ആര്യയുടെ വാക്കുകള്‍ ഏറ്റെടുത്ത് മലയാളക്കര; 13 വയസ്സിനിടെ ഒന്ന് നിവര്‍ന്ന് നില്‍ക്കാനായിട്ടില്ല; ഒരിക്കലും തളരരുതെന്ന് കണ്ണുനിറയാതെ അവള്‍ പറഞ്ഞു; 10 ലക്ഷത്തോളം കാ‍ഴ്ചക്കാരുമായി വീഡിയോ വൈറല്‍

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ മഹത് വ്യക്തികള്‍ക്കുള്ള ആദരമായാണ് കൈരളി പീപ്പിള്‍ ടിവി ക‍ഴിഞ്ഞ ദിവസം ഫീനിക്സ് പുരസ്കാരം വിതരണം ചെയ്തത്. അംഗവൈകല്യമുള്ളവരെ പരിഹസിച്ചിരുന്ന സമൂഹികാവസ്ഥയ്ക്ക് മാറ്റം വരുത്തിയത് കൈരളിയുടെ ഫീനിക്സ് പുരസ്കാരമാണെന്ന് ചെയര്‍മാന്‍ മമ്മൂട്ടി തന്നെ പറഞ്ഞത് കേരളത്തിന്‍റെ ഹൃദയത്തില്‍ തൊട്ടായിരുന്നു.

കുട്ടികളുടെ വിഭാഗത്തില്‍ പുരസ്കാരം നേടിയത് ആര്യാരാജെന്ന അത്ഭുതക്കുട്ടിയായിരുന്നു. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ കൈകളില്‍ നിന്ന് പുരസ്കാരം ഏറ്റവാങ്ങികൊണ്ട് ആര്യ പറഞ്ഞ വാക്കുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

13 വയസിനിടെ പരസഹായമില്ലാതെ ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിഞ്ഞിട്ടില്ലാത്ത കുട്ടിയാണ് ആര്യ. ജനിച്ച് മൂന്നാം നാള്‍ പിടിപെട്ട മഞ്ഞപ്പിത്തം, ചലനശേഷി നഷ്ടപ്പെടുത്തിയ സെറിബ്രള്‍ പാള്‍സി എന്ന രോഗാവസ്ഥയില്‍ നിന്ന്  ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്നാണ് ആര്യ അത്ഭുതം കാട്ടുന്നത്.

പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് ആര്യ പറഞ്ഞ വാക്കുകള്‍ മലയാളക്കര ഹൃദയം കൊണ്ട് ഏറ്റെടുക്കുകയാണ്. ഒരു ദിവസം കൊണ്ട് ഫേസ്ബുക്കില്‍ പത്തുലക്ഷത്തോളം പേരാണ് പീപ്പിള്‍ ടിവിയുടെ ഫേസ്ബുക്ക് പേജിലുള്ള ആര്യയുടെ പ്രസംഗത്തിന്‍റെ വീഡിയോ കണ്ടത്. എന്തുസംഭവിച്ചാലും ഒരിക്കലും മനസ് തളര്‍ന്ന് പോകരുതെന്നായിരുന്നു ആര്യ സ്വന്തം ജീവിതം കൊണ്ട് പറഞ്ഞുതന്നത്.

ആര്യയുടെ വാക്കുകള്‍ കേള്‍ക്കാം


ശാരീരികമായി വെല്ലുവിളികള്‍ അതിജീവിക്കുന്നവര്‍ക്ക് നല്‍കുന്ന ഇത്തരം അവാര്‍ഡുകള്‍ തന്നെപ്പോലുള്ളവര്‍ക്ക് ഏറെ ആശ്രയമാണ്. ജീവിതം മുന്നോട്ട് നയിക്കാന്‍ ഇത്തരം അവാര്‍ഡുകള്‍ സഹായിക്കുന്നുവെന്നും ആര്യ പറഞ്ഞു.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരോട് പറയാനുള്ളത് ഒരേയൊരു കാര്യമാണ്, ഒരിക്കലും അത് മനസ്സിനെ ബാധിക്കരുത്,ആത്മവിശ്വാസം കൈവെടിയുകയുമരുത്. ആര്യയുടെ വാക്കുകളെ നിറകൈയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

