കലാഭവന്‍ മണിയ്‌ക്കെതിരെ വിവാദ പരാമര്‍ശം; സംവിധായകനെതിരെ ‘അമ്മ’യിലും സാംസ്‌കാരിക വകുപ്പിനും സഹോദരന്റെ പരാതി

മരണത്തിന് കീഴടങ്ങിയെങ്കിലും കലാഭവന്‍ മണി ഇന്നും സിനിമാ ആസ്വാദകരുടെ മനസ്സിലെ നിറഞ്ഞ സാന്നിധ്യമാണ്. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും മികവ് തെളിയിച്ച കലാകാരനാണ് കലാഭവന്‍ മണി.

ഇന്നും ഉള്‍ക്കൊള്ളാന്‍ പറ്റാത്തൊരു വിയോഗം കൂടിയാണ് അദ്ദേഹത്തിന്റേത്. മണിയുടെ ജീവിതകഥ പറയുന്ന സിനിമയായ ചാലക്കുടിക്കാരന്‍ ചങ്ങാതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

സംവിധായകന്‍ ശാന്തിവിള ദിനേശ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പല പരാമര്‍ശങ്ങളും കലാഭവന്‍ മണിയെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നാണ് സിനിമാ പ്രവര്‍ത്തകരില്‍ നിന്നുതന്നെയുള്ള പ്രതികരണം.

കേരളത്തിന്റെയും മലയാള സിനിമയുടെയും അഭിമാനമായ കലാഭവന്‍ മണിയെക്കുറിച്ച് ഇങ്ങനെ പറയാനും മാത്രം അദ്ദേഹത്തിന്റെ മനോനിലയ്ക്ക് തകരാറ് സംഭവിച്ചോയെന്ന് ചോദിച്ച് സംവിധായകനായ ആലപ്പി അഷ്റഫാണ് ആദ്യം രംഗത്തുവന്നത്.

ശാന്തിവിള ദിനേശ് പറഞ്ഞത്

പൊതുവേദിയില്‍ മൈക്കിലൂടെ ദാരിദ്രത്തെക്കുറിച്ച് കലാഭവന്‍ മണി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ സമ്പന്നനായതിന് ശേഷം അദ്ദേഹം ചെയ്ത പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്ത തരത്തിലുള്ളതാണ്. സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ യോഗത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംസാരിച്ചതിന് ശേഷമാണ് മണി തനിക്കെതിരായത്.

അന്ന് മണി ഹൈദരാബാദിലായിരുന്നു. സംവിധായകനായ ഷാജി കൈലാസാണ് തന്റെ പ്രസംഗം അദ്ദേഹത്തിന് കേള്‍പ്പിച്ച് കൊടുത്തത്. ഇങ്ങനെയായിരുന്നു ശാന്തിവിള ദിനേശ് അഭിമുഖത്തില്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ തുറന്നുപറച്ചിലില്‍ സിനിമാപ്രവര്‍ത്തകരും മണിയുടെ ആരാധകരും ഒരുപോലെ ഞെട്ടിയിരുന്നു.

മണിയുടെ അനുജനായ ആര്‍എല്‍വി രാമകൃഷ്ണന്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സാസ്‌കാരിക വകുപ്പിനും താരസംഘടനയായ അമ്മയ്ക്കും ഇക്കാര്യത്തെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി.

കലാഭവന്‍ മണിയുടെ മരണ ശേഷം ഇത്തരത്തില്‍ അദ്ദേഹത്തെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് ഓര്‍ക്കാത്തതെന്താണെന്ന് രാമകൃഷ്ണന്‍ ചോദിക്കുന്നു. ഇമെയില്‍ മുഖേനയാണ് സാസ്‌കാരിക വകുപ്പിന് പരാതി നല്‍കിയത്.

ഈ സംഭവത്തിന് പിന്നില്‍ മറ്റാരോ ഉണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രാമകൃഷ്ണന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News