റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍; ഒന്നും രണ്ടും പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും പൊലീസ്

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം ക്വട്ടേഷന്‍ തന്നെയെന്ന് പൊലീസ്. ഖത്തറിലെ മലയാളി വ്യവസായി സത്താര്‍ ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നും സ്വാലിഹ് എന്ന അലീഭായി അത് നടപ്പാക്കുകയായിരുന്നുവെന്നും സംഭവത്തിനു പിന്നില്‍ വലിയ ഗൂഡാലോചനയായിരുന്നുവെന്നും അന്വേഷണ സംഘതലവന്‍ റൂറല്‍ എസ്.പി.അശോക് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേസില്‍ ആകെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായും ഒന്നാം പ്രതി സത്താറിനെയും മൂന്നാം പ്രതി അപ്പുണ്ണിയെയും ഉടന്‍ പിടികൂടുമെന്നും അന്വേഷണ സംഘം അറിയിച്ചു. തിരിച്ചറിയല്‍ പരേഡിനും തെളിവെടുപ്പിനുമായി പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം വ്യക്തമായ ഗൂഢാലോചനയിലൂടെയും പ്ലാനിംഗിലൂടെയും നടന്ന ക്വട്ടേഷന്‍ ആണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത സ്വാലിഹ് എന്ന അലിഭായിയുടെ വെളിപ്പെടുത്തലുകളാണ് സംഭവത്തിന്റെ വസ്തുത പുറത്താക്കിയത്.

ഖത്തറിലെ മലയാളി വ്യവസായി ഓച്ചിറ സ്വദേശി അബ്ദുള്‍ സത്താര്‍ കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കി. സത്താറിന്റെ ഭാര്യയും നര്‍ത്തകിയുമായ ആലപ്പുഴ സ്വദേശിനിക്ക് രാജേഷുമായുള്ള വഴിവിട്ട ബന്ധമാണ് സത്താറിന്റെ പ്രതികാരത്തിനും പകക്കും കാരണമായത്.തന്റെ ജീവിതം തകര്‍ത്ത റേഡിയോ ജോക്കി രാജേഷിനെ വകവരുത്തണം. അതിനുള്ള പദ്ധതി ഞാന്‍ പറഞ്ഞു തരാം.

എനിക്കു വേണ്ടി ഈ കൊലപാതകം നീ ചെയ്താല്‍ നിനക്ക് എന്റെ എല്ലാ ബിസ്സിനസ്സിലും പങ്കാളിത്തവും നാട്ടിലുള്ള എന്റെ സ്വത്ത് വകകളില്‍ വിഹിതവും നല്‍കാം. ഇങ്ങനെയാണ് സത്താര്‍ ക്വട്ടേഷന്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സ്വാലിഹിനോട് പറഞ്ഞത്.

കൃത്യം നടത്താന്‍ പോകുന്നതും തിരികെ വരുന്നതും നേരായ മാര്‍ഗ്ഗത്തിലൂടെ ആകരുതെന്നും സത്താര്‍ നിര്‍ദ്ദശം നല്‍കിയിരുന്നു.ഇതുപ്രകാരമാണ് സ്വാലിഹ് കാഡ്മണ്ടു വഴി ദില്ലി ‘പിന്നേട് ബാംഗ്ലൂര്‍ അവിടെ നിന്ന് കൊല്ലം.

എന്ന രീതിയില്‍ എത്തി കൊല നടത്തിയ ശേഷം വന്ന വഴി തന്നെ മടങ്ങിയതെന്നും അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്പി അശോക് കുമാര്‍ പറഞ്ഞു.കേസില്‍ സത്താര്‍ ഒന്നാം പ്രതിയും സ്വാലിഹ്, അപ്പുണ്ണി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണെന്നും ടു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മാര്‍ച്ച് 15ന് ആണ് സ്വാലിഹ് നാട്ടിലെത്തിയത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളിലായി ഗൂഡാലോചന നടത്തി.സാത്താന്‍ ചങ്ക് സ് എന്ന വാട്‌സ് അപ്പു് ഗ്രൂപ്പിലൂടെയാണ് കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ സംഘത്തെ ഏകോപിപ്പിച്ചത്.26 ന് പകല്‍ സ്വാലിഹും അപ്പുണ്ണിയും മടവൂരിലെത്തി രാജേഷിനെ നേരിട്ട് കണ്ട് മുഖം പരിചിതമാക്കി.27 ന് പുലര്‍ച്ചെ സ്വാലിഹ്, അപ്പുണ്ണി,തന്‍സീര്‍ എന്നിവര്‍ കാറിലെത്തി കൃത്യം നിര്‍വ്വഹിച്ച് മടങ്ങുകയായിരുന്നു.

കേസില്‍ അറസ്റ്റിലായ സ്വാലിഹ്, സനു, തന്‍സീര്‍, യാസിര്‍ അബൂബക്കര്‍, സ്വാതി സന്തോഷ് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. സാലിഹിനെ കൂടുതല്‍ തെളിവെടുപ്പിനും തിരിച്ചറിയല്‍ പരേഡിനുമായി അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം രാജേഷുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയിരുന്ന സത്താറിന്റെ ഭാര്യ നൃത്താധ്യാപികയെയും ചോദ്യം ചെയ്യലിനായി നാട്ടിലെത്തിക്കും. സത്താര്‍, അപ്പുണ്ണി എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

സത്താറിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടിയതായും പൊലീസ് പറഞ്ഞു.ഇതിനിടെ കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു.കൂട്ടായ പ്രവര്‍ത്തനവും കാര്യക്ഷമതയോടെയുള്ള അന്വേഷണവുമാണ് റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സഹായകരമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News