വൈകല്യങ്ങളെ മനസ്സുകൊണ്ട് മറികടന്ന് ആര്യ സ്റ്റേജിലേക്ക് കയറിയപ്പോള്‍ ചേര്‍ത്തു പിടിച്ച് വേദിയിലേക്ക് ആനയിച്ചത്, മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ജീവിതത്തിലേ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന് മമ്മൂക്കസാറിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ സാധിച്ചതാണെന്ന് ആര്യയുടെ വാക്കുകള്‍ക്ക് തന്നോട് ചേര്‍ത്തുപിടിച്ച് ആശ്ലേഷിച്ചായിരുന്നു മലയാളത്തിന്റെ പ്രിയ നടന്റെ മറുപടി.

ആര്യയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്

13 വയസ്സുള്ള കുട്ടിക്ക് ഇത്രയും ജീവിതവീക്ഷണമെന്നത് എന്നെ അത്ഭുതപ്പെടുത്തി. മുതിര്‍ന്നവര്‍ക്കുപോലുമില്ലാത്ത ജീവിത വീക്ഷണമുളള കുട്ടിയാണ് ആര്യ. വൈകല്യങ്ങളില്ലാത്ത, എല്ലാ ക‍ഴിവുകളുമുണ്ടായിട്ടും ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടുമാത്രം ജീവിതത്തില്‍ പരാജയപ്പെട്ടുപോയ നിരവധിപേരുണ്ട്.

പക്ഷെ വൈകല്യങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടും ആര്യ വിജയം പിടിച്ചെടുത്തത് അഭിനന്ദനമര്‍ഹിക്കുന്നതാണ്. നമ്മളൊരു കാര്യം ആഗ്രഹിച്ചാല്‍ അത് നേടിത്തരുവാന്‍ ലോകം മു‍ഴുവന്‍ നമുക്കൊപ്പം നില്‍ക്കുമെന്ന പൗലോ കൊയ്ലോയുടെ വാക്കുകള്‍ അന്വര്‍ഥമാണെന്ന് ആര്യ തെളിയിച്ചെന്നും മലയാളത്തിന്‍റെ മഹാനടന്‍ പറഞ്ഞു.

ഇവരെയൊക്കെ ആദരിക്കാന്‍ സാധിച്ചുവെന്നത് കൈരളിയെ സംബന്ധിച്ചടുത്തോളം അഭിമാനമാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

ആര്യയുടെ ജീവിതവും പോരാട്ടവും വിജയവും ഇങ്ങനെ

സെറിബ്രല്‍ പാള്‍സിയെന്ന മാരകരോഗത്തിന് മുന്നില്‍ തരിമ്പും കൂസാതെ മുന്നേറുന്ന കൊച്ചുമിടുക്കി.കുട്ടികളുടെ വിഭാഗത്തിലുള്ള പുരസ്‌കാരമാണ് ആര്യ സ്വന്തമാക്കിയത്. എല്ലാം തികഞ്ഞവരോട് ഏറ്റുമുട്ടാനായിരുന്നു ആര്യയ്ക്ക് എന്നും താത്പര്യം.

യുണിസെഫിന്റെ ചൈല്‍ഡ് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുള്ള മിടുക്കി ഏവരുടെയും പ്രീയങ്കരികൂടിയാണ്. ക്വിസ് കോമ്പറ്റീഷനുകളില്‍ ഏവരെയും അത്ഭുതപ്പെടുത്തിയാണ് ആര്യ മികവിന്റെ പടവുകള്‍ ചവിട്ടികയറിയത്.

