സുപ്രീംകോടതി വിധിക്കെതിരെ ചോദ്യങ്ങളുമായി കേരളം; പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ വിധി പുനഃപരിശോധിക്കണം

പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തു.സുപ്രിം കോടതിയുടെ വിധി പട്ടിക ജാതി പട്ടിക വര്‍ഗ്ഗകാര്‍ക്ക് ഇടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്ന് കേരളം. സുപ്രിം കോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും പുനഃ പരിശോധന ഹര്‍ജിയില്‍ കേരളം ആരോപിച്ചിട്ടുണ്ട്.

പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ ആദ്യമായി പുനപരിശോധനാ ഹര്‍ജി നല്‍കുന്ന സംസ്ഥാനമാണ് കേരളം.പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എതിരെയുണ്ടാകുന്ന ബലാത്സംഗം, പീഡനം, കൊലപാതകം, ആസിഡ് ആക്രമണം എന്നീ കേസുകളില്‍ അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടതുണ്ട്.

എന്നാല്‍ സുപ്രിം കോടതി പുറപ്പടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ഇരകളെ ഭീഷണിപെടുത്താനും ശരിയായ അന്വേഷണം തടസ്സപെടുത്താനും സാധ്യതയുണ്ട്.മാര്‍ച്ച് 20 ന് സുപ്രിം കോടതി പുറപ്പടിവിച്ച വിധി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കാര്‍ക്ക് എതിരായ മറ്റ് അതിക്രമ കേസ്സുകളില്‍ പ്രയോഗിച്ചാല്‍ നീതിയുടെ ദുരുപയോഗം ഉണ്ടാകും എന്ന് കേരളം വിശദമാക്കി.

പ്രാഥമിക അന്വേഷണത്തിന്റെ പേരില്‍ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കേരളം പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പട്ടിക ജാതി പട്ടിക വിഭാഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമം ഉണ്ടെങ്കിലും, അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് ദേശിയ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരളം പുനഃപരിശോധന ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ കണക്ക് പ്രകാരം 2016 ല്‍ പട്ടിക ജാതി പട്ടിക വിഭാഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് 47338 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 24.9 ശതമാനം കേസ്സുകളില്‍ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. 89.3 ശതമാനം കേസുകളും ഇപ്പോഴും വിവിധ കോടതികളുടെ പരിഗണനയില്‍ ആണ്.

പട്ടികജാതി പട്ടികവര്‍ഗ നിയമം ദുര്‍ബലപ്പെടുത്തുന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.വിധി രാജ്യത്ത് ഗുരുതര പ്രത്യാഘാതവും വിദ്വേഷവും സ്ൃഷ്ടിച്ചുവെന്നും അധികാര പരിധി കടന്നുള്ളനിയമ നിര്‍മ്മാണമാണ് കോടതി നടത്തിയതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here