്ള വില കുത്തനെ വർധിച്ചുകൊണ്ടിരിക്കുന്നു. വിള ഇൻഷുറൻസ് സ്വകാര്യകമ്പനികളുടെ ലാഭസ്രോതസ്സാക്കി മാറ്റി. വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് ആനുകൂല്യം നിഷേധിക്കുകയും ചെയ്യുന്നു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയെ സ്വകാര്യവൽക്കരിക്കുന്നു. സംഭരണനടപടികൾ നിർത്താനുള്ള ശ്രമം കേന്ദ്രം നടത്തുന്നു.

കേന്ദ്രം പ്രഖ്യാപിക്കുന്ന താങ്ങുവിലയേക്കാൾ കൂടുതൽ താങ്ങുവില നിശ്ചയിക്കുന്ന സംസ്ഥാനങ്ങളിൽ സംഭരണം നിർത്തുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തുന്നു. കർഷകരുടെ കടം എഴുതിത്തള്ളിയാൽ അതിന്റെ ഭാരം മുഴുവൻ സംസ്ഥാനംതന്നെ ഏറ്റെടുക്കണമെന്ന് നിർദേശിക്കുന്നു. എന്നാൽ, വൻകിട കോർപറേറ്റുകളുടെ കോടിക്കണക്കിന് രൂപ കേന്ദ്രം എഴുതിത്തള്ളുകയും ചെയ്യുന്നു.

മോഡിസർക്കാരിന്റെ സാമ്പത്തികനയങ്ങൾമൂലം ഗ്രാമീണ ഇന്ത്യയിലെ കർഷകരടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതത്തിന് ശക്തമായ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നോട്ട് അസാധുവാക്കലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കന്നുകാലിവധം നിരോധിച്ചതും കന്നുകാലിവ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും കർഷകർക്ക് ലഭിച്ച ഇരുട്ടടിയാണ്.

മോഡിസർക്കാർ അധികാരത്തിൽ വന്നിട്ട് മൂന്നുവർഷം പിന്നിട്ടിട്ടും കർഷകക്ഷേമ പ്രവർത്തനങ്ങളൊന്നും നടപ്പാക്കുന്നില്ലെന്നുമാത്രമല്ല, കാർഷികമേഖലയിൽ സ്വീകരിക്കുന്ന നടപടികൾ അങ്ങേയറ്റം കർഷകദ്രോഹപരവുമാണ്. കാർഷികമേഖലയെ വൻകിട കോർപറേറ്റുകൾക്ക് അടിയറവയ്ക്കാനുള്ള നിയമനിർമാണങ്ങളും നടപടികളുമാണ് കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കർഷകരുടെ ഭൂമി കൃഷിക്കാരുടെ അനുമതിയില്ലാതെ ഏറ്റെടുക്കൽ, കരാർകൃഷി നടപ്പാക്കൽ, ചില്ലറവ്യാപാര മേഖല കോർപറേറ്റുവൽക്കരിക്കൽ, കാർഷികവിപണിയെ ഇന്റർനെറ്റ് മുഖേന യോജിപ്പിക്കുന്ന ഇ പ്ലാറ്റ്ഫോം തുടങ്ങിയ പദ്ധതികൾ കാർഷികോൽപ്പന്നങ്ങൾ ചുരുങ്ങിയ വിലയ്ക്ക് സംഭരിക്കാൻ വൻകിട കച്ചവടക്കാരെ സഹായിക്കുന്നു. മോഡിസർക്കാരിന്റെ ഇത്തരത്തിലുള്ള കർഷകവഞ്ചന ഇന്ത്യൻ കർഷകർ തിരിച്ചറിയുന്നു.

സംസ്ഥാനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി കർഷകർ സമരരംഗത്തെത്തുന്നു. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി ഡസനിലധികം സംസ്ഥാനങ്ങളിൽ ഇത്തരം സമരങ്ങൾ ശക്തിപ്പെടുകയാണ്.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ചരിത്രത്തിൽ ഇടംപിടിച്ച കർഷകസമരമാണ് മാർച്ച് ആറുമുതൽ 12 വരെ നടന്ന നാസിക്‐മുംബൈ ലോങ്മാർച്ച്. ദേശീയ‐ സാർവദേശീയ തലത്തിലുള്ള ചർച്ചയ്ക്ക് ഈ പ്രക്ഷോഭം വഴിയൊരുക്കി. മഹാരാഷ്ട്ര സർക്കാരിന്റെ കർഷകവിരുദ്ധ‐ ജനവിരുദ്ധ നയങ്ങൾക്കെതിരായ ലോങ്മാർച്ചിന്റെ ആരംഭത്തിൽ മുപ്പതിനായിരത്തോളം കർഷകരാണ് ഉണ്ടായിരുന്നത്. മൂന്നുദിവസം പിന്നിടുമ്പോഴേക്ക് അത് അരലക്ഷവും മഹാരാഷ്ട്ര നിയമസഭയ്ക്കടുത്തെത്തിയപ്പോൾ ഒരുലക്ഷത്തിൽപ്പരവുമായി മാറി.

