പതിനൊന്നു വയസുമുതല്‍ ബിജെപി എംഎല്‍എയുടെ ക്രൂര പീഡനം; തുറന്ന് പറഞ്ഞപ്പോള്‍ നഷ്ടമായത് അച്ഛനെ; കടന്നുപോയ ഭീതിയുടെ വര്‍ഷങ്ങള്‍ വെളിപ്പെടുത്തി യുവതി

അവള്‍ക്കപ്പോഴേ അറിയാമായിരുന്നു ആ സ്പര്‍ശത്തില്‍ അറപ്പിക്കുന്ന എന്തോ ഒന്നുണ്ടായിരുന്നുവെന്ന്. പക്ഷേ അയാള്‍ക്ക് കീഴിലായിരുന്നു അവളുടെ അച്ഛന്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ മിണ്ടാതെ സഹിച്ചു. പതിനൊന്നു വയസിലായിരുന്നു ആദ്യ അനുഭവം.

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ നിന്നുള്ള എം.എല്‍.എ കുല്‍ദീപ് സിങ്ങ് സെന്‍ഗറിനെതിരെ ബലാത്സംഗം ആരോപിച്ച് പരാതി നല്‍കിയ ആ കൗമാരക്കാരിയുടെ വാക്കുകളാണിത്.

ആശയക്കുഴപ്പങ്ങളുടേയും ഭീതിയുടെയും വര്‍ഷങ്ങളിലൂടെ കടന്നുപോയതിന് ശേഷമാണ് കൗമാരക്കാരി ഇത് പുറത്തുപറയാന്‍ തീരുമാനിച്ചത്.

ഇപ്പോഴവള്‍ക്ക് തോന്നുന്നു, അത് പറയാതെ സ്വയം അനുഭവിച്ചാല്‍ മതിയായിരുന്നുവെന്ന്. കാരണം ആ പരാതിയില്‍ അവളുടെ ജീവിതം മുഴുവന്‍ മാറിമറഞ്ഞു. അവളുടെ അച്ഛനെ കുല്‍ദീപ് സിങ്ങിന്റെ സഹോദരന്റെ നേതൃത്വത്തില്‍ ഗുണ്ടകള്‍ പൊലീസ് നോക്കിനില്‍ക്കുമ്പോള്‍ തല്ലി കൊന്നു.

അവളുടെ പരാതി കഴിഞ്ഞ പതിനഞ്ചുവര്‍ഷം മൂന്ന് പാര്‍ട്ടിയിലായിലായി തുടര്‍ച്ചയായി എം.എല്‍.എയായ, മാക്കി എന്ന അവളുടെ ഗ്രാമത്തിലെ കണ്‍കണ്ടദൈവമായ, കുല്‍ദീപ്സിങ്ങ് സെന്‍ഗറിനെതിരെയായിരുന്നു.

വീടിന് പുറത്തിറങ്ങിയാല്‍ കുല്‍ദീപ് സിങ്ങിന്റെ ഗുണ്ടകള്‍ അവള്‍ക്ക് പിറകെയുണ്ടാകും. ഈ ശല്യത്തിന്റെ കാര്യം അവള്‍ അമ്മയോട് പറഞ്ഞതാണ്. പക്ഷേ, അച്ഛന്‍ കുല്‍ദീപ്സിങ്ങിന്റെ ജോലിക്കാരനാണ്, നാടിന്റെ അധിപനാണ് കുല്‍ദീപ്സിങ്ങ്.

ചെറിയ പെണ്‍കുട്ടിയുടെ പരാതിക്കൊന്നും അമ്മ ചെവികൊടുത്തുപോലുമില്ല. അതോടെ എട്ടാം ക്ലാസില്‍ വച്ച് അവള്‍ പഠനം തന്നെ അവസാനിപ്പിച്ചു.2017 ജൂണ്‍ നാലിന് എം.എല്‍.എയായി അധികം കഴിയുന്നതിന് മുമ്പ്, ജോലി നല്‍കാമെന്ന് പറഞ്ഞ് അവളെ വീട്ടിലേക്ക് വിളിപ്പിച്ചു. പുറത്ത് അനുയായികളെ ഇരുത്തി മുറിയടച്ചിട്ട് അയാള്‍ അവളെ ബലാത്സംഗം ചെയ്തു. അവള്‍ക്കപ്പോള്‍ 16 വയസാണ് പ്രായം.

സധൈര്യം അവള്‍ പരാതി നല്‍കിയെങ്കിലും ആദ്യ പൊലീസ് അവളുടെ വാക്കുകള്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ അവള്‍ തീകൊളുത്തി ആത്മഹ്യചെയ്യുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുവന്നതിന് ശേഷമാണ് അവളുടെ പരാതി വാര്‍ത്തയാകുന്നത്.

പരാതിക്കുശേഷം എം.എല്‍.എയുടെ സഹോദരന്‍ അതുല്‍ സിങ്ങ് സെന്‍ഗറും ഗുണ്ടകളും അവളുടെ അച്ഛനെ ആക്രമിച്ചു കൊന്നു. അച്ഛന്റെ മരണത്തോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് ആ പെണ്‍കുട്ടി പറയുന്നു. ആസ്പത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം എന്റെ അച്ഛനെ അവര്‍ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചു.

പൊലീസ് കസ്റ്റഡിയിലാണ് അച്ഛന്‍ മരിച്ചത്. മരണം സി.ബി.ഐ അന്വേഷിക്കണമെന്നാണിപ്പോള്‍ പെണ്‍കുട്ടിയുടെ ആവശ്യം. സെന്‍ഗറിനെതിരെ പരാതി നല്‍കിയതിന് അച്ഛന്റെ ജീവന്‍ വിലയായി നല്‍കേണ്ടി വന്നു.

അതേ സമയം സെന്‍ഗര്‍ ഇപ്പോഴും സ്വതന്ത്രനായി വിഹരിക്കുകകയാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News