ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയവര്‍ക്കുള്ള കൈരളി പീപ്പിള്‍ ടിവിയുടെ ഫീനിക്‌സ് വേദിയില്‍ വനിതാ വിഭാഗത്തില്‍ പുരസ്‌കാരം നേടിയ ടിഫാനി ബ്രാറിനെ ഹൃദയംകൊണ്ട് അഭിനന്ദിക്കുകയായിരുന്നു മലയാളത്തിന്റെ മഹാതാരവും കൈരളി ചെയര്‍മാനുമായ മമ്മൂട്ടി.

ടിഫാനി ബ്രാറിനെ  ആദ്യം കണ്ടപ്പോള്‍ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തോന്നിയെന്ന് പറഞ്ഞുകൊണ്ടാണ് മലയാളത്തിന്റെ മഹാനടന്‍ പറഞ്ഞുതുടങ്ങിയത്. അതിസുന്ദരിക്കുട്ടിയാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ വേദിയിലും സദസ്സിലും നിറഞ്ഞ കയ്യടിയായിരുന്നു. എഴുന്നേറ്റ് നിന്ന് കൈവിശി കാണിച്ച ടിഫാനി രംഗം മനോഹരമാക്കി.

കണ്ണുള്ളവര്‍ക്ക് ചെയ്യാനാകാത്ത എത്രയോ കാര്യങ്ങളാണ് കാഴ്ചയില്ലാതിരുന്നിട്ടും ടിഫാനി ചെയ്യുന്നതെന്ന് മമ്മൂട്ടി ചൂണ്ടികാട്ടി. കാഴ്ചയില്ലാത്തവരെ പഠിപ്പിക്കാനുള്ള ടിഫാനിയുടെ പരിശ്രമങ്ങള്‍ താന്‍ അത്ഭുതത്തോടെയാണ് കണ്ടുനിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമുക്ക് കണ്ണുകളില്‍ കൂടി കാണാനാകാത്ത എത്രയോ കാര്യങ്ങള്‍ ടിഫാനി മനസിലൂടെ കാണുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പുറം കാഴ്ചകള്‍ മാത്രമെ നമുക്ക് കണ്ണുകള്‍ കൊണ്ട് കാണാനാകു, അകകാഴ്ചകള്‍ കാണാന്‍ മനസുകൊണ്ടുതന്നെ നോക്കണം എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ടിഫാനിയെന്നും മലയാളികളുടെ സ്വന്തം മമ്മൂക്ക ചൂണ്ടികാട്ടി.

വീഡിയോ കാണാം