ആറു വര്‍ഷങ്ങളായി താമസം പാലത്തിനടിയില്‍; ഇനി ഈ സഹോദരിമാര്‍ക്ക് ആരെയും ഭയപ്പെടാതെ ജീവിക്കാം

വീടില്ലാതെ തെരുവോരത്ത് ക‍ഴിഞ്ഞ നാടോടി കുടുംബത്തിന് കൈത്താങ്ങായി തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ഗ്രാമ പഞ്ചായത്ത്. ആറ് വര്‍ഷമായി പാലത്തിനടിയില്‍ ക‍ഴിഞ്ഞിരുന്ന ഇരുപത്തിരണ്ട് അംഗ കുടുംബത്തിനാണ് വീടൊരുങ്ങുന്നത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഒന്‍പത് കുട്ടികളും, സ്ത്രീകളും അടങ്ങുന്ന കുടുംബത്തെ പുനരധിവസിപ്പിക്കുന്നത്

ഇത് ചേറ്റുവയിലെ പാലത്തിനടിയില്‍ ക‍ഴിഞ്ഞുവന്ന അന്‍പത്തിയഞ്ച് കാരി കമലത്തിന്‍റെ ഇരുപത്തിരണ്ടംഗ കുടുംബം. ഒന്‍പത് കുട്ടികളടക്കം ഇവര്‍ ആറ് വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നത്. ഒരിക്കല്‍ പോലും, വീടില്ലാത്തത് ഒരു പോരായ്മയായി ഇവര്‍ക്ക് തോന്നിയിരുന്നില്ല.

എന്നാല്‍ കുടുംബത്തിലെ കുരുന്ന് പെണ്‍മക്കള്‍ക്ക് നേരെ, കാമവെറിയന്‍മാരുടെ അതിക്രമങ്ങള്‍ ഉണ്ടായതോടെ വീടെന്ന ചിന്ത ഇവര്‍ക്കിടയില്‍ പൊട്ടി മുളച്ചു. തന്‍റെ സഹോദരിമാര്‍ക്ക് ആരെയും ഭയക്കാതെ ജീവിക്കാന്‍, സുരക്ഷിതയിടം നല്‍കാമോ എന്ന രണ്ടാം ക്ലാസുകാന്‍ വിഷ്ണുവിന്‍റെ ചോദ്യമാണ് പഞ്ചായത്ത് അധികൃതരെ ചിന്തിപ്പിച്ചത്. കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കാന്‍ എല്‍ഡിഎഫ് ഭരണസമിതി നയിക്കുന്ന ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് തീരുമാനമെടുത്തു.

തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പ്രത്യേക അനുമതി പ്രകാരം ഇവ തയ്യാറായി ക‍ഴിഞ്ഞു. ജനന തീയതി സംബന്ധിച്ച് ആരോഗ്യ വകുപ്പില്‍ നിന്ന് രേഖകള്‍ ലഭിച്ചാല്‍ ഉടന്‍ വീടിന്‍റെ നിര്‍മാണം ആരംഭിക്കും.

പട്ടികജാതി വകുപ്പിന്‍റെ ശ്രദ്ധയില്‍ പെടുത്തി ഇവര്‍ക്ക് മറ്റ് ആനികൂല്യങ്ങള്‍ ലഭ്യമാക്കാനും പ്രസിഡന്‍റ് ഉദയ് തോട്ടപ്പുള്ളി ശ്രമം ആരംഭിച്ചു. മ‍ഴക്കാലത്ത് പാലത്തിനടിയില്‍ വെള്ളം നിറയുമെന്നതിനാല്‍, മെയ് മാസത്തോടെ ഇവര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കാനാണ് ആലോചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here