ബിജെപിയുടേത് തന്റേടമല്ല; ധാര്‍ഷ്ട്യവും ഭീരുത്വവും

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടവും പൂർണമായും സ്തംഭിച്ചു. ഒന്നാംഘട്ടത്തിന്റെ അവസാന നാളുകളിൽ ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവിക്കായി നടത്തിയ സമരത്തിന്റെ ഭാഗമായി സഭ കൃത്യമായി നടന്നില്ല. ആന്ധ്രപ്രദേശ് വിഭജിച്ചപ്പോൾ അന്നത്തെ കോൺഗ്രസ് സർക്കാരും പിന്നീടു വന്ന എൻഡിഎ സർക്കാരും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിന്റെ പേരിലായിരുന്നു സമരം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി തന്നെ 29 വട്ടം ഡൽഹിയിൽ വന്ന് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. വാഗ്ദാനങ്ങൾ പലതും ലഭിച്ചു. ഒന്നുപോലും നടപ്പായില്ല. ഇതിനെ തുടർന്നാണ് ആന്ധ്രയിലെയും തെലങ്കാനയിലെയും എംപിമാർ സമരത്തിനിറങ്ങിയത്.

ഇത്തവണ മാർച്ച് അഞ്ചുമുതൽ ഏപ്രിൽ ആറുവരെയാണ് സഭ സമ്മേളിച്ചത്. ആദ്യദിവസങ്ങളിൽ പിഎൻബി തട്ടിപ്പ്, ത്രിപുര തെരഞ്ഞെടുപ്പ് അട്ടിമറി എന്നീ വിഷയങ്ങൾ കോൺഗ്രസും സിപിഐ എമ്മും സഭയിൽ ഉന്നയിച്ചു. എന്നാൽ, ചർച്ചയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ബാങ്ക് അഴിമതി ചർച്ചചെയ്യാൻ അനുവദിക്കില്ലെന്ന സമീപനംതന്നെയാണ് സ്പീക്കർ സ്വീകരിച്ചത്. ബിജെപിയാകട്ടെ തങ്ങൾക്കിഷ്ടമുള്ള ബില്ലുകൾ പാസാക്കാനാണ് ശ്രമിച്ചത്. മറ്റു ചർച്ചയൊന്നും ചെവിക്കൊണ്ടില്ല. ആദ്യ നാലഞ്ചുനാൾ ഈ വിഷയങ്ങൾ സഭെയ പ്രക്ഷുബ്ധമാക്കി. ഇതിനിടയിലാണ് തെലുഗുദേശം പാർടിയും വൈഎസ്ആർ കോൺഗ്രസും പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കില്ലെന്ന മർക്കടമുഷ്ടി ബിജെപി തുടർന്നു.

കാവേരി ട്രിബ്യൂണൽ അടിയന്തരമായി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐഡിഎംകെയും പ്രത്യേക പദവിക്കുവേണ്ടി ടിആർഎസും നടുത്തളത്തിൽ ഇറങ്ങി പ്ലക്കാർഡുയർത്തി മുദ്രാവാക്യം മുഴക്കി. 11 മണിക്ക് സഭ സമ്മേളിച്ചയുടൻ സ്പീക്കർ സുമിത്ര മഹാജൻ സഭ നിർത്തിവച്ചു. വീണ്ടും സമ്മേളിക്കുമ്പോൾ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയവരുടെ പേരുകൾ സ്പീക്കർ വായിച്ചു. എന്നാൽ, ബഹളം കാരണം തനിക്ക് എണ്ണാൻ കഴിയുന്നില്ലെന്നും ആവർത്തിച്ചു. എഐഡിഎംകെ ഒഴികെയുള്ള പ്രതിപക്ഷ പാർടികൾ സ്പീക്കറുടെ നടപടിയെ വിമർശിച്ചു.

സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും പാർലമെന്ററി കാര്യ മന്ത്രി അനന്തകുമാറും ആവർത്തിച്ചെങ്കിലും തങ്ങളെ അനുകൂലിക്കുന്ന പാർടികളെ ഇളക്കിവിട്ട് ചർച്ച ഒഴിവാക്കാനുള്ള ആസൂത്രിത തന്ത്രമാണ് സർക്കാർ പയറ്റിയത്. സഭയിൽ ബഹളമാണെന്നു പറഞ്ഞ് അവിശ്വാസപ്രമേയ ചർച്ചയ്ക്ക് സപീക്കർ അനുമതി നിഷേധിക്കുമ്പോൾ അതീവ പ്രാധാന്യമുള്ള ധന ബില്ലുകൾ ഇതിലും ബഹളമുള്ള സമയത്താണ് ഒരു ചർച്ചയുമില്ലാതെ പാസാക്കാൻ സ്പീക്കർ അനുമതി നൽകിയത്.

ഇവിടെ സർക്കാരും സ്പീക്കറും നടത്തിയ ഒത്തുകളിയാണ് മറനീക്കുന്നത്. ഇതിന് കരുവാക്കിയത് എഐഡിഎംകെയെയും ടിആർഎസിനെയും. പിന്നീട് ടിആർഎസ് അതിൽനിന്നു പിന്മാറി. എന്നാൽ,എഐഡിഎംകെ അവസാനംവരെ സർക്കാരിനു വേണ്ടി സഭ തടസ്സപ്പെടുത്തി. തമിഴ്നാട്ടിൽ ഭൂരിപക്ഷമില്ലാത്ത എഐഡിഎംകെ സർക്കാരിനെ നിലനിർത്താൻ കേന്ദ്രത്തിന്റെ താങ്ങുവേണ്ടതിനാലാണ് എഐഡിഎംകെയുടെ ഈ അഭ്യാസം.

രാജ്യസഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള അവകാശം അംഗങ്ങൾക്കില്ല. അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എഐഡിഎംകെ, ഡിഎംകെ അംഗങ്ങൾ കാവേരി വിഷയത്തിൽ സഭ സ്തംഭിപ്പിക്കുന്ന സമീപനം സ്വീകരിച്ചു. ഇതിനിടയിൽ ബില്ലുകൾ പാസാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധമുയർന്നതേടെ പിൻവാങ്ങി.

ഇന്ത്യൻ പാർലെമന്റിലെ ചരിത്രത്തിൽ കറുത്ത അധ്യായമാണ് ഈ പാർലമെന്റ് സമ്മേളനം എഴുതിച്ചേർത്തത്. മുമ്പും പാർലമെന്റ് പ്രക്ഷുബ്ധമായിട്ടുണ്ട്. ശബ്ദായമാനമായ രംഗങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ അവ പാർലെമന്റ് നടപടിക്രമങ്ങൾ അനുസരിച്ചു തന്നെ നടപടി സ്വീകരിക്കാൻ സഭാധ്യക്ഷർക്ക് സാധിച്ചിട്ടുണ്ട്.

ഇടതുപക്ഷ പാർടികൾ യുപിഎ സർക്കാരിന് പിന്തുണ പിൻവലിച്ചപ്പോൾ അന്ന് വിശ്വാസപ്രമേയം അവതരിപ്പിച്ചത് സർക്കാർതന്നെയായിരുന്നു. ആണവ കരാറിനെ എതിർത്താണ് അന്ന് നിർണായക തീരുമാനം ഇടതുപക്ഷ പാർടികൾ സ്വീകരിച്ചത്. വിശ്വാസപ്രമേയത്തിന്റ ചർച്ചയ്ക്കിടയിൽ രണ്ട് എംപിമാർ കോടിക്കണക്കിനു രൂപയുടെ നോട്ടുകെട്ടുമായാണ് സഭയിലെത്തിയത്. അത് സഭയിൽ വലിച്ചെറിഞ്ഞു. അന്നത്തെ ഡെപ്യൂട്ടി സ്പീക്കർ സഭ നിർത്തിവയ്ക്കാതെ തന്നെ ഓടിരക്ഷപ്പെട്ടു. സ്പീക്കർ സോമനാഥ് ചാറ്റർജിയാകട്ടെ ഈ വിഷയത്തിൽ കർശന നടപടിയെടുത്തു. നിർത്തിവച്ച സഭ പുനരാരംഭിച്ചു.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചു. വിശ്വാസപ്രമേയം പാസാക്കാൻ ബിജെപിയും കോൺഗ്രസും പരസ്പരം കാലുമാറ്റം നടത്തിയപ്പോൾ ഇടതുപക്ഷ പാർടികളിലെ ഒരംഗത്തെപ്പോലും അടർത്തിമാറ്റാനായില്ല. ആന്ധ്ര വിഭജനപ്രശ്നത്തിൽ എംപിമാർ നടുത്തളത്തിൽ രണ്ടു ചേരിയായി വലിയ ബഹളമുണ്ടാക്കുകയും പെപ്പർ സ്പ്രേ ഉപയോഗിച്ച് പ്രകോപനമുണ്ടാക്കുകയും ചെയ്തപ്പോൾ ഇവർക്കെതിരെ നടപടിയെടുത്ത് സഭ മുന്നോട്ടുകൊണ്ടുപോകാൻ സോമനാഥ് ചാറ്റർജിക്ക് കഴിഞ്ഞു.

