പുര നിറഞ്ഞ പുരുഷന്മാരെ കെട്ടാന്‍ കുടക് പെണ്‍കുട്ടികള്‍ തയ്യാറാണ്; പക്ഷേ ഒരു ഡിമാന്‍റുണ്ട്

പുര നിറഞ്ഞ് നില്‍ക്കുന്ന മലയാളി പുരുഷന്മാരെ കെട്ടാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കര്‍ണ്ണാടകയിലെ കുടക് സത്രീകള്‍. പക്ഷേ ഒരു ഡിമാന്‍റുണ്ട്. ജാതി, മതം, സാമ്പത്തിത്തിക സ്ഥിതി, സൗന്ദര്യം എന്നിവയൊന്നും ഒരു കാര്യമാക്കരുത്.

ഒരു വ്യവസ്ഥ മാത്രം, സ്ത്രീയെ മാത്രം തരും. സ്ത്രീധനമില്ല. വിവാഹം കഴിക്കണോ, ചുരം കയറി വരൂ, എന്നാണ് ഇപ്പോള്‍ അന്യനാട്ടുകാരോട് കുടകുകാര്‍ പറയുന്നത്.

കര്‍ണ്ണാടകയിലെ കുടകിലെ മടിക്കേരി, വീരാജ് പേട്ട, ഗോണിക്കുപ്പ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അങ്ങനെ നിരവധി പെണ്‍കുട്ടികളാണ് അങ്ങനെ വിവാഹം കഴിച്ച്‌ മലബാറിലേക്ക് വരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇരുനൂറിലേറെ കുടക് യുവതികളാണ് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലയിലുള്ളവരുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടത്. മലബാറിലെ ചില വിവാഹ ബ്രോക്കര്‍മാരും കുടകിലെ ചില ബ്രോക്കര്‍മാരും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണിത്.

വിവാഹ ദല്ലാളിന് 30,000 മുതല്‍ 50,000 വരെയാണ് കമ്മിഷന്‍. ചിലര്‍ക്ക് നാട്ടില്‍ പെണ്ണുകിട്ടാതായതോടെ അന്വേഷണം കുടകിലേക്ക് മാറ്റുകയായിരുന്നു. സാധാരണക്കാരായ കുടുംബങ്ങളില്‍ കല്യാണപ്രായമെത്തിയിട്ടും മംഗല്യഭാഗ്യം ലഭിക്കാത്ത ഒട്ടേറെ യുവതികളുണ്ടായിരുന്നു.

ഇതിനിടയിലാണ് കേരളത്തില്‍ നിന്നു വന്‍തോതില്‍ വിവാഹ ആലോചനകള്‍ എത്തിയത്. ആലോചനകളില്‍ അധികവും ഗള്‍ഫുകാരായ യുവാക്കളില്‍ നിന്നായിരുന്നു.

വിവാഹ ആലോചനക്ക് തയ്യാറാവുന്ന പുരുഷന് ജോലി വേണം. 35 വയസ് കവിയരുത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച വധുവിന്‍റെ വീട്ടില്‍ താമസിക്കണം. സമ്പാദ്യം, സ്വത്ത് എന്നിവ നിര്‍ബന്ധമില്ല. ഇത്രയുമാണ് വധുവിന്‍റെ വീട്ടുകാരുടെ വ്യവസ്ഥ.

മൈസൂര്‍ കല്യാണത്തിന്‍റെ പേരില്‍ നിരവധി പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിച്ച സംഭവത്തിന്റെ പ്രായശ്ചിത്തമായി കുടക് കല്യാണത്തെ കാണുന്നവരുണ്ട്.

കേരളത്തിലെ പെണ്‍കുട്ടികളുടെ ക്ഷാമം പറഞ്ഞാണ് പുരുഷന്മാര്‍ കുടകിലേക്ക് ചുരം കയറുന്നത്. പക്ഷേ ഇതിലും ഇപ്പോള്‍ കള്ളനാണയങ്ങള്‍ വ്യാപകമായിട്ടുണ്ട്.

വിവാഹത്തിന്റെ പേരു പറഞ്ഞ് മലബാറുകാരെ വഞ്ചിക്കുന്ന ചില തട്ടിപ്പ് സംഘങ്ങളും കുടകില്‍ സജീവമായിട്ടുണ്ട്. ശ്രദ്ധിച്ച്‌ കൈകാര്യം ചെയ്തില്ലെങ്കില്‍ പണി കിട്ടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here