മോദിക്കെതിരെ വിരല്‍ചൂണ്ടി കായികലോകം; രാജ്യത്തിന്റെ മനസാക്ഷി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഗംഭീര്‍; രാജ്യത്തിന് നാണക്കേടെന്ന് സാനിയ

രാജ്യത്തെ നടുക്കിയ ഉന്നാവോ, കത്വാ പീഡനത്തിനെതിരെ കായിക താരങ്ങള്‍ രംഗത്ത്. ആസിഫയ്ക്കും ഉന്നാവോ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ട് രാജ്യമുടനീളം ശബ്ദമുയരുകയാണ് ഇപ്പോള്‍.  ബിജെപി ഗവണ്‍മെന്‍റിനും സംഘപരിവാര്‍ ക്രൂരതയ്ക്കുമെതിരെ രാജ്യ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

കത്വാ-ഉന്നാവോ കേസില്‍ പ്രധാനമന്ത്രി  മറുപടി പറയണമെന്നും രാജ്യത്തിന്‍റെ മനസാക്ഷിയെയാണ് ബലാത്സംഗം ചെയ്തതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചു.

ജമ്മു കശ്മീരില്‍ എട്ടു വയസുകാരി ആസിഫാ ഭാനുവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍  പെണ്‍കുട്ടിയ്ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയും രംഗത്തെത്തിയിട്ടുണ്ട്.

‘ലോകത്ത് നമ്മുടെ രാജ്യം ഇന്ന് ഇങ്ങനെ അറിയപ്പെടാനാണോ നാം ആഗ്രഹിക്കുന്നത് ? ജാതി മത ലിംഗ നിറബേധങ്ങള്‍ മറന്ന് ഈ എട്ടുവയസുകാരിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ ലോകത്ത്
മറ്റൊന്നിനുവേണ്ടിയും ഒരുമിക്കാന്‍ നമുക്കാകില്ല, മനുഷ്യത്വപരമായി പോലും…” സാനിയ ട്വീറ്ററിലൂടെ പ്രതികരിച്ചു.

വന്യമൃഗങ്ങള്‍ പോലും മാറിനില്‍ക്കുന്ന കാടത്തമാണ് ആ പെണ്‍കുഞ്ഞിന് നേരെ ഒരു കൂട്ടം ആളുകള്‍ കാട്ടിക്കൂട്ടിയത്.

നാടോടി മുസ്ലീമുകളായ ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട എട്ടു വയസുകാരിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ജനുവരി പത്തിനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്.

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യത്തിനെതിരെ കടുത്ത പ്രതിഷേധമാണ് രാജ്യമാകെ അലയടിക്കുന്നത്.

എന്നാല്‍ ഉന്നാവോ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എയെ സംരക്ഷിക്കാനാണ് യുപി ഗവണ്‍മെന്‍റ് മുന്നോട്ടു വന്നിരിക്കുന്നത്. എംഎല്‍ക്കെതിരെ തെളിവില്ലെന്നാണ് യോഗി സര്‍ക്കാറിന്‍റെ കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here