സഭയെ ആശങ്കയിലാക്കിയ മറ്റൊരു സംഭവമായിരുന്നു ചോദ്യക്കോഴ. പണം വാങ്ങി സഭയിൽ ചോദ്യമുന്നയിക്കാൻ നേതൃത്വം നൽകിയ എംപിമാരെ സഭാംഗത്വത്തിൽനിന്ന് ഒഴിവാക്കിയതിലൂടെ പാർലമെന്റിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചു. ഇതുപോലുള്ള നിരവധി അനുഭവം പാർലമെന്റിന്റെ ചരിത്രത്തിലുണ്ട്.

അവിശ്വാസപ്രമേയം വന്നാൽ മറ്റെല്ലാം മാറ്റിവച്ച് അത് പരിഗണിക്കണമെന്നാണ് ചട്ടം. ഇവിടെ അവിശ്വാസപ്രമേയ പരിഗണനയ്ക്ക് ആവശ്യമായ അംഗങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടും സ്പീക്കർ അതിന് തയ്യാറായില്ല. സർക്കാർ മുൻകൈയെടുത്തതുമില്ല. സഭ സുഗമമായി നടത്തിക്കൊണ്ടുപോകാൻ സർവകക്ഷി യോഗം വിളിച്ചുചേർക്കാനും തയ്യാറായില്ല.

ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ തുടർച്ചയായി ബഹളമുണ്ടാക്കുന്ന എംപിമാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചതുമില്ല ബിജെപി നേരത്തെ എഴുതിത്തയ്യാറാക്കിയ ഒരു തിരക്കഥ വിജയകരമായി അവതരിപ്പിക്കുകയായിരുന്നു മന്ത്രിമാരും സ്പീക്കറും എഐഡിഎംകെ നേതാക്കളും. ഭൂരിപക്ഷമുണ്ടെന്ന് തുടർച്ചയായി പറയുന്ന സർക്കാർ ചർച്ചയ്ക്ക് തയ്യാറല്ലെന്ന് പറയുന്നത് ദുരൂഹമാണ്.

ദേശീയതലത്തിൽ ബിജെപിക്കുള്ള മതിപ്പിൽ വലിയ കുറവുവന്നിരിക്കുന്നു. ബിജെപിയെ അനുകൂലിക്കുന്ന മൂന്നു പാർടികളെങ്കിലും പിന്തുണ പിൻവലിച്ചുകഴിഞ്ഞു. അവിശ്വാസപ്രമേയം ചർച്ച ചെയ്യുമ്പോൾ ബിജെപിയിൽ ഉണ്ടാകാനിടയുള്ള പൊട്ടിത്തെറിയുടെ തീവ്രതയാകട്ടെ പ്രവചനാതീതവും.ചിലർ പറയും ഇതിനെ സർക്കാരിന്റെ തന്റേടമെന്ന്്. എന്നാൽ, ഇത് തന്റേടമല്ല തനി തെമ്മാടിത്തവും ധാർഷ്ട്യവും ഭീരുത്വവുമാണ്. ഈ നിലപാട് സൃഷ്ടിച്ച ഗുണപരമായ കാര്യം പ്രതിപക്ഷനിരയിൽ രൂപപ്പെട്ട വിപുലമായ ഐക്യമാണ്. അതിന്റെ ഭാഗം തന്നെയാണ് പാർലമെന്റിനു മുന്നിൽ നൂറുകണക്കിന് എംപിമാർ പങ്കെടുത്ത പ്രതിഷേധസംഗമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News