ജനിച്ച് മൂന്നാംനാള്‍ പിടിപെട്ട മഞ്ഞപ്പിത്തം ചലനശേഷി കവര്‍ന്നെടുത്തു; ഒന്ന് നടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല; വിധിക്ക് മുന്നില്‍ കീഴടങ്ങാത്ത ആര്യ ഒരു അത്ഭുതമാണ്

ചങ്ങനാശ്ശേരി: കൈരളി പീപ്പിള്‍ ടിവി ഫീനിക്‌സ് പുരസ്‌കാരവേദിയില്‍ ഏറെ ശ്രദ്ധനേടിയത് ആര്യരാജെന്ന പതിമൂന്നുകാരിയായിരുന്നു. സെറിബ്രല്‍ പാള്‍സിയെന്ന മാരകരോഗത്തിന് മുന്നില്‍ തരിമ്പും കൂസാതെ മുന്നേറുന്ന കൊച്ചുമിടുക്കി.

കുട്ടികളുടെ വിഭാഗത്തിലുള്ള പുരസ്‌കാരമാണ് ആര്യ സ്വന്തമാക്കിയത്. എല്ലാം തികഞ്ഞവരോട് ഏറ്റുമുട്ടനായിരുന്നു ആര്യയ്ക്ക് എന്നും താത്പര്യം.

യുണിസെഫിന്റെ ചൈല്‍ഡ് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുള്ള മിടുക്കി ഏവരുടെയും പ്രീയങ്കരികൂടിയാണ്. ക്വിസ് കോമ്പറ്റീഷനുകളില്‍ ഏവരെയും അത്ഭുതപ്പെടുത്തിയാണ് ആര്യ മികവിന്റെ പടവുകള്‍ ചവിട്ടികയറിയത്.

രണ്ടാം ക്ലാസ് മുതല്‍ ക്വിസിലും മറ്റു മത്സരങ്ങളിലും സ്‌കൂളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എല്ലാം തികഞ്ഞവരോട് ഏറ്റുമുട്ടിയായിരുന്നു അവള്‍ എന്നും വിജയിച്ചിട്ടുള്ളത്.

വെസ്റ്റ്ഹില്‍ ചുങ്കം യു.പി. സ്‌കൂളിന് ആദ്യമായി ക്വിസ്സിലെ നെഹ്രു ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊടുത്താണ് ആര്യ ജിവീതവിജയത്തിന്റെ കാഹളം മുഴക്കിയത്.

ശാസ്ത്രജ്ഞയാവുക എന്ന സ്വപ്‌നം ഹൃദയത്തിലേറ്റിയാണ് അവള്‍ എന്നും നടക്കുന്നത്. സ്റ്റീഫന്‍ ഹോക്കിന്‍സിന്റെയും എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും പാത പിന്‍തുടരുകയെന്ന ദൃഢനിശ്ചയത്തിലാണ് ആര്യ.

പഠനമേഖലയില്‍ മാത്രമല്ല ചിത്ര രചനയിലും കവിത എഴുത്തിലും കവിതാപാരായണത്തിലും ഈ കൊച്ചുമിടുക്കി കഴിവ് തെളിയിച്ചിട്ടുണ്ട്. ദില്ലി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പട്ടപ്പോള്‍ ആ അനുഭവങ്ങള്‍ യാത്രാവിവരണമാക്കിയും ശ്രദ്ധനേടിയിട്ടുണ്ട്.

തന്റെ പ്രയാസങ്ങളെ ആര്‍ജവംകൊണ്ടും മനക്കരുത്ത് കൊണ്ടുമാണ് ആര്യ അതിജീവിക്കുന്നത്. ജനിച്ചതിന്റെ മൂന്നാം നാള്‍ ബാധിച്ച മഞ്ഞപ്പിത്തം ആര്യയുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ദുരന്തമായിരുന്നു. ചലനശേഷി നഷ്ടപ്പെടുന്ന സെറിബ്രല്‍ പാള്‍സിയെന്ന മാരകരോഗമായിരുന്നു ആര്യയെ തേടിയെത്തിയത്.

മൂന്നുമാസം പിന്നിട്ടിട്ടും കമിഴ്ന്ന് വീഴാനാകുന്നില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് വൈദ്യശാസ്ത്രത്തില്‍ അഭയം തേടിയത്. പന്ത്രണ്ട് വയസ്സുവരെ നടക്കാനാകില്ലായിരുന്നു.

തോല്‍ക്കാന്‍ മനസ്സില്ലാതിരുന്ന ആര്യയുടെ പരിശ്രമങ്ങള്‍ക്ക് മുന്നില്‍ വിധി തോറ്റ് പിന്‍മാറി. കൈപിടിച്ചു നടക്കാന്‍ തുടങ്ങിയ ആര്യ ഇന്ന് ഒറ്റയ്ക്ക് നടക്കാനുള്ള സ്വപ്‌നങ്ങളാണ് പങ്കുവയ്ക്കുന്നത്. ഡിസൈനറായ രാജീവാണ് ആര്യയുടെ അച്ഛന്‍. പുഷ്പജ അമ്മ.

ഇവര്‍ പകര്‍ന്നു നല്‍കുന്ന കരുത്തും മറ്റുള്ളവരുടെ പ്രോത്സാഹനവും കൂടിയാകുന്നതോടെ ആര്യയുടെ സ്വപ്‌നങ്ങളെല്ലാം പൂവണിയുമെന്നുറപ്പാണ്. മലയാളത്തിന്‍റെ മഹാനടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയില്‍ നിന്നാണ് ആര്യ പുരസ്കാരമേറ്റുവാങ്ങിയത്

വീഡിയോ കാണാം

വൈകുന്നേരം ആറ് മണിക്ക് കൊണ്ടൂര്‍ ബാക്ക് വാട്ടര്‍ റിസോര്‍ട്ടില്‍ ആരംഭിച്ച ഫിനിക്‌സ് പുരസ്‌കാരവിതരണ ചടങ്ങ്  മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൈരളി ടി വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നടത്തി.

പ്രമുഖ ചലച്ചിത്ര താരം നെടുമുടി വേണു മുഖ്യാതിഥിയായെത്തി. സി എഫ് തോമസ് എം എല്‍ എ, കൈരളി ടി വി ഡയറക്ടറന്മാരായ എം എം മോനായി, ടി ആര്‍ അജയന്‍ എ കെ മൂസ മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ജീവിതത്തില്‍ മഹാവിജയം നേടി മറ്റുള്ളവര്‍ക്ക് ആവേശമായി മാറിയ മഹത് വ്യക്തികളെയാണ് ഫിനിക്‌സ് അവാര്‍ഡിലൂടെ കൈരളി ആദരിച്ചത്.

വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച അംഗ പരിമിതരായ സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എന്നിവരില്‍ നിന്നും തെരഞ്ഞെടുത്ത മൂന്നു പേര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

ചലച്ചിത്ര താരവും നര്‍ത്തകിയുമായ സുധാ ചന്ദ്രന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷര്‍മാദ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.

പുരസ്കാരവിതരണം വെള്ളി‍യാ‍ഴ്ച (13 – 4 – 18) രാത്രി 9 മണിക്ക് കൈരളി പീപ്പിള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here