ഉന്നാവോ: ബിജെപി എംഎല്‍എയെ സംരക്ഷിക്കാനുളള യോഗി സര്‍ക്കാറിന്റെ വാദങ്ങള്‍ പൊളിഞ്ഞു; എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ

ഉന്നാവോ ബലാല്‍സംഗകേസുമായി ബന്ധപ്പെട്ട് സിബിഐ കസ്റ്റഡിയിലെടുത്ത ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി.

നീണ്ട 15 മണിക്കൂര്‍ ചോദ്യചെയ്യലിനുശേഷമാണ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മെയ് രണ്ടാം തീയ്യതിക്കകം അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

കേസില്‍ കോടതി നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്ന് കോടതി അറിയിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയതോടെ കുല്‍ദീപ് സിംഗ് സെംഗാറിനെ സംരക്ഷിക്കാനുള്ള യോഗി സര്‍ക്കാറിന്റെ വാദങ്ങളെല്ലാം പൊളിയുകയാണ്

രാജ്യത്ത് പ്രതിഷേധം ശക്തമായതോടെ എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ കേസ് പരിഗണിച്ച ഹൈക്കോടതി എന്തുകൊണ്ട് എംഎല്‍എയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ഉടനെ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശവും കോടതി നല്‍കിയിരുന്നു.

തുടര്‍ന്ന സിബിഐ കസ്റ്റഡിയിലുള്ള കുല്‍ദീപിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തുകയായിരുന്നു. ഉന്നാവോ കേസില്‍ അലഹബാദ് ഹൈക്കോടതി വിധി കേള്‍ക്കാന്‍ 100 ഓളം അഭിഭാഷകരാണ് കോടതി മുറിയിലെത്തിയത്. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെ രക്ഷപ്പെടുത്താനുള്ള യോഗി സര്‍ക്കാരിന്റെ പ്രയ്തനങ്ങള്‍ വിഫലമാവുകയാണ്.

ബലാത്സംഗപരാതിയില്‍ ഒരുവര്‍ഷത്തിലേറെയായി നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടി എംഎല്‍എയ്ക്ക് എതിരെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കേസെടുക്കാന്‍ യോഗി സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

കുല്‍ദീപിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഇപ്പോഴും അലയടിക്കുകയാണ്. ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ കൊലപ്പെട്ട കേസും സിബിഐ അന്വേഷിക്കും.അതേസമയം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയുള്ള കേസുകളില്‍ 6മാസം കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ സ്വാതി മല്ലിവാള്‍ ദില്ലിയിലെ രാജ്ഘട്ടില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News