സജി തോമസ്, ടിഫാനി ബ്രാര്‍, ആര്യ രാജ്, കണ്മണി എന്നിവര്‍ക്ക് സ്വപ്നതിളക്കം; ശാരീരിക വെല്ലുവിളികളെ കാറ്റില്‍പറത്തി വിജയം പിടിച്ചെടുത്തവര്‍ക്ക് കൈരളി പിപ്പീള്‍ ടിവിയുടെ ഫീനിക്സ് പുരസ്കാരം

ശാരീരിക വെല്ലുവിളികളെ കാറ്റില്‍പറത്തി വിജയം പിടിച്ചെടുത്തവര്‍ക്കുള്ള കൈരളി പിപ്പീള്‍ ടിവിയുടെ ഫീനിക്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്കാരങ്ങള്‍ മലയാളത്തിന്‍റെ മഹാനടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടി വിതരണം ചെയ്തു. വൈകുന്നേരം ആറ് മണിക്ക് കൊണ്ടൂര്‍ ബാക്ക് വാട്ടര്‍ റിസോര്‍ട്ടില്‍ ആരംഭിച്ച ഫിനിക്‌സ് പുരസ്‌കാരവിതരണ ചടങ്ങ്  മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പുരുഷവിഭാഗത്തില്‍ സജി തോമസാണ് പുരസ്കാരം സ്വന്തമാക്കിയത്. കേള്‍ക്കാനും മിണ്ടാനുമാകാതിരുന്നിട്ടും ജിവിതവിജയം നേടിയെടുത്തതാണ് സജിയെ പുരസ്കാര നിറവിലെത്തിച്ചത്. മൂന്ന് വിമാനങ്ങള്‍ സ്വന്തമായുണ്ടാക്കിയിട്ടുള്ള വ്യക്തിത്വമാണ് സജി.

വനിതാ വിഭാഗത്തില്‍ ടിഫാനി ബ്രാറാണ് പുരസ്കാരം സ്വന്തമാക്കിയത്. അന്ധയായ ടിഫാനി അന്ധവിദ്യാര്‍ഥികളുടെ പഠനത്തിന് പുതിയ ദിശാബോധം നല്‍കിയതാണ് പുരസ്കാരനേട്ടത്തിലെത്തിച്ചത്.

കുട്ടികളുടെ വിഭാഗത്തില്‍ ആര്യ രാജാണ് സ്വപ്നനേട്ടം സ്വന്തമാക്കിയത്. സെറിബ്രല്‍ പാള്‍സി ബാധിച്ചിട്ടും തളര്‍ന്നുപോകാതെ ജീവിതവിജയം നേടിയെടുത്ത ആര്യ വേദിയില്‍ ഏവരുടെയും കൈയ്യടി ഏറ്റുവാങ്ങി.

കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം നേടിയത് കണ്മണിയാണ്.രണ്ട് കൈകളുമില്ലാത്ത കണ്‍മണി ചിത്രരചനയിലും ഗാനാലാപനത്തിലും മിടുമിടുക്കിയാണ്. സിനിമകളിലടക്കം പാടിയിട്ടുള്ള കണ്‍മണിയെ ഏവരും ഹൃദയംകൊണ്ടാണ് സ്വീകരിച്ചത്.

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ വിജയം നേടിയ മഹത് വ്യക്തികള്‍ക്ക് കൈരളി പീപ്പിള്‍ ടിവി ഏര്‍പ്പെടുത്തിയ പുരസ്കാര വേദിയില്‍ കൈരളി ടി വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നടത്തി.

പ്രമുഖ ചലച്ചിത്ര താരം നെടുമുടി വേണു മുഖ്യാതിഥിയായെത്തി. സി എഫ് തോമസ് എം എല്‍ എ, കൈരളി ടി വി ഡയറക്ടറന്മാരായ എം എം മോനായി, ടി ആര്‍ അജയന്‍ എ കെ മൂസ മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ജീവിതത്തില്‍ മഹാവിജയം നേടി മറ്റുള്ളവര്‍ക്ക് ആവേശമായി മാറിയ മഹത് വ്യക്തികളെയാണ് ഫിനിക്‌സ് അവാര്‍ഡിലൂടെ കൈരളി ആദരിച്ചത്.

വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച അംഗ പരിമിതരായ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എന്നിവരില്‍ നിന്നും തെരഞ്ഞെടുത്ത മൂന്നു പേര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

ചലച്ചിത്ര താരവും നര്‍ത്തകിയുമായ സുധാ ചന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മാദ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

പുരസ്കാരവിതരണം വെള്ളി‍യാ‍ഴ്ച (13 – 4 – 18) രാത്രി 9 മണിക്ക് കൈരളി പീപ്പിള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News