സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ വാദങ്ങള്‍ പൊളിയുന്നു; സമരം സ്വകാര്യ പ്രാക്ടീസില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെടാതിരിക്കാനും ആര്‍ദ്രം പദ്ധതി അട്ടിമറിക്കാനും; യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെ

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കിയ ഒപി സംവിധാനംമൂലം ജോലിഭാരം കൂടുന്നുവെന്ന ഡോക്ടര്‍മാരുടെ വാദം പൊളിയുന്നു.നേരത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 5 മണിക്കൂര്‍ ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ റൊട്ടേറ്റിംഗ് രീതിയിലുള്ള പുതിയ ഡ്യൂട്ടി സമയക്രമീകരണം അനുസരിച്ച്കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നാലരമണിക്കൂര്‍ മാത്രമാണ് ഡ്യൂട്ടി ചെയ്യേണ്ടവരിക.

മതിയായ ജീവനക്കാരെ നിയമിച്ചാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പും ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ സ്വകാര്യ പ്രാക്ടീസില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെടുമെന്നുള്ളതിനാലാണ് കെജിഎംഒഎ സമരം നടത്തി ആര്‍ദ്രം പദ്ധതിയെ അട്ടിമറിക്കുന്നതെന്നാണ് ആരോപണം.

സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാനകരമായ നവകേരള‍ മിഷന്‍റെ ഭാഗമായ ആര്‍ദ്രം മിഷനിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നത്.ഇത് പ്രകാരം ,സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ,കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന പ്രവര്‍ത്തനം തകൃതിയിലാണ്.

100 കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി രോഗികള്‍ക്കുള്ള ചികില്‍സയും തുടങ്ങി.ഇങ്ങനെയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുെട പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഡോക്ടര്‍മാരുടെ ഡ്യൂട്ടി സംവിധാനത്തിലും ആരോഗ്യവകുപ്പ് മാറ്റം വരുത്തി.ഒപി സമയം രാവിലെ 9മണിമുതല്‍ വൈകുന്നേരം 6മണിവരെയാക്കി.ഇതിലേക്കായി മൂന്നു ഡോക്ടര്‍മാരെയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിച്ചിട്ടുണ്ട്.

എന്നാല്‍ പുതിയ ഒപി സമയ ക്രമീകരണം അധികഭാരമാണെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ലെന്നുമുള്ള വാദഗതിയാണ് ഇപ്പോള്‍ KGMOA യുടെ നേതൃത്തില്‍ ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിരിക്കുന്നത്.ഇതിനുപുറമെ പുതിയ ഡ്യൂട്ടി സംവിധാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിനും ഇവര്‍ തിരിതെളിച്ചിരിക്കുന്നു.പ്രാഥമിക തലത്തില്‍ തന്നെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 1 ഡോക്ടറാണ് എല്ലാദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഒ.പി. നടത്തിയിരുന്നത്. എന്നാല്‍ പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒ.പി. സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയാക്കിയപ്പോള്‍ 3 ഡോക്ടര്‍മാരെ അനുവദിച്ചു. അതോടെ ഡോക്ടര്‍മാരുടെ ജോലിസമയം കുറയുകയാണ്. അതായത് രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം 6 മണിവരെയും നാലര മണിക്കൂര്‍ വീതമാണ് അവരുടെ ഡ്യൂട്ടി സമയം മാറ്റിയത്. ഇത് തന്നെ റോട്ടേഷന്‍ വ്യവസ്ഥയിലാണ് നടപ്പിലാക്കുന്നത്.

ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നു എന്ന വാദമാണ് ഇവിടെ പൊളിയുന്നത്.1957 മുതല്‍ 2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. രോഗീ പരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡുതല പ്രവര്‍ത്തനം, സെമിനാറുകള്‍ എന്നിവയെല്ലാം ഈ ഡോക്ടര്‍ ഒറ്റയ്ക്കാണ് നോക്കിയിരുന്നത്. ആ സ്ഥാനത്ത് ഈ സര്‍ക്കാര്‍ 3 ഡോക്ടര്‍മാരെ നിയമിച്ചതോടെ അവര്‍ക്ക് അത് അനുഗ്രഹമാകുകയാണ് ചെയ്തത്. മാത്രമല്ല 4 സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരേയും നിയമിച്ചിട്ടുണ്ട്. എല്ലാവരുടേയും പ്രവൃത്തിസമയവും ഉത്തരവാദിത്വവും നിര്‍വചിച്ചുകൊണ്ടുള്ള ഗൈഡ്‌ലൈനും ഇറക്കി.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒ.പി. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 3 മണിവരെയാണ്.

കാര്‍ഡിയോളജി പോലെയുള്ള സ്‌പെഷ്യാലിറ്റികള്‍ വൈകുന്നേരം 6 മണിവരെയും പ്രവര്‍ത്തിക്കുന്നു. അതി രാവിലെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയിലാണ് അവിടെനിന്നും ഇറങ്ങുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്.

ഇങ്ങനെ പൊതുജന സേവനത്തിനായി സമയം നോക്കാതെ ജോലി ചെയ്യുന്ന മഹാഭൂരിപക്ഷം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണ് കേവലം നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നത്.എന്നാല്‍ തങ്ങളുടെ 4മണിമുതല്‍ 8മണിവരെ എന്നുള്ള സ്വാകര്യ പ്രാക്ടീസിന് തടസ്സമുണ്ടാകുമെന്നതിനാലാണ് KGMOA ഇല്ലാത്ത കാര്യം ഉയര്‍ത്തികാട്ടി സമരം ചെയ്യുന്നതെന്നും ആര്‍ദ്രം പദ്ധതി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ഒരു വിഭാഗം ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News