ബിജെപി എംഎല്‍എയുടെ ബലാത്സംഗം: കുടിവെള്ളംപോലും നല്‍കുന്നില്ല; താനും കുടുംബവും പൊലീസിന്റെ ‘തടവിലെന്ന്’ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗര്‍ ബലാത്സംഗംചെയ്ത പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് ‘തടങ്കലിലാക്കി’. ജയിലിനു സമാനമായ രീതിയില്‍ ഹോട്ടല്‍മുറിയില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

കുടിവെള്ളംപോലും നല്‍കുന്നില്ല. പുറത്തുപോകാനോ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനോ അനുവദിക്കുന്നില്ല. അത്യാവശ്യസഹായം ആവശ്യപ്പെട്ടാല്‍ അത് തങ്ങളുടെ ജോലിയല്ലെന്നാണ് കാവല്‍നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യാശ്രമം നടത്തിയതിനു പിന്നാലെ ഇവരെ അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പപ്പു സിങ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

എംഎല്‍എയുടെ കൂട്ടാളികള്‍ വേട്ടയാടുന്നതിനാല്‍ ഉന്നാവ് ജില്ലയിലെ സ്വന്തം ഗ്രാമമായ മാഖിയിലേക്ക് തിരിച്ചുപോകാന്‍ ഗൃഹനാഥനെ നഷ്ടപ്പെട്ട ഈ കുടുംബത്തിന് സാധിക്കുന്നില്ല. ഇതിനു പിന്നാലെയാണ് ജില്ലാ അധികൃതര്‍ ഇവരെ തടവിനു സമാനമായ സാഹചര്യത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സംരക്ഷണം നല്‍കണമെന്ന ജില്ലാ മജിസ്‌ട്രേട്ടിന്റെ നിര്‍ദേശത്തിന്റെ മറവിലാണ് പൊലീസ് നടപടി.

അതേസമയം, സ്വമേധയ വിഷയത്തില്‍ ഇടപെട്ട അലഹബാദ് ഹൈക്കോടതി, പപ്പുസിങ്ങിന്റെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ഉത്തരവിട്ടു. കസ്റ്റഡിമരണത്തെ കുറിച്ച് വിവരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ എഴുതിയ കത്ത് ഹര്‍ജിയായി പരിഗണിച്ച ഹൈക്കോടതി വ്യാഴാഴ്ച ഇതുസംബന്ധിച്ച വിശദീകരണം നല്‍കാന്‍ യുപി അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചു.

ഇതിനിടെ, ഉന്നാവ് കൂട്ടബലാത്സംഗം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടുത്ത ആഴ്ച വാദംകേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നതടക്കമുള്ള ആവശ്യം ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

സംഭവം ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് യുപി സര്‍ക്കാര്‍. പപ്പു സിങ്ങിന്റെ കസ്റ്റഡി മരണത്തില്‍ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിങ് സെംഗര്‍ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

മര്‍ദനമേറ്റാണ് പപ്പു സിങ് മരിച്ചതെന്നും ശരീരത്തില്‍ 14 മുറിവുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗപരാതി അന്വേഷിക്കാന്‍ അന്വേഷക സംഘത്തെ നിയോഗിച്ചു. സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. സംഭവം നടന്ന് ഒരുവര്‍ഷത്തിനു ശേഷമാണ് തെളിവെടുപ്പ്. അതേസമയം എംഎല്‍എ കുല്‍ദീപ് സിങ് സെംഗര്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഭാര്യ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News