തിരുവനന്തപുരം: സിപിഐ എം നേതൃത്വം കൊടുക്കുന്ന ജൈവപച്ചക്കറി കൃഷി ക്യാമ്പയിന്റെ ആഭിമുഖ്യത്തില്‍ 2015 മുതല്‍ നടത്തിവരുന്ന വിഷുവിപണി ഈ വിഷുവിനോടനുബന്ധിച്ചും സംസ്ഥാനത്ത്‌ ആയിരത്തോളം കേന്ദ്രങ്ങളില്‍ നടത്തുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

വിവിധ സര്‍വ്വീസ്‌ സഹകരണ ബാങ്കുകളുടെയും സന്നദ്ധ സംഘടനകളുടെയും പാര്‍ടി ഘടകങ്ങളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്താകെ ഒരുക്കുന്ന ജൈവ വിപണിയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച വിഷരഹിതമായ പച്ചക്കറികള്‍ ലഭിക്കും.

കഴിഞ്ഞ 3 വര്‍ഷമായി സംസ്ഥാനത്തിന്റെ പച്ചക്കറി ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ധനവും, വിഷരഹിതമായി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നതില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച സംഘടനകളുടെയും ബാങ്കുകളുടെയും മറ്റും അനുഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനതല പ്രദര്‍ശനം ഏപ്രില്‍ 11 മുതല്‍ 15 വരെ ചെങ്ങന്നൂരില്‍ ഭവിഷുക്കണി 2018′ എന്ന പേരില്‍ ഒരുക്കിയിരിക്കുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സംയോജിത കൃഷിയുടെ അനുഭവങ്ങളും, ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്‌. കര്‍ഷകര്‍ക്ക്‌ കൃഷിയുടെയും മൃഗസംരക്ഷണത്തിന്റെയും കാര്യത്തില്‍ ആവശ്യമായ പരിഹാരം തേടുന്നതിനുള്ള കാര്‍ഷികാരോഗ്യ ക്ലിനിക്കുകളും ഒരുക്കിയിട്ടുണ്ട്‌.

കാര്‍ഷിക സംസ്‌കൃതിയുടെ വളര്‍ച്ച അടയാളപ്പെടുത്തുന്ന ഉപകരണങ്ങളുടെ പ്രദര്‍ശനവും, കാര്‍ഷിക നഴ്‌സറിയും, നൂതന കൃഷി രീതികളുടെ മോഡലുകളും പ്രദര്‍ശനത്തിലുണ്ട്‌. മാധ്യമസംഗമവും, വിവിധ വിളകളെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നു.

കേരളത്തിന്റെ കാര്‍ഷിക സ്വയംപര്യാപ്‌തതയ്‌ക്കും ഭക്ഷ്യസുരക്ഷയ്‌ക്കുമായി നടപ്പാക്കുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ നാട്ടുകാരുടെയും സഹായസഹകരണം പ്രതീക്ഷിക്കുന്നതായി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.