പത്താംദിനം എട്ട് സ്വര്‍ണവുമായി കോമണ്‍വെല്‍ത്തിനെ അമ്പരപ്പിച്ച് ഇന്ത്യന്‍ പടയോട്ടം; ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തില്‍ ഇന്ത്യ; 25 സ്വര്‍ണങ്ങളുമായി മൂന്നാംസ്ഥാനത്ത്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണകുതിപ്പ്. ഗെയിംസിന്‍റെ പത്താംദിനം എട്ട് സ്വര്‍ണം ഉള്‍പ്പടെ 14 മെഡലുകള്‍ വാരിക്കൂട്ടിയ ഇന്ത്യന്‍ പടയോട്ടം തുടരുകയാണ്. മൊത്തം ഇന്ത്യയുടെ സ്വര്‍ണനേട്ടം 25 ആയി.

ബോക്സിംഗില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം ഇരുപത്തിയഞ്ചിലെത്തിയത്. 75 കിലോഗ്രാം വിഭാഗത്തിലാണ് വികാസ് കൃഷ്ണന്‍റെ നേട്ടം. കാമറൂണിന്‍റെ വില്‍ഫ്രഡിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വികാസ് സ്വര്‍ണം നേടിയത്.

2010ലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലും നേടിയിട്ടുള്ള വികാസ് കൃഷ്ണന്‍റെ മികച്ച പ്രകടനമായിരുന്നു ഇന്ന് ഗോള്‍ഡ് കോസ്റ്റ് സാക്ഷ്യം വഹിച്ചത്.

ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണ് ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ കാഴ്ച വച്ചത്. ഇന്ന് രാവിലെ ബോക്സിംഗില്‍ മേരി കോം തുടക്കമിട്ട സ്വര്‍ണവേട്ട മറ്റ് താരങ്ങളും ഏറ്റെടുത്തു.

മേരികോമിന് പിന്നാലെ ഗൗരവ് സോളങ്കിയും ബോക്സിംഗില്‍ സ്വര്‍ണമണിഞ്ഞു. ഷൂട്ടിംഗില്‍ സഞ്ജീവ് രാജ്പൂതും ടേബിള്‍ ടെന്നിസില്‍ മനിക ബത്രയും സ്വര്‍ണം ഇന്ത്യന്‍ അക്കൗണ്ടിലെത്തിച്ചു. ഗുസ്തിയില്‍ സുമിത് മാലിക്കും സ്വര്‍ണം നേടി. ജാവലിന്‍ ത്രോയില്‍ നീരജ ചോപ്രയാണ് ഇന്ന് സ്വര്‍ണമണിഞ്ഞ മറ്റൊരു ഇന്ത്യന്‍ താരം.

ബോക്സിംഗില്‍ അമിത് പന്‍ഘലും മനീഷ് കൗശികും വെള്ളി നേടിയപ്പോള്‍ ഗുസ്തിയില്‍ സാക്ഷി മാലികും സോമവീറും വെങ്കലം നേടി. ബാഡ്മിന്‍റണ്‍ താരങ്ങളായ അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡിയുമാണ് ഇന്ന് വെങ്കലം നേടിയ മറ്റൊരു സംഘം.

ബാഡ്മിന്‍റണിലും ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചിട്ടുണ്ട്. വനിതകളുടെ വിഭാഗത്തിലെ കലാശക്കളി ഇന്ത്യയുടെ സൈന നെഹ്വാളും പിവി സിന്ധുവും തമ്മിലാണ്. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ കിഡംബി ശ്രീകാന്ത് റാക്കറ്റ് വീശുന്നതും ഇന്ത്യക്ക് പ്രതീക്ഷ പകരുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here