ഈ സാഹചര്യത്തിലാണ് അഖിലേന്ത്യ കിസാൻസഭയുടെ 82‐ാം വാർഷികം ഇന്ത്യയിലാകമാനം കൊണ്ടാടുന്നത്. എല്ലാ വില്ലേജിലും കിസാൻസഭ, എല്ലാ കൃഷിക്കാരും കിസാൻസഭയിൽ”എന്ന മുദ്രാവാക്യമാണ് ഉയർത്തുന്നത്. അതോടൊപ്പം കർഷക‐ ജനവിഭാഗത്തിന്റെ ദുരിതത്തിന് അറുതിവരുത്താൻ വിപുലമായ അഖിലേന്ത്യാ പ്രക്ഷോഭത്തിന് രൂപംനൽകിയിരിക്കുകയുമാണ്. കിസാൻസഭയുടെ നേതൃത്വത്തിൽ നൂറിൽപ്പരം സംഘടനകൾ പ്രക്ഷോഭത്തിൽ അണിചേരും. ഒന്നുകിൽ സർക്കാർ തങ്ങളുടെ നയം തിരുത്തുക. അല്ലെങ്കിൽ സർക്കാരിനെ മാറ്റുക’എന്ന മുദ്രാവാക്യമാണ് പ്രക്ഷോഭത്തിൽ ഉയർത്തുന്നത്.

കേന്ദ്ര സർക്കാരുകളുടെ ആഗോളവൽക്കരണ ഉദാരവൽക്കരണ നയങ്ങൾക്ക് ബദൽനയവുമായാണ് 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത്. കാർഷികമേഖലയിൽ കർഷകപക്ഷം ചേർന്നുകൊണ്ടുള്ള നവീനപദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. കേരളത്തിലെ കാർഷികോൽപ്പന്നങ്ങളുടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്.

കടക്കെണിയിൽനിന്ന് കർഷകരെ സംരക്ഷിക്കുന്നതിന് കർഷക കടാശ്വാസ കമീഷൻ, കർഷക പെൻഷൻ, ഉപാധിരഹിത പട്ടയം, കർഷകക്ഷേമ ബോർഡ്, നെല്ലിന് താങ്ങുവിലയും സംഭരണവും, നാളികേരസംഭരണ‐ സംസ്കരണ സംവിധാനം, പാൽ‐ മുട്ട‐ പഴം‐ പച്ചക്കറി സ്വയംപര്യാപ്തത തുടങ്ങി ഒട്ടേറെ കാർഷിക ബദൽനയങ്ങളുമായാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്.

കിസാൻസഭയുടെ 82‐ാമത് സ്ഥാപകദിനം സമുചിതമായി ആചരിക്കാനാണ് കർഷകസംഘം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 11ന് രാവിലെ കേരളത്തിലെ ഇരുപതിനായിരത്തിൽപ്പരം യൂണിറ്റുകളിൽ പതാക ഉയർത്തി പ്രഭാതഭേരിയും വൈകിട്ട് എല്ലാ വില്ലേജുകളിലും കർഷകപ്രകടനങ്ങളും വിശദീകരണയോഗങ്ങളും സംഘടിപ്പിക്കും. ജില്ലയിൽ ഒരു കേന്ദ്രത്തിൽ വിപുലമായ കർഷകസെമിനാറും മുൻകാല കർഷകസംഘം പ്രവർത്തകരെ ആദരിക്കലും നടക്കും. കേന്ദ്ര സർക്കാരിെന്റ കർഷകദ്രോഹ‐ ജനവിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭയുടെ നേതൃത്വത്തിൽ രാജ്യത്താകമാനം നടന്നുവരുന്ന കർഷകപോരാട്ടങ്ങൾക്ക് കരുത്തുപകരുംവിധം സ്ഥാപകദിനാചരണം വൻവിജയമാക്കാൻ സമസ്ത വിഭാഗം കർഷകരും അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്

(കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി കെവി രാമകൃഷ്ണനാണ് ലേഖകൻ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News