രണ്ടാം ക്ലാസ് മുതല്‍ ക്വിസിലും മറ്റു മത്സരങ്ങളിലും സ്‌കൂളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എല്ലാം തികഞ്ഞവരോട് ഏറ്റുമുട്ടിയായിരുന്നു അവള്‍ എന്നും വിജയിച്ചിട്ടുള്ളത്.

വെസ്റ്റ്ഹില്‍ ചുങ്കം യു.പി. സ്‌കൂളിന് ആദ്യമായി ക്വിസ്സിലെ നെഹ്രു ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊടുത്താണ് ആര്യ ജിവീതവിജയത്തിന്റെ കാഹളം മുഴക്കിയത്.

ശാസ്ത്രജ്ഞയാവുക എന്ന സ്വപ്‌നം ഹൃദയത്തിലേറ്റിയാണ് അവള്‍ എന്നും നടക്കുന്നത്. സ്റ്റീഫന്‍ ഹോക്കിന്‍സിന്റെയും എ.പി.ജെ. അബ്ദുള്‍ കലാമിന്റെയും പാത പിന്‍തുടരുകയെന്ന ദൃഢനിശ്ചയത്തിലാണ് ആര്യ.

പഠനമേഖലയില്‍ മാത്രമല്ല ചിത്ര രചനയിലും കവിത എഴുത്തിലും കവിതാപാരായണത്തിലും ഈ കൊച്ചുമിടുക്കി കഴിവ് തെളിയിച്ചിട്ടുണ്ട്. ദില്ലി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പട്ടപ്പോള്‍ ആ അനുഭവങ്ങള്‍ യാത്രാവിവരണമാക്കിയും ശ്രദ്ധനേടിയിട്ടുണ്ട്.

തന്റെ പ്രയാസങ്ങളെ ആര്‍ജവംകൊണ്ടും മനക്കരുത്ത് കൊണ്ടുമാണ് ആര്യ അതിജീവിക്കുന്നത്. ജനിച്ചതിന്റെ മൂന്നാം നാള്‍ ബാധിച്ച മഞ്ഞപ്പിത്തം ആര്യയുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ദുരന്തമായിരുന്നു. ചലനശേഷി നഷ്ടപ്പെടുന്ന സെറിബ്രല്‍ പാള്‍സിയെന്ന മാരകരോഗമായിരുന്നു ആര്യയെ തേടിയെത്തിയത്.

മൂന്നുമാസം പിന്നിട്ടിട്ടും കമിഴ്ന്ന് വീഴാനാകുന്നില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് വൈദ്യശാസ്ത്രത്തില്‍ അഭയം തേടിയത്. പന്ത്രണ്ട് വയസ്സുവരെ നടക്കാനാകില്ലായിരുന്നു.

തോല്‍ക്കാന്‍ മനസ്സില്ലാതിരുന്ന ആര്യയുടെ പരിശ്രമങ്ങള്‍ക്ക് മുന്നില്‍ വിധി തോറ്റ് പിന്‍മാറി. കൈപിടിച്ചു നടക്കാന്‍ തുടങ്ങിയ ആര്യ ഇന്ന് ഒറ്റയ്ക്ക് നടക്കാനുള്ള സ്വപ്‌നങ്ങളാണ് പങ്കുവയ്ക്കുന്നത്. ഡിസൈനറായ രാജീവാണ് ആര്യയുടെ അച്ഛന്‍. പുഷ്പജ അമ്മ.

ഇവര്‍ പകര്‍ന്നു നല്‍കുന്ന കരുത്തും മറ്റുള്ളവരുടെ പ്രോത്സാഹനവും കൂടിയാകുന്നതോടെ ആര്യയുടെ സ്വപ്‌നങ്ങളെല്ലാം പൂവണിയുമെന്നുറപ്പാണ്.

ആര്യയുടെ ജീവിതം വരച്ചുകാട്ടുന്ന വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News