
ചെന്നൈ: കുട്ടിക്രിക്കറ്റിന്റെ ചൂടും ചൂരും നിറഞ്ഞുനിന്ന പോരാട്ടമായിരുന്നു ഇന്നലെ നടന്ന ചെന്നൈ കൊല്‍ക്കത്ത മത്സരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 203 റണ്‍സ് വിജയലക്ഷ്യം ചെന്നൈ മറികടന്നപ്പോള്‍ ആരാധകര്‍ക്ക് മനോഹര നിമിഷങ്ങളും ലഭിച്ചു.
സിക്സറുകളുടെ പെരുമഴ കണ്ട മത്സരത്തില്‍ ആന്ദ്രേ റസല്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് വാട്സനായിരുന്നു പട നയിച്ചത്.
പവര്‍പ്ലേയില്‍ യഥാര്‍ത്ഥ പവര്‍ കാട്ടിയായിരുന്നു വാട്സന് മുന്നേറിയത്. ഗ്യാലറിക്ക് മുകളിലൂടെയുള്ള വാട്സന്റെ സിക്സറുകള്‍ക്ക് അഴകൊന്ന് വേറെ തന്നെയായിരുന്നു. അതിലൊരെണ്ണം ആരാധകന്റെ ലാപ്ടോപ്പും തകര്‍ത്തുകളഞ്ഞു.
ചെന്നൈ ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിലായിരുന്നു ആരാധകന്റെ ലാപ് ടോപ് തകര്‍ത്ത വാട്സന്റെ പടുകൂറ്റന്‍ സിക്സ് പിറന്നത്.
വീഡിയോ കാണാം
അതേസമയം മൈതാനത്തിന് പുറത്തും അകത്തുമായി നടന്ന വമ്പന്‍ പ്രതിഷേധങ്ങളൊന്നും ചെന്നൈ സൂപ്പര്‍ കിംഗിസിന് ബാധിച്ചില്ല. കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്കോര്‍ മറികടന്ന് ധോണിയും സംഘവും വിജയം പിടിച്ചെടുത്ത്.
അവസാന ഓവറില്‍ 17 റണ്‍സെന്ന കടമ്പ ഒരു പന്ത് ശേഷിക്കെ മറികടന്ന് ത്രസിപ്പിക്കുന്ന വിജയമാണ് ചെന്നൈ നേടിയത്. തുടർച്ചയായ രണ്ടാം വിജയമാണ് സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്.കൊൽക്കത്ത ഉയർത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്.
ആവേശഭരിതമായ അവസാനഓവര്‍ വിനയ് കുമാറാണ് എറിഞ്ഞത്. ആദ്യ പന്ത് നോബോളായി. ബ്രാവോയാകട്ടെ അത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. അഞ്ചാം പന്ത് രവീന്ദ്ര ജഡേജയും ഗ്യാലറിക്ക് മുകളിലൂടെ പറത്തിയതോടെ വിജയം പറന്നെത്തി.
23 പന്തിൽ 56 റണ്‍സ് നേടിയ സാം ബില്ലിംഗ്സ്, 19 പന്തിൽ 42 റണ്‍സ് അടിച്ചുകൂട്ടിയ ഷെയ്ൻ വാട്സണ്, 26 പന്തിൽ 39 റണ്‍സ് നേടിയ അമ്പാട്ടി റായിഡു എന്നിവരുടെ പ്രകടനം ചെന്നൈ നിരയില്‍ ഏറെ നിര്‍ണായകമായി. വാട്സണും റായിഡുവും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 5.5 ഓവറിൽ 75 റണ്‍സാണ് അടിച്ചുകൂട്ടിയത്.
നായകൻ ധോണി 28 പന്തിൽ 25 റണ്‍സ് നേടി പുറത്തായപ്പോള്‍ ഏഴു പന്തിൽ 11 റണ്‍സുമായി ജഡേജയും അഞ്ചു പന്തിൽ 11 റണ്‍സുമായി ഡ്വെയ്ൻ ബ്രാവോയും പുറത്താകാതെനിന്നു.ട
നേരത്തെ വെസ്റ്റ് ഇൻഡ്യന്‍ സൂപ്പര്‍ താരം ആന്ദ്രെ റസലിന്റെ ഗംഭീര പ്രകടനത്തിന്റെ പിൻബലത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കൂറ്റൻ സ്കോർ പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കോൽക്കത്ത നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സ് നേടിയത്.
36 പന്തില്‍ നിന്ന് 88 റണ്‍സ് അടിച്ചുകൂട്ടിയ റസലാണ് കൊല്‍ക്കത്തയ്ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. 11 സിക്സറുകൾ പറത്തിയ റസല്‍ ഒരു ബൗണ്ടറിയും നേടി. ഒരുഘട്ടത്തിൽ പത്ത് ഓവറിൽ 89/5 എന്ന നിലയിലായിരുന്ന കൊൽക്കത്ത റസലിന്റെ മിന്നൽപ്രകടനത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ 202/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here