ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു; സമരം അടിയന്തിരമായി സമരം അവസാനിപ്പിക്കണം; കോടിയേരി

ജനങ്ങളെ വെല്ലുവിളിച്ച്‌ ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ പേരിലാണ്‌ ഇപ്പോള്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്‌. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഓരോഘട്ടത്തിലും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും ഡോക്ടര്‍മാര്‍ക്ക്‌ ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്‌തിരുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികള്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ യഥാസമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്‌.

ജനങ്ങള്‍ക്കാകെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതിയുമായി ഡോക്ടര്‍മാര്‍ സഹകരിക്കുകയാണ്‌ വേണ്ടിയിരുന്നത്‌. അതിന്‌ പകരം പൊതുസമൂഹത്തെയാകെ വെല്ലുവിളിച്ച്‌ സമരം ചെയ്യുന്നതിന്‌ ഒരു നീതീകരണവുമില്ല. എല്ലാ ഘട്ടത്തിലും സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ്‌ ഡോക്ടര്‍മാര്‍. അവശ്യസര്‍വീസായ ആരോഗ്യ മേഖല പ്രവര്‍ത്തിപ്പിക്കേണ്ടത്‌ ഡോക്ടര്‍മാരുടെ കടമയും ഉത്തരവാദിത്തവുമാണ്‌. അതിന്‌ പകരം കേവലം സാമ്പത്തികലാഭം മാത്രം നോക്കുന്ന സമീപനം ശരിയല്ല. ‐ അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റ്‌ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്‌. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്‌ടർ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്‌ മൂന്ന്‌ ഡോക്ടര്‍മാരെ നിയമിച്ചു. നേരത്തെ അഞ്ച്‌ മണിക്കൂറായിരുന്നു ഡ്യൂട്ടി സമയമെങ്കില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം നാല്‌ മണിക്കൂറായി കുറഞ്ഞിരിക്കുകയാണ്‌. റൊട്ടേഷന്‍ വ്യവസ്ഥയില്‍ മാത്രമാണ്‌ ഡോക്ടര്‍മാര്‍ക്ക്‌ വൈകുന്നേരം വരെ ഡ്യൂട്ടി ചെയ്യേണ്ടത്‌. ഇത്‌ മറച്ചുവച്ച്‌ ജോലിഭാരം കൂടിയെന്ന പ്രചാരണം നടത്തിക്കൊണ്ടുള്ള ഒരു വിഭാഗം ഡോക്ടര്‍മാരുടെ സമരം അടിയന്തരമായി അവസാനിപ്പിക്കണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News