ഡോക്ടര്‍മാരുടെ സമരം രണ്ടാംദിവസത്തിലേക്ക്; ഒപി ബഹിഷ്‌കരണത്തിനൊപ്പം കിടത്തിച്ചികിത്സയില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ഡോക്ടര്‍മാര്‍; സമരത്തെ കര്‍ശനമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാലസമരം രണ്ടാംദിവസത്തിലേക്ക്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒപി ബഹിഷ്‌കരണത്തിനൊപ്പം ആശുപത്രികളില്‍ രോഗികള്‍ക്ക് കിടത്തി ചികില്‍സ നല്‍കുന്നതിന് ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ തയ്യാറാകില്ല.

അതേസമയം ബദല്‍ സംവിധാനമൊരുക്കി സമരത്തെ കര്‍ശനമായി നേരിടാനും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്ത് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കിയ ഒപി ഡ്യൂട്ടി സംവിധാനത്തില്‍ ഡോക്ടര്‍മാരുടെ ജോലി ഭാരം കൂടുതലാണെന്നും ഇവിടങ്ങളില്‍ വേണ്ടത്ര ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ലെന്നും ആരോപിച്ചാണ് കെജിഎംഒഎ യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

പണിമുടക്കിന്റെ ആദ്യദിനം രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.ഒപി ബഹിഷ്‌കരണം അറിയാതെ ചികില്‍സ തേടിയെത്തിയവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു.കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജോലിക്കെത്താത്തതിന് സസ്പന്‍ഷന്‍ നടപടി നേരിടേണ്ടിവന്ന ഡോക്ടറെ തിരിച്ചെടുക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു.സമരത്തിന്റെ രണ്ടാം ദിവസത്തില്‍ ഒപി ബഹിഷ്‌കരണത്തിന് പുറമെ രോഗികളുടെ കിടത്തി ചികില്‍സയ്ക്കും ഡോക്ടര്‍മാര്‍ വിലക്കേര്‍പ്പെടുത്തുകയാണ്.

കൂടാതെ നിലവില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന രോഗികള്‍ക്ക് ചികില്‍സ നല്‍കി ഡിസ്ചാര്‍ജ്ജ് ചെയ്യാനും ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ കെജിഎംഒഎ നടത്തുന്നത് അനാവശ്യ സമരമാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഒരുവിഭാഗം ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആശുപത്രികളില്‍ ബദല്‍ സംവിധാനം ഒരുക്കി സമരത്തെ നേരിടാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.അനധികൃതമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News